കാഞ്ഞിരപ്പള്ളി: 36 വര്‍ഷമായി കൂടെയുണ്ടായിരുന്ന സന്തത സഹചാരി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് കാഞ്ഞിരപ്പള്ളിക്കാരന് ചന്ദ്രന്‍പിള്ള. വിഴിക്കിത്തോട് കുഴുപ്പള്ളാത്ത് ചന്ദ്രന്പിള്ളയ്ക്കൊപ്പം എന്നും കൂടെ ഉണ്ടായിരുന്ന ഹെര്‍ക്കുലീസ് സൈക്കിളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. മോഷ്ടിച്ചവരുടെ മനസ്സ് മാറി തിരികെ നല്‍കുമെന്ന പ്രതീക്ഷയിലാണ് ആ അറുപത്തിനാലുകാരന്.
ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് സൈക്കിള്‍ മോഷണം പോയത്. വിഴിക്കിത്തോട് കവലയില്‍ ഹോട്ടല്‍ നടത്തുകയാണ് ചന്ദ്രന്‍പിള്ള. വിഴിക്കിത്തോട്-കുറുവാമൂഴി റോഡില്‍ സൈക്കിള്‍ വെച്ച ശേഷം സമീപത്തെ തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴാണ് മോഷണം. തമാശയ്ക്ക് സൈക്കിള്‍ ആരെങ്കിലും മാറ്റിയതാണെന്ന് സംശയിച്ച് പറമ്പിലും സമീപത്തുമായി തപ്പിയെങ്കിലും കണ്ടില്ല.
തുടര്‍ന്ന് വീട്ടുകാരും പ്രദേശവാസികളും ചേര്‍ന്ന് അന്വേഷിച്ചെങ്കിലും സൈക്കിള്‍ കിട്ടിയില്ല. റോഡിലൂടെ കടന്നുപോയ ആക്രിവണ്ടിയില്‍ സൈക്കിള്‍ ഇരിക്കുന്നതായി കണ്ടെന്ന് ചിലര്‍ അറിയിച്ചതായി വീട്ടുകാര്‍ പറയുന്നു. വര്‍ഷങ്ങളായി ചന്ദ്രന്‍പിള്ളയും സൈക്കിളും നാട്ടുകാര്‍ക്ക് സുപരിചിതമാണ്.
കടയിലേക്ക് വെള്ളം, വിറക്, വാഴക്കുല തുടങ്ങി എന്തു സാധനങ്ങള്‍ എത്തിക്കുന്നതിനും ആ സൈക്കിളായിരുന്നു ചന്ദ്രന് പിള്ളയ്ക്ക് തുണ. ചന്ദ്രന് പിള്ളയുടെ സൈക്കിള്‍ യാത്ര നാട്ടിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു. പഴയതാണെങ്കിലും കുടുംബത്തിന്റെ എല്ലാ ഉയര്‍ച്ചയ്ക്കും ഒപ്പമുണ്ടായിരുന്നതാണ് നഷ്ടപ്പെട്ട സൈക്കിളെന്ന് ചന്ദ്രന്‍പിള്ളയുടെ മകള്‍ ധന്യയും പറയുന്നു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസില്‍ പരാതി നല്കി. ചന്ദ്രന് ചേട്ടന്റെ ഹെല്ക്കുലീസിനായി പൊലീസ് അന്വോഷണം ഊര്‍ജിതമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.