ഡാന്‍ ഡേവിഡ് സമ്മാന പദ്ധതി പുതുക്കി; മൂന്നു ലക്ഷം ഡോളര്‍ വീതം ഒമ്പത് സമ്മാനങ്ങളും ഫെലോഷിപ്പും

 ഡാന്‍ ഡേവിഡ് സമ്മാന പദ്ധതി പുതുക്കി; മൂന്നു ലക്ഷം ഡോളര്‍ വീതം ഒമ്പത് സമ്മാനങ്ങളും ഫെലോഷിപ്പും

ജറുസലേം: പ്രശസ്തമായ അന്താരാഷ്ട്ര ഡാന്‍ ഡേവിഡ് പുരസ്‌കാരങ്ങള്‍ മൂന്നു ലക്ഷം ഡോളര്‍ വീതം ഒമ്പതു മേഖലകളില്‍ നല്‍കാനുള്ള വ്യവസ്ഥയോടെ ടെല്‍ അവീവ് സര്‍വകലാശാല പദ്ധതി പരിഷ്‌കരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഈ പദ്ധതി പ്രകാരം ചരിത്ര ഗവേഷണത്തിന് ഓരോ വര്‍ഷവും മുന്നു ലക്ഷം ഡോളര്‍ നല്‍കാനും തീരുമാനമായി. ടെല്‍ അവീവ് സര്‍വകലാശാലയില്‍ ചരിത്രം പഠിക്കുന്ന പോസ്റ്റ് ഡോക്ടറല്‍ ഫെലോകള്‍ക്കായി ഇതിനു വേണ്ടി പുതിയ അന്താരാഷ്ട്ര പ്രോഗ്രാം സ്ഥാപിക്കും.

അന്തരിച്ച സംരംഭകനും മനുഷ്യസ്‌നേഹിയുമായ ഡാന്‍ ഡേവിഡാണ് ശാസ്ത്രത്തിലെയും മാനവികതയിലെയും നേട്ടങ്ങള്‍ തിരിച്ചറിഞ്ഞ്് അംഗീകരിക്കുന്നതിനായി മൊത്തം 30 ലക്ഷം ഡോളര്‍ തുക വരുന്ന വാര്‍ഷിക സമ്മാന പദ്ധതി 2001 ല്‍ സ്ഥാപിച്ചത്.10 ലക്ഷം ഡോളര്‍ വീതം വരുന്ന മൂന്നു സമ്മാനങ്ങളാണ് ഇതു വരെ നല്‍കിയിരുന്നത്. ആ സ്ഥാനത്താണ് ഇസ്രായേലിലെ ടെല്‍ അവീവ് സര്‍വകലാശാല ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡാന്‍ ഡേവിഡ് ഫൗണ്ടേഷന്‍ ഇനി മുതല്‍ മൂന്നു ലക്ഷം ഡോളര്‍ വീതമുള്ള ഒമ്പതെണ്ണവും അതേ തുകയുടെ ഫെലോഷിപ്പും നല്‍കുന്നത്.

പുതിയ സമ്മാനങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ നവംബര്‍ 1 വരെ സ്വീകരിക്കും. വിജയികളെ 2022 ന്റെ തുടക്കത്തില്‍ പ്രഖ്യാപിക്കും. ചരിത്രം, പുരാവസ്തു, നരവംശശാസ്ത്രം, കലാചരിത്രം, സാമൂഹിക പഠനം തുടങ്ങിയ മേഖലകളെ പ്രതിനിധീകരിച്ച് ആര്‍ക്കൈവിസ്റ്റുകള്‍, ക്യൂറേറ്റര്‍മാര്‍, പൊതുചരിത്രകാരന്മാര്‍, ഡോക്യുമെന്ററി ചലച്ചിത്രകാരന്മാര്‍ എന്നിവരടക്കമുള്ളവരെയാണ് സമ്മാനത്തിനു പരിഗണിക്കുന്നത്.പുരസ്‌കാരത്തിന്റെ 10 ശതമാനം തുക ജേതാക്കള്‍ അവരവരുടെ മേഖലയിലെ പുതുതലമുറയിലെ ഗവേഷണം പ്രോത്സാഹിപ്പിക്കാന്‍ നല്‍കണം.


'വര്‍ത്തമാനകാലത്തെ മനസ്സിലാക്കുന്നതിനും ഭാവി കെട്ടിപ്പടുക്കുന്നതിനും ഭൂതകാല പഠനം എത്ര പ്രധാനമാണെന്ന് നമുക്കറിയാമെങ്കിലും, മാനവികതയില്‍, പ്രത്യേകിച്ച് ചരിത്രപരമായ വിഷയങ്ങളില്‍ നിക്ഷേപം കുറയുന്ന ലോകത്താണ് നാം ജീവിക്കുന്നത്, '- സമ്മാന സ്ഥാപകന്റെ മകനും ഡാന്‍ ഡേവിഡ് ഫൗണ്ടേഷന്‍ ബോര്‍ഡ് അംഗവുമായ ഏരിയല്‍ ഡേവിഡ് പറഞ്ഞു 'ഈ കാരണങ്ങളാല്‍ ഞങ്ങളുടെ വിഭവങ്ങള്‍ പ്രയോജനപ്പെടുത്തി ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അടുത്ത തലമുറയിലെ പണ്ഡിതരെ ഉത്തേജിപ്പിക്കാനും തീരുമാനിച്ചു.'

ഭൂത, വര്‍ത്തമാന, ഭാവികാല പഠനങ്ങളുമായി ബന്ധപ്പെട്ട് വെവ്വേറെ മേഖലകളില്‍ മൂന്ന് വാര്‍ഷിക സമ്മാനങ്ങള്‍ ആണ് ഇതു വരെ നല്‍കിയിരുന്നത്. യു എസിലെ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി, ചൈനീസ് വംശജനായ അമേരിക്കന്‍ സെലോ വാദകന്‍ യോ-യോ മാ, നോവലിസ്റ്റ് മാര്‍ഗരറ്റ് അറ്റ് വുഡ്, മുന്‍ യുഎസ് വൈസ് പ്രസിഡന്റ് അല്‍ ഗോര്‍, ഫ്രഞ്ച്് സാമ്പത്തിക വിദഗ്ധ എസ്‌തേര്‍ ഡഫ്‌ലോ, ചലച്ചിത്ര പ്രതിഭകളായ ഏഥന്‍, ജോയല്‍ കോയിന്‍ തുടങ്ങിയവര്‍ മുന്‍ വര്‍ഷങ്ങളില്‍ ഡാന്‍ ഡേവിഡ് പുരസ്‌കാര ജേതാക്കളായി. 'നമ്മുടെ ചരിത്രത്തിന്റെ സംരക്ഷണവും പഠനവും ആശയവിനിമയവും എല്ലായ്‌പ്പോഴും മനുഷ്യ സംസ്‌കാരത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഡാന്‍ ഡേവിഡ് സമ്മാനങ്ങളുടെ പരിഷ്‌കരണം സ്ഥല, കാലാതീതമായ സുപ്രധാന വികാസങ്ങളിലേക്കു വെളിച്ചം വീശും'- സെലിസ്റ്റ് മാ പറഞ്ഞു.


2019 ല്‍ ഡാന്‍ ഡേവിഡ് പുരസ്‌കാരം പ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ സഞ്ജയ് സുബ്രഹ്മണ്യത്തിന് ലഭിച്ചിരുന്നു. ആധുനികകാലത്തിന്റെ തുടക്കത്തിലെ ലോകത്തെ വിവിധ സാംസ്‌കാരിക വിനിമയങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചുള്ള രചനകളാണ് പ്രതിരോധവിശകലന വിദഗ്ധന്‍ കെ. സുബ്രഹ്മണ്യത്തിന്റെ മകനും ഇപ്പോഴത്തെ ഇന്ത്യന്‍ വിദേശ കാര്യമന്ത്രി എസ്. ജയ്ശങ്കറിന്റെ സഹാദരനുമായ അദ്ദേഹത്തെ പുരസ്‌കാരാര്‍ഹനാക്കിയത്. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. കെന്നത്ത് പോമറന്‍സുമായാണ് സഞ്ജയ് സുബ്രഹ്മണ്യം പുരസ്‌കാരം പങ്കുവെച്ചത്.

ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുള്ള സുബ്രഹ്മണ്യം സാമ്പത്തികചരിത്രകാരനായാണ് അറിയപ്പെടാന്‍ തുടങ്ങിയത്. പിന്നീട് രാഷ്ട്രീയ, ബൗദ്ധിക, സാംസ്‌കാരിക ചരിത്രകാരനിലേക്ക് പ്രവര്‍ത്തനം മാറ്റി. 2004 മുതല്‍ ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലാണ്. ചരിത്രത്തില്‍ നല്‍കിയ സംഭാവനകള്‍ക്ക് ഇന്‍ഫോസിസിന്റെ മാനവീയതയ്ക്കുള്ള പുരസ്‌കാരവും നേടിയിട്ടുണ്ട്.എഴുത്തുകാരന്‍ അമിതാവ് ഘോഷ്, സംഗീതജ്ഞന്‍ സുബിന്‍ മേത്ത, പ്രമുഖ ശാസ്ത്രജ്ഞന്‍ സി.എന്‍.ആര്‍. റാവു, ജ്യോതിശാസ്ത്രജ്ഞന്‍ ശ്രീനിവാസ് കുല്‍ക്കര്‍ണി എന്നിവരാണ് നേരത്തേ ഡാന്‍ ഡേവിഡ് പുരസ്‌കാരം ലഭിച്ച ഇന്ത്യക്കാര്‍.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.