'ആഗോള ജിഹാദിന്റെ അടുത്ത ലക്ഷ്യം കാശ്മീര്‍': സുപ്രധാന പ്രഖ്യാപനവുമായി അല്‍ ഖ്വയ്ദ; ചൈനയോടു മൃദുനയം

 'ആഗോള ജിഹാദിന്റെ അടുത്ത ലക്ഷ്യം കാശ്മീര്‍': സുപ്രധാന പ്രഖ്യാപനവുമായി അല്‍ ഖ്വയ്ദ; ചൈനയോടു മൃദുനയം


ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ 'വിമോചിത'മായതില്‍ ആഹ്ളാദം പ്രകടിപ്പിച്ചും ആഗോള ജിഹാദിന്റെ അടുത്ത ലക്ഷ്യമായി കാശ്മീരിനെ പ്രഖ്യാപിച്ചും അല്‍ ഖ്വയ്ദ. അമേരിക്കന്‍ അധിനിവേശത്തില്‍ നിന്ന് അഫ്ഗാനെ മോചിപ്പിച്ചതിന് താലിബാനെ അഭിനന്ദിച്ച് 'അഫ്ഗാനിസ്ഥാനില്‍ അല്ലാഹു നല്‍കിയ വിജയത്തിന് അഭിനന്ദനങ്ങള്‍ ' എന്ന തലക്കെട്ടോടെ അല്‍ ഖ്വയ്ദ ഭീകര പ്രസ്ഥാനത്തിന്റെ മാധ്യമമായ അസ്-സഹബില്‍ ലേഖനം പ്രസിദ്ധീകരിച്ചു. ജിഹാദ് നടത്തി മുസ്ലിം ഭരണ പ്രദേശങ്ങള്‍ കീഴടക്കണമെന്ന് ലേഖനത്തിലൂടെ അല്‍ഖ്വയ്ദ അഹ്വാനം ചെയ്യുന്നു.

കാശ്മീരിനും യമനും പുറമെ ഇറാഖ്, സിറിയ, ജോര്‍ദാന്‍, ലെബനന്‍ എന്നിവ ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ മേഖലയായ ലെവന്റ് പ്രദേശവും ലിബിയ, മൊറോക്കോ, അള്‍ജീരിയ, മൗറിറ്റാനിയ, ടുണീഷ്യ, സൊമാലിയ എന്നിവ ഉള്‍പ്പെടുന്ന വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്ലാമിക് മഗ്രിബും ആണ് ആഗോള ജിഹാദി പട്ടികയിലുള്ളത്. അതേസമയം, മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ആരോപിക്കപ്പെടുന്ന ചൈനയിലെ സിന്‍ജിയാങ്ങിനെയും റഷ്യന്‍ അധിനിവേശമുള്ള ചെച്നിയയെയും ഒഴിവാക്കിയതിലെ രാഷ്ട്രീയം അന്താരാഷ്ട്ര നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തിരിച്ചു വന്നതിന് ശേഷം ചൈനയും റഷ്യയും എടുത്ത അനുകൂല നിലപാടു മൂലമാണ് അല്‍-ഖ്വയ്ദ സിന്‍ജിയാങ്ങിനെയും , ചെച്നിയയെയും ഒഴിവാക്കിയതെന്നാണ് സൂചന.

കാശ്മീരിനെ മോചിപ്പിക്കുകയും അവിടെ ഇസ്ലാമിക ഭരണം സ്ഥാപിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ അന്‍സാര്‍ ഗസ്വാത്തുല്‍ ഹിന്ദ് എന്ന പുതിയ സംഘടന അല്‍ ഖ്വയ്ദ രൂപീകരിച്ചിരുന്നു. താലിബാന്‍ അഫ്ഗാന്‍ കീഴടക്കിയതോടെ ജമ്മു കാശ്മീരില്‍ ഇസ്ലാമിക ഭരണം എന്ന സ്വപ്നം കണ്ടുതുടങ്ങിയെന്ന് അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍-സവാഹിരി പ്രസ്താവനയും ഇറക്കി. അല്‍-ഖ്വയ്ദയ്ക്കു പുറമേ ഹിസ്ബുള്‍ മുജാഹിദ്ദീനും കാശ്മീര്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

അഫ്ഗാനിലെ ചരിത്ര വിജയത്തോടെ, പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച യുദ്ധത്തില്‍ നിന്ന് മുസ്ലീം പ്രദേശങ്ങളെ മോചിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്ലീം തടവുകാര്‍ക്ക് അല്ലാഹു സ്വാതന്ത്ര്യം നല്‍കട്ടെ. അമേരിക്കയിലെ രാജാവിനെ ലജ്ജിപ്പിക്കുകയും പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അമേരിക്കയുടെ നട്ടെല്ല് തകര്‍ത്ത് അതിന്റെ ആഗോള പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക മണ്ണില്‍ നിന്ന് അമേരിക്കയെ പുറത്താക്കുകയും ചെയ്ത സര്‍വ്വശക്തനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു - ലേഖനത്തില്‍ അല്‍ ഖ്വയ്ദയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെയൊക്കെയാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.