ബ്രിസ്ബന്‍: ക്വീന്‍സ് ലാന്‍ഡില്‍ ദയാവധം നിയമവിധേയമാക്കാനുള്ള നടപടികള്‍ പുരോഗമിക്കവേ, എതിര്‍പ്പ് ശക്തമാക്കാന്‍ കത്തോലിക്കാ ആശുപത്രികളും വയോജന പരിപാലന കേന്ദ്രങ്ങളും സംസ്ഥാനത്തെ മുതിര്‍ന്ന ഡോക്ടര്‍മാരുമായി കൈകോര്‍ക്കുന്നു.
കാത്തലിക്ക് ഹെല്‍ത്ത് ഓസ്‌ട്രേലിയ (സി.എച്ച്.എ) അംഗങ്ങളായ മേറ്റര്‍ ഗ്രൂപ്പ്, സെന്റ് വിന്‍സെന്റ്‌സ് ഹെല്‍ത്ത് ഓസ്ട്രേലിയ, സതേണ്‍ ക്രോസ് കെയര്‍, കാത്തലിക് ഹെല്‍ത്ത് കെയര്‍, മേഴ്സി കമ്മ്യൂണിറ്റി സര്‍വീസസ് എന്നിവയാണ് പ്രതിഷേധം അറിയിച്ച് ക്വീന്‍സ് ലാന്‍ഡ് എം.പിമാര്‍ക്ക് കത്തെഴുതുന്നത്.
ഓസ്‌ട്രേലിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍ മേധാവിമാരായ ഡോ. സ്റ്റീവ് ഹാംബെള്‍ട്ടണ്‍, സ്റ്റീഫന്‍ പാര്‍ണിസ്, ഷോണ്‍ റൂഡ് എന്നിവരാണ് ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നത്.
ഈ മാസം അവസാനത്തോടെ ക്വീന്‍സ് ലാന്‍ഡ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയാല്‍, ആശുപത്രികളെയും വയോജന പരിചരണ കേന്ദ്രങ്ങളെയും അത് എങ്ങനെ ബാധിക്കുമെന്ന് കത്തില്‍ പറയുന്നു.
തെറ്റായ തീരുമാനങ്ങളുടെ പേരില്‍ ക്വീന്‍സ് ലാന്‍ഡ് ചരിത്രം സൃഷ്ടിക്കാന്‍ പോവുകയാണെന്ന് സി.എച്ച്.എ സ്ട്രാറ്റജി ആന്‍ഡ് മിഷന്‍ ഡയറക്ടര്‍ റെബേക്ക ബര്‍ഡിക് ഡേവിസ് പറഞ്ഞു: പാര്‍ലമെന്റ് ഈ ബില്‍ പാസാക്കുകയാണെങ്കില്‍, ജനങ്ങളുടെ ഇഷ്ടത്തിന് എതിരായി അവരെ നിര്‍ബന്ധപൂര്‍വം ഒരു കാര്യത്തിനു പ്രേരിപ്പിക്കുന്ന ഓസ്‌ട്രേലിയയിലെ ഒരേയൊരു സംസ്ഥാനം ആയിരിക്കും ക്വീന്‍സ് ലാന്‍ഡ്.
ആശുപത്രികളുടെയും വയോജന പരിപാലന കേന്ദ്രങ്ങളുടെയും നല്ല നടത്തിപ്പിനെ തകിടം മറിക്കുന്നതാണ് നിയമം. ഈ ബില്‍ ഫലത്തില്‍ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുന്നു. പരിചരണകേന്ദ്രവുമായി ഒരു ബന്ധവുമില്ലാത്ത, ഒരാളെ ദയാവധം നടത്താന്‍ അനുവദിക്കുന്നു.
ബില്ലിനെതിരേ നിലപാട് സ്വീകരിക്കാന്‍ എം.പിമാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.എച്ച്.എ അഭ്യര്‍ഥിച്ചു.
സ്വതന്ത്ര എം.പിയായ അലക്‌സ് ഗ്രീന്‍വിച്ച് ആണ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ കൊണ്ടുവന്നത്. ബില്‍ ഈ മാസം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും.
ബില്ലിനെതിരേ മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബൊട്ടും മനുഷ്യാവകാശ പ്രവര്‍ത്തകരും ക്രൈസ്തവ സംഘടനകളും ഉള്‍പ്പെടെ രംഗത്തുവന്നിരുന്നു. ബ്രിസ്ബനില്‍ ദയാവധത്തിനെതിരേ ചെറിഷ് ലൈഫ് ക്വീന്‍സ് ലാന്‍ഡ് എന്ന സംഘടനയുടെ നേതൃത്വത്തില്‍ 11-ന് പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നുണ്ട്.
പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സംസ്ഥാനത്ത് കഴിഞ്ഞ ജൂലൈ ഒന്നിന് ദയാവധ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.
ദയാവധം നിയമവിധേയമാക്കുന്നതിനെ എതിര്‍ക്കുന്ന ഗ്രൂപ്പുകളുടെയും വ്യക്തികളുടെയും കൂട്ടായ്മയായ ഹോപ്പ് ഇതുസംബന്ധിച്ച് ആശങ്ക സര്‍ക്കാരിനെ അറിയിക്കുന്നതിനായി ഒപ്പുശേഖരണം ആരംഭിച്ചിട്ടുണ്ട്. ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ഗ്ലാഡിസ് ബെറെജിക്ലിയനെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കാന്‍ പ്രീമിയര്‍ യുക്തിപൂര്‍വം പ്രവര്‍ത്തിക്കണമെന്ന് കത്തില്‍ അഭ്യര്‍ഥിക്കുന്നു.
ദയാവധത്തിനെതിരേയുള്ള കാമ്പെയിനില്‍ നിങ്ങള്‍ക്കും പങ്കുചേരാം. ഇതിനായുള്ള ഹോപ്പിന്റെ വെബ്സൈറ്റ് ലിങ്ക് ചുവടെ ചേര്‍ക്കുന്നു:
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.