അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സുരക്ഷാ പാളിച്ച വരാം; ഉപകരണങ്ങള്‍ പഴകിയെന്ന് റഷ്യന്‍ വിദഗ്ധന്‍

 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു സുരക്ഷാ പാളിച്ച വരാം; ഉപകരണങ്ങള്‍ പഴകിയെന്ന് റഷ്യന്‍ വിദഗ്ധന്‍

മോസ്‌കോ: ഉപകരണങ്ങളും ഹാര്‍ഡ് വെയറുകളും കാലഹരണപ്പെട്ടതു മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) 'പരിഹരിക്കാനാകാത്ത' പരാജയങ്ങള്‍ വരാനുള്ള സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി റഷ്യന്‍ വിദഗ്ധന്റെ മുന്നറിയിപ്പ്. ഐഎസ്എസിന്റെ റഷ്യന്‍ വിഭാഗത്തിനുള്ളിലെ 80 ശതമാനം സംവിധാനങ്ങളും പരിധി വിട്ട് പഴകിക്കഴിഞ്ഞതായാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ റഷ്യന്‍ വിഭാഗത്തിലെ മുന്‍നിര ഡെവലപ്പര്‍ ആയിരുന്ന എനര്‍ജിയ ബഹിരാകാശ കമ്പനിയിലെ ചീഫ് എഞ്ചിനീയര്‍ സോളോവ്യോവ് വ്ളാഡിമിര്‍ സോളോവിയോവ് ആണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.'ഉപകരണങ്ങളും ഹാര്‍ഡ്വെയറുകളും ഉള്‍പ്പെടുന്ന ഇത്തരം സംവിധാനങ്ങള്‍ ക്ഷീണിതമായാല്‍ പരിഹരിക്കാനാവാത്ത പരാജയങ്ങള്‍ ഉണ്ടാകാം.' സ്റ്റേഷനിലെ മിക്ക ഉപകരണങ്ങളും പ്രായമാകാന്‍ തുടങ്ങുകയാണെന്നും ഉടന്‍ തന്നെ അവ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാലക്രമേണ കൂടുതല്‍ വഷളാകുന്ന ചെറിയ വിള്ളലുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും സോളോവിയോവ് പറഞ്ഞു.

റഷ്യ, അമേരിക്ക, കാനഡ, ജപ്പാന്‍, നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി 1998 ല്‍ നിര്‍മ്മിച്ച ഈ സ്റ്റേഷന്‍ യഥാര്‍ത്ഥത്തില്‍ 15 വര്‍ഷത്തെ ആയുസ്സിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഹാര്‍ഡ്വെയറിനെക്കുറിച്ച് റഷ്യ പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിരുന്നു.2025 ന് ശേഷം ഐഎസ്എസ് ഉപേക്ഷിക്കാമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

1998 ല്‍ റഷ്യ വിക്ഷേപിച്ച സാരിയ കാര്‍ഗോ മൊഡ്യൂളിന്റെ ഉപരിതലത്തിലും വിള്ളലുകള്‍ കണ്ടെത്തിയതായി മുന്‍ ബഹിരാകാശയാത്രികന്‍ കൂടിയായ വ്ളാഡിമിര്‍ സോളോവിയോവ് അറിയിച്ചു.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഏറ്റവും പഴയ മൊഡ്യൂളുകളില്‍ ഒന്നായ ഇത് ഇപ്പോള്‍ പ്രധാനമായും സംഭരണത്തിനായാണ് ഉപയോഗിക്കുന്നത്.

ബഹിരാകാശ നിലയത്തിന് പഴക്കം മൂലം വരാവുന്ന ദുരന്ത സാധ്യത സ്റ്റേറ്റ് ടിവിയോട് ഏപ്രിലില്‍ സംസാരിക്കവേ റഷ്യന്‍ ഉപപ്രധാനമന്ത്രി യൂറി ബോറിസോവും ചൂണ്ടിക്കാട്ടിയിരുന്നു.ഘടനാപരമായ ക്ഷീണമുള്ളതിനാല്‍ 2030 -ന് ശേഷം നിലയത്തിനു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് കഴിഞ്ഞ വര്‍ഷം പറഞ്ഞത്

റഷ്യയുടെ ബഹിരാകാശ പദ്ധതിയില്‍ സമീപ വര്‍ഷങ്ങളിലെ ബജറ്റ് വെട്ടിക്കുറവ് പുതിയ പരാതികള്‍ക്കിടയാക്കിയിരുന്നു. അഴിമതി ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഐഎസ്എസിലെ റഷ്യന്‍ വിഭാഗവും ഇക്കാരണങ്ങളാല്‍ നിരവധി പ്രശ്‌നങ്ങളാണ് അഭിമുഖീകരിക്കുന്നത്.ഇതിനിടയിലും, രാജ്യത്തെ ബഹിരാകാശ ഏജന്‍സി ശുക്രനിലേക്കുള്ള ദൗത്യം, ബഹിരാകാശത്തേക്ക് റൗണ്ട് ട്രിപ്പുകള്‍ നടത്താന്‍ കഴിവുള്ള ഒരു റോക്കറ്റ് സൃഷ്ടിക്കല്‍, അടുത്ത വര്‍ഷം ചന്ദ്രന്റെ ഉപരിതലത്തിലേക്കുള്ള യാത്ര എന്നിവയുള്‍പ്പെടെയുള്ള സംരംഭങ്ങള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ഈയിടെ ലോകത്തെ ആശങ്കയിലാക്കിയ സംഭവമായിരുന്നു, രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക്കിങ് നടത്തുന്നതിനിടയില്‍ റഷ്യയുടെ നൗക മൊഡ്യൂളിന്റെ ത്രസ്റ്ററുകള്‍ താല്‍ക്കാലികമായി ജ്വലിച്ചതും ഇതേത്തുടര്‍ന്ന് നിലതെറ്റിയ ബഹിരാകാശനിലയത്തിന്റെ നിയന്ത്രണം താല്‍ക്കാലികമായി നഷ്ടപ്പെട്ടതും. അത്യാഹിതങ്ങളൊന്നുമില്ലാതെ സംഭവം അവസാനിച്ചെങ്കിലും റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിനു നേരെ വലിയ വിമര്‍ശനം ഉയര്‍ന്നു. സബ് ഓര്‍ബിറ്റല്‍ യാത്രാ രീതിയിലൂടെ വെര്‍ജിന്‍ ഗലാക്റ്റിക് മേധാവി റിച്ചഡ് ബ്രാന്‍സനും ബ്ലൂ ഒറിജിന്‍ മേധാവി ജെഫ് ബെസോസും ബഹിരാകാശത്തിന്റെ പടിവാതില്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്ന ഈ കാലഘട്ടത്തിലാണ് ഇങ്ങനെയൊരു സംഭവം നടന്നതെന്നുള്ളത് ആശങ്കയുടെ തോത് കൂട്ടി.


ലോകത്തെ ഞെട്ടിച്ച ഒട്ടേറെ അപകടങ്ങള്‍ ബഹിരാകാശമേഖലയിലുണ്ടായിട്ടുണ്ട്. ഇതില്‍ പലതിനും കാരണമായത് നിസ്സാരമായ പിഴവുകളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും ഞെട്ടിക്കുന്നതാണ് 1986 ലെ ചലഞ്ചര്‍ ദുരന്തം. ഉപഗ്രഹവിന്യാസം, ഹാലി വാല്‍നക്ഷത്രത്തെക്കുറിച്ചുള്ള പഠനം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണു നാസ ഈ ദൗത്യം അയച്ചത്. ഒരു സിവിലിയന്‍ വനിത ഉള്‍പ്പെടെ ഏഴു പേരായിരുന്നു യാത്രികര്‍. യുഎസില്‍ അധ്യാപികയായിരുന്ന ക്രിസ്റ്റ മക്കോലിഫ് ആയിരുന്നു ആ സാധാരണക്കാരി. ബഹിരാകാശരംഗത്തെ കൂടുതല്‍ ജനകീയമാക്കാനുള്ള നാസയുടെ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു അവരുടെ യാത്ര.

വിക്ഷേപണത്തറയില്‍നിന്നു കുതിച്ചുയര്‍ന്ന് 50,000 അടി പൊങ്ങിയപ്പോഴേക്കും ചലഞ്ചര്‍ ബഹിരാകാശപേടകം തകര്‍ന്നു. ക്രിസ്റ്റ ഉള്‍പ്പെടെ ഏഴു യാത്രികരും മരച്ചു. പേടകത്തിനുള്ളില്‍ ഉപയോഗിച്ച, റബറില്‍ നിര്‍മിച്ച ചില സംവിധാനങ്ങള്‍ക്ക് താഴ്ന്ന താപനിലയിലെത്തിയപ്പോള്‍ കേടുപറ്റിയതാണ് ദുരന്തത്തിനു കാരണമായത്. നാസയ്ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നെന്നും ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരുകയായിരുന്നുമെന്നുമുള്ള വെളിപ്പെടുത്തലുകള്‍ പിന്നീട് വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചു.

ചലഞ്ചറിനും 16 വര്‍ഷം മുന്‍പാണ്, ബഹിരാകാശമേഖലയിലെ ഏറ്റവും ഭീകര സംഭവമായ സോയൂസ് 11 ദുരന്തം നടന്നത്. അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം ബഹിരാകാശ രംഗത്ത് അതിരുവിട്ട കാലമായിരുന്നു അത്. മേല്‍ക്കൈ നേടാനായി സോവിയറ്റ് യൂണിയന്‍ ലോകത്തിലെ ആദ്യ ബഹിരാകാശ സ്റ്റേഷനായ സല്യുട്1 വിക്ഷേപിച്ചു. ഇതിലേക്കു പുറപ്പെട്ട ആദ്യ യാത്രാസംഘത്തെ വഹിച്ച ദൗത്യമാണ് സോയൂസ് 11. ലോകത്താദ്യമായി ബഹിരാകാശത്തു താമസിക്കുന്നവരെന്ന നിലയില്‍ സോയൂസ് 11 യാത്രികര്‍ക്ക് ലോകമെങ്ങും വലിയ പ്രശസ്തി ലഭിച്ചു. സോവിയറ്റ് യൂണിയനില്‍ ഇവര്‍ക്ക് വലിയ ഹീറോ പരിവേഷമായിരുന്നു.

ബഹിരാകാശമേഖലയിലെ നിര്‍ണായക രംഗങ്ങള്‍ക്കൊന്നിന് തുടക്കം കുറിച്ച ശേഷം ഈ യാത്രികര്‍ ജൂണ്‍ 30നു ഭൂമിയിലേക്കു തിരിച്ചു. വളരെ സുഗമമായി കസഖ്സ്ഥാനിലെ കാറാഗാന്‍ഡയില്‍ യാത്രികരെ വഹിച്ച പേടകം വന്നിറങ്ങി. വീരോചിതമായി അവരെ സ്വീകരിക്കാനെത്തി പേടകം തുറന്ന സോവിയറ്റ് അധികൃതര്‍ പക്ഷേ ഞെട്ടി വിറങ്ങലിച്ചുപോയി. അതിനുള്ളില്‍ മൂന്ന് മൃതശരീരങ്ങളായിരുന്നു അവര്‍ക്ക് കാണാന്‍ സാധിച്ചത്.സോയൂസ് 11 ഭൗമാന്തരീക്ഷത്തിലേക്കു തിരിച്ചിറങ്ങിയപ്പോള്‍ അതിന്റെ വായുബഹിര്‍ഗമന സംവിധാനത്തിനു തകരാര്‍ പറ്റിയതാണു ദുരന്തത്തിലേക്കു നയിച്ചത്.

യാത്രക്കാര്‍ ആ സമയത്തു സ്‌പേസ് സ്യൂട്ട് ധരിച്ചിരുന്നില്ല. ധരിച്ചിരുന്നെങ്കില്‍ ദുരന്തം സംഭവിക്കുമായിരുന്നില്ല. തങ്ങള്‍ക്കു വലിയ യശസ് നല്‍കുമെന്നു സോവിയറ്റ് യൂണിയന്‍ പ്രതീക്ഷിച്ച, സോയൂസ് എന്ന വിജയദൗത്യം ആന്റി ക്ലൈമാക്‌സില്‍ അവസാനിച്ചു. ഇതിനു മുന്‍പുള്ള സോയൂസ് 1 ദൗത്യവും മരണത്തിലായിരുന്നു കലാശിച്ചത്. 1967 ഏപ്രില്‍ 24നു ഭൂമിയിലേക്കു തിരിച്ചിറങ്ങിയ സോയൂസ് 1 പാരഷൂട്ടിലെ പ്രശ്‌നം കാരണം ഇടിച്ചിറങ്ങുകയും വ്‌ലാദിമര്‍ കോമറോവ് എന്ന യാത്രികന്‍ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് പ്രധാനപ്പെട്ട ബഹിരാകാശ ഓപ്പറേഷനുകളിലെല്ലാം സ്‌പേസ് സ്യൂട്ട് നിര്‍ബന്ധമാക്കാനും വിവിധ പ്രോട്ടോക്കോളുകള്‍ നടപ്പില്‍ വരുത്താനും സംഭവം ഇടയാക്കി.

ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ദുരന്തമായിരുന്നു ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വംശജ കല്‍പന ചൗള ഉള്‍പ്പെട്ട കൊളംബിയ ദൗത്യം. വിക്ഷേപണം മുതല്‍ ബഹിരാകാശത്ത് പ്രവേശിക്കുന്നതു വരെ സുഗമമായി പോയ ദൗത്യം കേപ്പ് കാനവറലിലെ തിരിച്ചിറക്കത്തില്‍ പൊട്ടിച്ചിതറുകയും കല്‍പനയുള്‍പ്പെടെ ഉള്ളിലുണ്ടായിരുന്ന എല്ലാ യാത്രികരും കൊല്ലപ്പെടുകയും ചെയ്തു. പേടകത്തില്‍ ഉപയോഗിച്ചിരുന്ന ഇന്‍സുലേഷന്‍ സംവിധാനത്തിലെ ഒരു ഭാഗം ദൗത്യത്തിന്റെ ഇന്ധന ടാങ്കിലേക്കു തറഞ്ഞു കയറിയതാണു വലിയ ദുരന്തത്തിനു വഴിവച്ചത്. ചലഞ്ചറിലേതു പോലെ ഇതിലും നാസയുടെ കൃത്യവിലോപം ചര്‍ച്ചയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.