യു.എസും ചൈനയും തമ്മില്‍ മത്സരമാകാം; സംഘര്‍ഷമരുത്: ഷീ ജിങ്പിങ്ങിനോട് ജോ ബൈഡന്‍

യു.എസും ചൈനയും തമ്മില്‍ മത്സരമാകാം; സംഘര്‍ഷമരുത്: ഷീ ജിങ്പിങ്ങിനോട് ജോ ബൈഡന്‍

വാഷിങ്ടണ്‍: യു.എസും ചൈനയും തമ്മില്‍ മത്സരമാകാമെന്നും അതു സംഘര്‍ഷത്തിലേക്കു നീങ്ങുന്നില്ലെന്ന് ഇരു രാജ്യങ്ങളും ഉറപ്പുവരുത്തണമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ്ങിനോട് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഏഴ് മാസത്തെ ഇടവേളയ്ക്കുശേഷം ഷീ ജിങ്പിങ്ങും ജോ ബൈഡനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ബൈഡന്‍ ഈ നിലപാട് സംസാരിച്ചത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച് ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി വൈറ്റ് ഹൗസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ബൈഡന്‍ അധികാരത്തിലേറിയശേഷം ഇത് രണ്ടാം തവണയാണ് ഷീ ജിങ്പിങ്ങുമായി സംസാരിക്കുന്നത്. കോവിഡ് ഉത്ഭവം, വ്യാപാരം, ചാരവൃത്തി തുടങ്ങിയ വിഷയങ്ങളില്‍ യു.എസ്-ചൈന ബന്ധം ഉലയുന്ന സാഹചര്യത്തിലാണ് ഈ സംഭാഷണത്തിന്റെ പ്രസക്തിയേറുന്നത്. ചര്‍ച്ചയ്ക്ക് അമേരിക്കയാണ് മുന്‍കൈയെടുത്തത്.

'ഇരു നേതാക്കളും നയതന്ത്രപരമായ കാഴ്ചപ്പാടുകള്‍ പങ്കുവച്ചതായി പ്രസ്താവനയില്‍ പറയുന്നു. ഇരു രാജ്യങ്ങള്‍ക്കുമുള്ള പൊതുവായ താല്‍പ്പര്യങ്ങളെക്കുറിച്ചും അമേരിക്കയുടെ താല്‍പ്പര്യങ്ങളും കാഴ്ചപ്പാടുകളും വ്യതിചലിക്കുന്ന മേഖലകളെക്കുറിച്ചും ചര്‍ച്ച ചെയ്തു.

ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ മത്സരം വേണമെന്ന് യു.എസ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍, അത് സംഘര്‍ഷത്തിന്റെ അവസ്ഥയിലേക്ക് പോകരുതെന്നാണ് ആഗ്രഹമെന്നും ജോ ബൈഡന്‍ പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആശങ്കയായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ ചര്‍ച്ചയുണ്ടായെന്ന് ചൈനീസ് ടെലിവിഷനായ സി.സി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

ചൈനയും യു.എസും തമ്മിലുള്ള ബന്ധം ഇരുരാജ്യങ്ങള്‍ക്കും ശരിയായി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്നത് എല്ലാ രാജ്യങ്ങളും ഉറ്റുനോക്കുന്നതും ലോകത്തിന്റെ ഭാവിക്കു നിര്‍ണ്ണായകവുമാണെന്നും സി.സി.ടി.വി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചര്‍ച്ച സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ രണ്ടു രാജ്യങ്ങളും തയാറായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് ബൈഡനും ഷീ ജിങ്പിങ്ങും തമ്മില്‍ സംസാരിച്ചത്. ബൈഡന്‍ അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ ഫോണ്‍ കോള്‍ രണ്ട് മണിക്കൂര്‍ നീണ്ടു നിന്നിരുന്നു. കഴിഞ്ഞ ദിവസത്തെ ഫോണ്‍കോള്‍ 90 മിനിറ്റ് നീണ്ടുനിന്നു. ട്രംപിന്റെ ഭരണകാലത്ത് യു.എസ് ചൈന ബന്ധങ്ങള്‍ മോശമായിരുന്നു. ചൈനയുമായി വ്യാപാര യുദ്ധത്തിനും ട്രംപ് തുടക്കം കുറിച്ചിരുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.