കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്കു സര്‍വകലാശാലകളില്‍ പഠനം അനുവദിക്കുമെന്ന് താലിബാന്‍. എന്നാല്‍ ക്ലാസ് മുറികള്‍ വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന്‍ സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി.
സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന്‍ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു.
കോളജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കി. അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ പുതിയ സര്‍ക്കാര്‍ നയങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
20 വര്‍ഷങ്ങള്‍ക്ക് പിന്നിലേക്കു പോകാന്‍ താലിബാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഫ്ഗാനില്‍ ഇന്ന് അവശേഷിക്കുന്നതില്‍നിന്ന് പുതിയ വികസനം സര്‍ക്കാര്‍ കെട്ടിപ്പടുക്കുമെന്ന് ഹഖാനി പറഞ്ഞു.
പെണ്‍കുട്ടികളെ പഠിപ്പിക്കാന്‍ സ്ത്രീകളായ അധ്യാപകരെ മാത്രം നിയോഗിക്കും. ഇനി അധ്യാപികമാരെ ലഭ്യമല്ലാത്തയിടത്ത് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും ഹഖാനി പറഞ്ഞു. ഇതെല്ലാം സര്‍വകലാശാലയുടെ ശേഷിയെ ആശ്രയിച്ചിരിക്കും. ഒന്നുകില്‍ ഒരു തിരശീലയ്ക്ക് പിന്നില്‍ നിന്ന് പഠിപ്പിക്കാനോ സാങ്കേതികവിദ്യ ഉപയോഗിക്കാനോ പുരുഷ അധ്യാപകരെ ഉപയോഗിക്കാം.
മിശ്ര വിദ്യാഭ്യാസ സമ്പ്രദായം അവസാനിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. എല്ലാവരും മുസ്ലീങ്ങളാണ്, അവര്‍ ഈ തീരുമാനങ്ങള്‍ സ്വീകരിക്കും. ദേശീയവും ചരിത്രപരവുമായ മൂല്യങ്ങള്‍ക്കനുസൃതമായ ഇസ്ലാമിക പാഠ്യപദ്ധതി ആവിഷ്‌കരിക്കുമെന്നും ഇതിലൂടെ മറ്റ് രാജ്യങ്ങളുമായി മത്സരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
താലിബാന്‍ അധികാരത്തിലെത്തിയതോടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, പൊതുജീവിതം തുടങ്ങിയ കാര്യങ്ങളില്‍ വലിയ ആശങ്ക നിലനില്‍ക്കുന്നുണ്ട്. 20 വര്‍ഷം മുമ്പ് താലിബാന്‍ അധികാരത്തിലുണ്ടായിരുന്ന കാലയളവില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുകയും പൊതുവിടങ്ങളില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനിലെ താലിബാന്‍ മന്ത്രിസഭയില്‍ സ്ത്രീകളുടെ സാന്നിധ്യം തീരെയില്ല. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച സൂചന താലിബാന്‍ വക്താവ് നല്‍കി. സ്ത്രീകള്‍ കുട്ടികളെ പ്രസവിക്കുകയാണ് വേണ്ടതെന്നാണ് താലിബാന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞത്.
പുരുഷന്മാര്‍ മാത്രം അടങ്ങുന്ന സര്‍ക്കാരിനെതിരെയുള്ള രോഷ പ്രകടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും താലിബാന്‍ വക്താവ് സയിദ് സെക്രുള്ള ഹാഷിമിയാണ് മറുപടി നല്‍കിയത്. ഒരു സ്ത്രീക്ക് മന്ത്രിയാകാന്‍ കഴിയില്ല, അത് അവള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഭാരം കഴുത്തില്‍ വെച്ചു കൊടുക്കുന്നതു പോലെയാണ്. ഗര്‍ഭം ധരിക്കാനും കുഞ്ഞിനു ജന്മം നല്‍കുന്നതിനും മാത്രമാണ് സ്ത്രീകള്‍ എന്നാണ് ഹാഷിമി ടോളോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.