വമ്പന്‍ പോര്‍ വിമാനങ്ങള്‍ ദേശീയ പാതയിലേക്ക് പറന്നിറങ്ങി; യാത്രക്കാരായി കേന്ദ്ര മന്ത്രിമാരും

വമ്പന്‍ പോര്‍ വിമാനങ്ങള്‍ ദേശീയ പാതയിലേക്ക് പറന്നിറങ്ങി; യാത്രക്കാരായി കേന്ദ്ര മന്ത്രിമാരും

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിമാര്‍ സഞ്ചരിച്ച സൈനിക യാത്രാവിമാനം രാജസ്ഥാനിലെ ബാര്‍മറില്‍ ദേശീയ പാതയില്‍ അടിയന്തരമായി ഇറക്കി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും റോഡ് ഹൈവെ മന്ത്രി നിതിന്‍ ഗഡ്കരിയും സഞ്ചരിച്ച എസി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്.

അടിയന്തര സാഹചര്യങ്ങളില്‍ സൈനിക വിമാനങ്ങള്‍ക്കുളള എയര്‍സ്ട്രിപ്പുകളായി ദേശീയ പാതയെ ഉപയോഗിക്കുന്നതിനുളള ഗുണനിലവാര പരിശോധനയായിരുന്നു ദേശീയ പാതയില്‍ നടന്നത്. കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം വായുസേന മേധാവി ആര്‍കെഎസ് ഭദൗരിയയും വിമാനത്തില്‍ ഉണ്ടായിരുന്നു.

ആഗ്ര-ലക്നൗ ദേശീയപാത ഉള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി 12 ദേശീയപാതകള്‍ ഇത്തരത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തേതാണ് ബാര്‍മെറിലെ ദേശിയപാത 925എയിലെ മൂന്ന് കിലോമീറ്റര്‍ റോഡ്.

ജാഗ്വാര്‍, സുഖോയ് പോലെയുളള യുദ്ധവിമാനങ്ങളും ദേശീയപാതയിലിറക്കി. വിമാനം സുരക്ഷിതമായി ഇറക്കുന്നത് കാണാന്‍ ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ കുറച്ചാളുകള്‍ ഹൈവേയോട് ചേര്‍ന്ന് നിലയുറപ്പിച്ചിരുന്നു.

സാധാരണ ഗതാഗതത്തിനാണ് ദേശീയപാതകളെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഇവ വ്യോമസേനാ വിമാനങ്ങള്‍ക്കായും ഉപയോഗിക്കാറുണ്ട്. ആ സമയം സര്‍വീസ് റോഡുകളിലൂടെ മാത്രമേ ഗതാഗതം അനുവദിക്കൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇവയ്ക്ക് പുറമേ അടിയന്തര സാഹചര്യം നേരിടാന്‍ കുന്താപുര, സിംഗ്ഘാനിയ, ബഖാസ ഗ്രാമം എന്നിവിടങ്ങളിലും ഹെലിപാടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.