ഇന്ത്യയിലെ കോവിഡ് സാഹചര്യം മറച്ചുവെച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ്: നിക്ഷേധിച്ച് ഐസിഎംആര്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

 ഇന്ത്യയിലെ കോവിഡ് സാഹചര്യം മറച്ചുവെച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ്: നിക്ഷേധിച്ച് ഐസിഎംആര്‍; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യയിലെ കോവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ മറുപടിയുമായി ഐസിഎംആര്‍. കോവിഡ് നിയന്ത്രണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പ്രതികരിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.

കോവിഡ് വ്യാപനത്തില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നിങ്ങനെയുള്ള നരേന്ദ്ര മോഡി സര്‍ക്കാരിന്റെ് അജണ്ടകള്‍ നടപ്പിലാക്കാന്‍ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് ഐസിഎംആര്‍ മറച്ചുവെച്ചുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്തെ കോവിഡ് കണക്ക് പരമാവധിയിലെത്തുമെന്നും 2021 ഫെബ്രുവരി ആകുമ്പോഴേക്കും സ്ഥിതി നിയന്ത്രണ വിധേയമാകുമെന്നും ഐസിഎംആര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ രാജ്യം കൊവിഡിനെ അതിജീവിച്ചു എന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. അതേസമയം രണ്ട് മാസത്തിന് ശേഷം മാര്‍ച്ചോടെ ഇന്ത്യയിലെ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുത്തനെകൂടി നിരവധി പേരുടെ മരണത്തിനിടയാക്കി.

മുന്നറിയിപ്പുകളിലെ പിഴവ് ചൂണ്ടികാണിച്ച ശാസ്ത്രജ്ഞനായ അനുപ് അഗര്‍വാളിന് ഐസിഎംആറില്‍ നിന്ന് രാജി വയ്‌ക്കേണ്ടി വന്നെന്നും രണ്ടാം തരംഗത്തിന്റെ ഭീഷണി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിപ്പിച്ചെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി.

ഇതിനോടാണ് ഐസിഎംആര്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. പ്രകോപനങ്ങളോട് പ്രതികരിക്കാന്‍ തയ്യാറല്ല. ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പൂര്‍ണ ശ്രദ്ധ നല്‍കുന്നത് കോവിഡ് നിയന്ത്രണത്തിനാണ്. റിപ്പോര്‍ട്ട് അപലപനീയമാണെന്നും ഐസിഎംആര്‍ മേധാവി പറഞ്ഞു. അനാവശ്യ പ്രകോപനത്തോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രാലയവും.

കോവിഡിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചു വയ്ക്കാന്‍ ഐസിഎംആറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പറയുന്നു. സാമ്പത്തിക നില മെച്ചപ്പെടാനും തെരഞ്ഞെടുപ്പുകള്‍ നടത്താനും രണ്ടാം തരംഗത്തിന്റെ ഗൗരവം കണ്ടില്ലെന്ന് നടിച്ചു. പ്രധാനമന്ത്രി രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നുവെന്ന കോണ്‍ഗ്രസിന്റെ ആശങ്ക ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളെന്നും കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.