2024-ല്‍ ചന്ദ്രനില്‍നിന്ന് ഭൂമിയിലേക്ക് ലൈവ് സ്ട്രീമിംഗ്; ഓസ്ട്രേലിയയില്‍ അത്യാധുനിക ഹൈ ഡെഫനിഷന്‍ ദൂരദര്‍ശിനി ഒരുങ്ങി

2024-ല്‍ ചന്ദ്രനില്‍നിന്ന് ഭൂമിയിലേക്ക് ലൈവ് സ്ട്രീമിംഗ്;  ഓസ്ട്രേലിയയില്‍ അത്യാധുനിക ഹൈ ഡെഫനിഷന്‍ ദൂരദര്‍ശിനി ഒരുങ്ങി

പെര്‍ത്ത്: 2024-ല്‍ നാസ ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ എത്തിക്കുമ്പോള്‍ അവിടെനിന്നുള്ള ദൃശ്യങ്ങളും സംസാരവും ഹൈ-ഡെഫനിഷന്‍ (എച്ച്.ഡി) നിലവാരത്തില്‍ ലൈവായി ഭൂമിയിലിരുന്ന് കാണാനാകുമോ? 5 ജി നെറ്റ്‌വര്‍ക്കോ, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളോ ഒന്നുമില്ലാതെ ബഹിരാകാശത്ത് ഇതെങ്ങനെ സാധ്യമാകും. ലേസര്‍ രശ്മികളുടെ സഹായത്തോടെ ബഹിരാകാശത്തുനിന്ന് എച്ച്.ഡി നിലവാരത്തിലുള്ള വീഡിയോ ഭൂമിയിലേക്ക് സ്വീകരിക്കാന്‍ കഴിയുന്ന അത്യാധുനിക ഭൗമകേന്ദ്രം ഓസ്‌ട്രേലിയയില്‍ ഒരുങ്ങിക്കഴിഞ്ഞു.

ലേസര്‍ ആശയവിനിമയം സാധ്യമാകുന്ന ദൂരദര്‍ശിനിയുടെ (telescope) സഹായത്തോടെയാണ് വേഗത്തിലുള്ള ഡേറ്റ കൈമാറ്റം സാധ്യമാകുന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ സര്‍വകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിന്റെ കെട്ടിടത്തിനു മുകളിലാണ് അര ടണ്‍ ഭാരമുള്ള ഒപ്റ്റിക്കല്‍ ദൂരദര്‍ശിനി സ്ഥാപിച്ചത്.

ബഹിരാകാശ ലേസര്‍ ഒപ്റ്റിക്കല്‍ ഗ്രൗണ്ട് സ്റ്റേഷന്‍ ( Western Australian Optical Ground Station) എന്നാണ് ഈ ദൂരദര്‍ശിനിയെയും അനുബന്ധ ഉപകരണങ്ങളെയും വിളിക്കുന്നത്. ബഹിരാകാശത്തുനിന്നുള്ള ആശയവിനിമയത്തിനായി ലേസര്‍ ഉപയോഗിച്ചുള്ള പുതുതലമുറ ടെക്‌നോളജിയാണ് ഈ ഭൗമകേന്ദ്രത്തില്‍ ഉപയോഗിക്കുന്നത്. ഇതാദ്യമായാണ് ദക്ഷിണാര്‍ദ്ധഗോളത്തില്‍ ഇത്തരത്തില്‍ ഒരു സ്‌റ്റേഷന്‍ സ്ഥാപിക്കുന്നത്.


പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ സര്‍വകലാശാലയില്‍ സ്ഥാപിച്ച ഒപ്റ്റിക്കല്‍ ദൂരദര്‍ശിനി

ചെറുതും വലുതുമായി ആയിരക്കണക്കിന് പരീക്ഷണപേടകങ്ങളാണ് ബഹിരാകാശത്ത് നിലവില്‍ ചുറ്റിക്കറങ്ങുന്നത്. ഇവിടെ നിന്നെല്ലാം ഭൂമിയിലേക്ക് നിരന്തരം ഡേറ്റ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം ബഹിരാകാശത്തു നിന്നുള്ള ലൈവ് വിഡിയോ സ്ട്രീമിങ്ങിനു നിലവില്‍ പരിമിതികളേറെയാണ്. അതില്‍ പ്രധാനപ്രശ്‌നമാകുന്നത് ബഹിരാകാശത്തു നിന്നു ഭൂമിയിലേക്കുള്ള ഡേറ്റ ട്രാന്‍സ്മിഷനു വേഗതയില്ലെന്നതാണ്. ഇപ്പോഴും റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള ആശയവിനിമയമാണ് ഡേറ്റ കൈമാറ്റത്തിനു വേണ്ടി ഉപയോഗിക്കുന്നത്.

കാലം പുരോഗിക്കുന്നതിനൊപ്പം ഭൂമിയില്‍ ടെലികമ്മ്യൂണിക്കേഷന്‍ രംഗത്ത് വിപ്ലവങ്ങള്‍ സംഭവിക്കുമ്പോഴും ബഹിരാകാശ പേടകങ്ങള്‍ റേഡിയോ ഫ്രീക്വന്‍സി(ആര്‍എഫ്) കമ്യൂണിക്കേഷന്റെ പരിമിതികളില്‍ കുടുങ്ങിക്കിടക്കുകയാണ്. ചൊവ്വയില്‍ ആദ്യമായി കാലു കുത്തിയ നീല്‍ ആംസ്‌ട്രോംഗ് റേഡിയോ ഫ്രീക്വന്‍സി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വിവരങ്ങള്‍ കൈമാറിയത്.

ഭൂമിയില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല വഴി ഡേറ്റ കൈമാറ്റം അതിവേഗത്തില്‍ സാധ്യമാകുമെങ്കിലും ബഹിരാകാശത്തുനിന്നുള്ള എച്ച്ഡി വീഡിയോ കൈമാറ്റം ഏറെ ബുദ്ധിമുട്ടാണ്. ബഹിരാകാശത്ത് 5 ജി നെറ്റ്‌വര്‍ക്ക് കവറേജ് ലഭ്യമല്ല. ഭ്രമണപഥത്തില്‍നിന്ന് ഫൈബര്‍ ഒപ്റ്റിക് കേബിളുകള്‍ വഴി ഭൂമിയിലേക്ക് ഡേറ്റ കൈമാറ്റവും സാധ്യമല്ല.

കാലാവസ്ഥ നിരീക്ഷണം, വാര്‍ത്താ വിനിമയം, കൃഷി, മാപ്പിംഗ്, പ്രകൃതി ദുരന്ത പ്രവചനം, ഗവേഷണം എന്നിവയ്ക്കായാണ് ഉപഗ്രഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നത്.

ലേസര്‍ ആശയവിനിമയം എങ്ങനെ?

ലേസര്‍ രശ്മികള്‍ വഴി ബഹിരാകാശത്ത് നിന്നുള്ള ഡാറ്റ കൈമാറ്റം വര്‍ദ്ധിപ്പിക്കാനാണ് ശാസ്ത്രജ്ഞര്‍ ശ്രമിക്കുന്നത്. ലേസര്‍ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ഒരു പേടകത്തില്‍നിന്നുള്ള ഡേറ്റ കൈമാറ്റത്തിന് റേഡിയോ തരംഗങ്ങളേക്കാള്‍ പതിനായിരം മടങ്ങു വേഗതയും സുരക്ഷയുമുണ്ടാകും.

പേടകങ്ങളിലെ അത്യാധുനിക കാമറകളും സെന്‍സറുകളും ശേഖരിക്കുന്ന ഡേറ്റയും ഹൈക്വാളിറ്റി വിഡിയോ ദൃശ്യങ്ങളും വരെ ഭൂമിയിലേക്ക് വളരെ പെട്ടെന്നയക്കാമെന്നതാണ് ഇതിന്റെ ഗുണം. നിലവില്‍ ഇത്തരത്തില്‍ ശേഖരിക്കുന്ന എല്ലാ ഡേറ്റയും റേഡിയോ തരംഗങ്ങളിലൂടെ ഭൂമിയിലേക്ക് കൈമാറാന്‍ മതിയായ ശേഷിയില്ല.

ലേസര്‍ സാങ്കേതികതയ്ക്ക് റേഡിയോ ട്രാന്‍സ്മിറ്ററുകളേക്കാള്‍ വലുപ്പവും ഭാരവും കുറവാണ്. ഈ ഗുണം ബഹിരാകാശ പേടകത്തെ സംബന്ധിച്ച് പ്രധാനമാണ്. ഓരോ കിലോഗ്രാമും വര്‍ധിക്കുമ്പോള്‍ പതിനായിരക്കണക്കിന് ഡോളറാണ് വിക്ഷേപണത്തിനായി ചെലവഴിക്കേണ്ടി വരുന്നത്.

ബഹിരാകാശത്തെ അന്തരീക്ഷത്തില്‍ ലേസര്‍ കമ്യൂണിക്കേഷന്‍ എത്രകാലം ഫലപ്രദമായി നിലനില്‍ക്കുമെന്നതു ശാസ്ത്രജ്ഞര്‍ക്കു മുന്നിലെ വെല്ലുവിളിയാണ്. താപനില, മര്‍ദ്ദം എന്നിവയിലെ ചെറിയ വ്യതിയാനങ്ങള്‍ ലേസര്‍ രശ്മികളുടെ പാതയെ വ്യതിചലിപ്പിക്കും. ഇത് ഡേറ്റ കൈമാറ്റത്തിന്റെ ഗുണനിലവാരവും വേഗവും കുറയാന്‍ കാരണമാകും.

ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടെത്താനായാല്‍ അതിവേഗ ബഹിരാകാശ അധിഷ്ഠിത ഇന്റര്‍നെറ്റിനുള്ള സാധ്യതകള്‍ തുറക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.