ഡല്‍ഹിയില്‍ ഭൂമാഫിയയെ തുരത്താന്‍ 'ഇഡ്ലി' ആപ്പുമായി മലയാളി ഉദ്യോഗസ്ഥന്‍

ഡല്‍ഹിയില്‍ ഭൂമാഫിയയെ തുരത്താന്‍ 'ഇഡ്ലി' ആപ്പുമായി മലയാളി ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയില്‍ (ഡി.ഡി.എ.) മലയാളി ഉദ്യോഗസ്ഥന്‍ വരുത്തിയ ഭരണപരിഷ്‌കാരം ശ്രദ്ധേ നേടുന്നു. ഭൂമിയിടപാടുകള്‍ സുതാര്യമാക്കാനായി ഡി.ഡി.എ ഭൂവിഭാഗം കമ്മിഷണര്‍ സുബു റഹ്മാന്‍ ആവിഷ്‌കരിച്ച 'ഇന്ററാക്ടീവ് ഡിസ്പോസല്‍ ഓഫ് ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍' (ഇഡ്ലി) സംവിധാനം ഫയലുകള്‍ ചുവപ്പുനാടയില്‍ കുരുങ്ങുന്ന അവസ്ഥയ്ക്കു മാറ്റം വരുത്തിയിരിക്കുകയാണ്. ഭൂമിയുടെ ഇ-ലേലമടക്കം നടപ്പാക്കി ഡി.ഡി.എയ്ക്ക് കോടികളുടെ വരുമാനവും ലഭിച്ചു.

പുതിയ സംവിധാനം വന്നതോടെ ഭൂമാഫിയയുടെ ഇടപെടലും മാറിയെന്നാണ് റിപ്പോര്‍ട്ട്. 2016ലാണ് വര്‍ക്കല സ്വദേശി സുബു ഡി.ഡി.എയില്‍ ഭൂവിനിയോഗ വിഭാഗം കമ്മിഷണറായി ചുമതലേറ്റത്. ഇടപാടുകള്‍ മുഴുവന്‍ ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ഭൂമാഫിയ നിയന്ത്രിക്കുന്ന സ്ഥിതിയായിരുന്നു ഡല്‍ഹിയില്‍. ഭൂമി വില്‍ക്കാനും വാങ്ങാനുമൊക്കെ വരുന്നവര്‍ക്ക് ഇടനിലക്കാരില്ലെങ്കില്‍ കാര്യങ്ങള്‍ നടക്കില്ല. ഇതിന് അന്ത്യംകുറിക്കാനുള്ള വഴിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഉരുത്തിരിഞ്ഞ ആശയമാണ് 'ഇഡ്ലി'. ബെംഗളൂരു ഐ.ഐ.എമ്മില്‍ പഠിച്ചിറങ്ങിയ സുബു സ്വന്തമായി ഒരു സോഫ്റ്റ്‌വേയറിനു രൂപം നല്‍കുകയായിരുന്നു.

ആദ്യഘട്ടമായി ഡി.ഡി.എയിലെ ഭൂവിനിയോഗ ഫയലുകള്‍ മുഴുവന്‍ കംപ്യൂട്ടര്‍ വല്‍ക്കരിച്ചു. ഒരാള്‍ അപേക്ഷ നല്‍കിയാല്‍ ഫയല്‍ നീക്കം അതു കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം കംപ്യൂട്ടര്‍ വഴി നിരീക്ഷിക്കാനും നടപടികള്‍ തത്സമയം പൂര്‍ത്തിയാക്കാനും കഴിയുന്ന തരത്തിലാക്കി. ഫയലുകളില്‍ തീരുമാനമെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു 90 ദിവസത്തെ സമയക്രമം നിശ്ചയിച്ചു. പണമടച്ച വിവരങ്ങളും ഫയലിന്റെ അംഗീകാരവും എത്രത്തോളം നടപ്പാക്കിയെന്നുമൊക്കെ അറിയാം. ഫയല്‍ നീക്കത്തെക്കുറിച്ച് അപേക്ഷകര്‍ക്കും വിവരങ്ങള്‍ ലഭ്യമാക്കും. അപേക്ഷകര്‍ക്കും ഫയല്‍ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കും ഒ.ടി.പി വഴി മാത്രമേ ആപ്പിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ.

ഇഡ്ലി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വര്‍ഷമാണ്. ഡി.ഡി.എ ഭൂമി ഇ-ലേലം നടത്തുകയെന്ന വെല്ലുവിളിയും സുബു ഏറ്റെടുത്തു. ചുമതലയേല്‍ക്കുമ്പോള്‍ ഡി.ഡി.എയുടെ ആസ്തി 5000 കോടിയായിരുന്നത് കോവിഡ് പ്രതിസന്ധിക്കിടയിലും ഇപ്പോള്‍ 9000-ത്തിലേറെ കോടിയായി. അപേക്ഷകരുടെ പരാതി കണ്ടും കേട്ടും മടുത്തു. അങ്ങനെയാണ് ഇത്തരത്തിലൊരു ആപ്പ് തുടങ്ങിയതെന്ന് സുബുറഹ്മാന്‍ പറഞ്ഞു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടറാണ് സുബു റഹ്മാന്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.