പെര്‍ത്ത്: കടലില്‍ വീശിയടിക്കുന്ന കാറ്റില്‍ ചുറ്റിത്തിരിയുന്ന കാറ്റാടി യന്ത്രങ്ങള്‍ ഓസ്‌ട്രേലിയയുടെ ഭാവി നിര്‍ണയിക്കുമോ? ഓസ്ട്രേലിയയില്‍ ഊര്‍ജോല്‍പാദന മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്ന് സമുദ്ര ജലത്തില്‍ കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍. പരിസ്ഥിതിക്ക് യോജിച്ച ഊര്‍ജോല്‍പാദനം ലക്ഷ്യമിട്ടാണ് ഈ നീക്കം.
കരയിലുള്ളതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കടലിലെ കാറ്റാടികള്‍ക്കു കഴിയും. സ്റ്റാര്‍ ഓഫ് ദി സൗത്ത് എന്നാണ് വിക്ടോറിയയിലെ നിര്‍ദ്ദിഷ്ട പദ്ധതിയുടെ പേര്.
2.2 ജിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള, രാജ്യത്തെ ആദ്യ ഓഫ്ഷോര്‍ കാറ്റാടിപ്പാടം വിക്ടോറിയയില്‍ നിര്‍മിക്കാനാണ് തീരുമാനം. ജിപ്‌സ് ലാന്‍ഡ് തീരത്ത് 496 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ തീരദേശ സമുദ്ര ജലത്തിലാണ് വിന്‍ഡ് ടര്‍ബൈനുകള്‍ വിന്യസിക്കുക. സംസ്ഥാനത്തിന്റെ ഊര്‍ജോപയോഗത്തിന്റെ 20 ശതമാനത്തോളം നല്‍കാന്‍ (1.2 ദശലക്ഷം വീടുകള്‍ക്ക് വൈദ്യുതി) പുതിയ പദ്ധതിയിലൂടെ സാധിക്കും.
പുനരുപയോഗ ഊര്‍ജത്തിന്റെ പുതിയൊരു സ്രോതസ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓഫ്ഷോര്‍ കാറ്റില്‍ നിന്നുള്ള ഊര്‍ജം വികസിപ്പിക്കുന്ന രീതിയില്‍ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഇതിനായുള്ള നിയമനിര്‍മ്മാണത്തിനായി ഓസ്ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഓഫ്ഷോര്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ അവതരിപ്പിച്ചു. ഓസ്ട്രേലിയയുടെ സമുദ്രജലത്തില്‍നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ചട്ടക്കൂട് സൃഷ്ടിക്കുകയാണ് നിയമനിര്‍മാണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഓസ്ട്രേലിയയിലെ ഓഫ്ഷോര്‍ വൈദ്യുതി ഉല്‍പാദന പദ്ധതി സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെലവു കുറഞ്ഞ വൈദ്യുതി വിതരണം സാധ്യമാക്കുകയും ചെയ്യുമെന്ന് മന്ത്രി ആംഗസ് ടെയ്ലര്‍ പറഞ്ഞു.
സ്ഥിരവും ശക്തവുമായ കാറ്റും ലാട്രോബ് വാലിയിലെ കല്‍ക്കരി വൈദ്യുതി നിലയങ്ങളുടെ സാമീപ്യവുമാണ് ജിപ്‌സ് ലാന്‍ഡിനെ സ്റ്റാര്‍ ഓഫ് സൗത്ത് പദ്ധതിക്കായി തിരഞ്ഞെടുക്കാന്‍ കാരണം. പദ്ധതിക്കായി പത്തിലധികം സ്ഥലങ്ങള്‍ ആദ്യം പരിഗണിച്ചിരുന്നതായി സ്റ്റാര്‍ ഓഫ് ദി സൗത്ത് ചീഫ് ഡെവലപ്മെന്റ് ഓഫീസര്‍ എറിന്‍ കോള്‍ഡാം പറഞ്ഞു.
പദ്ധതിയുടെ പാരിസ്ഥിതികമായ വിലയിരുത്തലുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടനെ നിര്‍മാണം ആരംഭിക്കുകയും 2030 ആകുമ്പോഴേക്കും കാറ്റാടിപ്പാടം പ്രവര്‍ത്തനസജ്ജമാക്കാനുമാണ് തീരുമാനം.
വായു മലിനീകരണത്തിനും കാലാവസ്ഥാ പ്രതിസന്ധിക്കും കാരണമായ ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിനു ബദലായി അതീവ പ്രധാന്യത്തോടെയാണ് ഓഫ്ഷോര്‍ പദ്ധതിയെ സര്‍ക്കാര്‍ പരിഗണിക്കുന്നത്. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി ഉല്‍പാദനത്തിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് രാജ്യാന്തര തലത്തില്‍ ഓസ്‌ട്രേലിയ നേരിടുന്നത്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയയും ഓഫ്ഷോര്‍ കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലമായി വിവിധ കമ്പനികള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്നു കമ്പനികളാണ് പടിഞ്ഞാറന്‍ ഓസ്ട്രേലിയയുടെ സാധ്യതകളില്‍ കണ്ണുവച്ചിരിക്കുന്നത്. യു.കെ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ അനുബന്ധ കമ്പനി തീരദേശ നഗരമായ ബണ്‍ബറിക്ക് വടക്കുഭാഗത്ത് ഒരു ബില്യണ്‍ ഡോളര്‍ പദ്ധതിക്കാണ് ലക്ഷ്യമിടുന്നത്.
മെല്‍ബണ്‍ ആസ്ഥാനമായ കമ്പനി ഓഷ്യനെക്‌സ് എനര്‍ജിയും ഈ മേഖലയില്‍ അനുയോജ്യമായ സ്ഥലങ്ങള്‍ തേടുകയാണ്. അതേസമയം പൈലറ്റ് എനര്‍ജി എന്ന കമ്പനി ജെറാള്‍ട്ടണ്‍ മേഖലയിലെ സമുദ്രജലത്തിന്റെ സാധ്യതകളാണ് പരിശോധിക്കുന്നത്.
ഓഫ്ഷോര്‍ കാറ്റാടി പാടങ്ങള്‍ യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ വികസിച്ചിട്ടുള്ളത്. 2030 ആകുമ്പോള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ കാറ്റാടി പാടങ്ങള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ബൈഡന്‍ ഭരണകൂടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.