വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ: പറക്കും പുരോഹിതന്‍

വിശുദ്ധ ജോസഫ് കുപ്പര്‍ത്തീനോ: പറക്കും പുരോഹിതന്‍

അനുദിന വിശുദ്ധര്‍ - സെപ്റ്റംബര്‍ 18

ഇറ്റലിയിലെ ബ്രിന്റിസിക്കു സമീപം കുപ്പര്‍ത്തീനോ എന്ന സ്ഥലത്തുള്ള ഒരു ചെരിപ്പുകുത്തിയുടെ മകനായിരുന്നു ജോസഫ്. ബേത്ലഹേമിലേക്കുള്ള യാത്രാമധ്യേ പൂര്‍ണ ഗര്‍ഭിണിയായ മറിയം കാലിത്തൊഴുത്തില്‍ ഉണ്ണി യേശുവിനെ പ്രസവിച്ചതിനെ ഓര്‍മ്മിപ്പിക്കും വിധം ജോസഫിന്റെ അമ്മ അവനെ പ്രസവിച്ചത് ഒരു കുതിരാലയത്തിലായിരുന്നു. ആര്‍ക്കും ഒട്ടും പൊരുത്തപ്പെട്ടു പോകാന്‍ പറ്റാത്ത ഒരു സാധാരണക്കാരനായിരുന്നു ജോസഫ്. മറവി കുട്ടിക്കാലം മുതല്‍ തന്നെ ജോസഫിന്റെ കൂടപ്പിറപ്പായിരുന്നു.

വിധവയുടെ കൊച്ചു കാശുപോലെ ജോസഫിന്റെ വിധവയായ അമ്മ അരിച്ചു പെറുക്കി സമ്പാദിച്ചുണ്ടാക്കുന്ന ഭക്ഷണം കഴിക്കാന്‍ പോലും വരാന്‍ മറക്കുന്ന അവന്‍ ജന്മസ്ഥലമായ കുപ്പര്‍ത്തീനോ ഗ്രാമത്തിലൂടെ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നത് പതിവായിരുന്നു. പഠന കാര്യങ്ങളില്‍ പിന്നാക്കമായിരുന്ന ജോസഫ് പതിനേഴ് വയസായപ്പോള്‍ സന്യാസമഠത്തില്‍ ചേരാന്‍ ആഗ്രഹിച്ചെങ്കിലും ബുദ്ധിക്കുറവും മറവിയും മൂലം ഫ്രാന്‍സിസ്‌കന്‍ സഭ അവനെ എടുത്തില്ല.

കുറേനാള്‍ ഒരു തോല്‍പ്പണിക്കാരന്റെ കൂടെ ജോലി ചെയ്ത ജോസഫ് പിന്നീട് ഫ്രാന്‍സിസ്‌ക്കന്‍ സഭയുടെ ഒരു ആശ്രമത്തില്‍ കന്നുകാലി വളര്‍ത്തലുകാരനായി ജോലിയില്‍ പ്രവേശിച്ചു. എപ്പോഴും പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദേവാലയത്തില്‍ ധ്യാനത്തില്‍ മുഴുകുകയും ചെയ്തിരുന്ന ആ കന്നുകാലി വളര്‍ത്തലുകാരനെ ആശ്രമാധികാരികള്‍ ശ്രദ്ധിച്ചു. അവന്റെ എളിമയും അനുസരണയും ഭക്തിയും മനസിലാക്കിയതോടെ പൗരോഹിത്യം നല്‍കുവാന്‍ അവര്‍ തയാറായി. തുടര്‍ന്ന് 1628 ല്‍ ജോസഫിനെ ഒരു വൈദികനായി വാഴിച്ചു.

തിരുപട്ടം ലഭിച്ചപ്പോള്‍ മുതല്‍ ജോസഫ് തുടര്‍ച്ചയായി ഉന്മാദാവസ്ഥയില്‍ ആകുമായിരുന്നു. ചിലപ്പോഴൊക്കെ നിലത്തു നിന്നും ഉയര്‍ന്ന് വായുവില്‍ ഒഴുകി പോകുമായിരുന്നു. നന്നായി വായിക്കുവാന്‍ പഠിച്ചിരുന്നില്ലെങ്കിലും ദൈവ നിവേശിതമായ വിജ്ഞാനം ഏത് ദൈവശാസ്ത്ര പ്രശ്‌നവും കൈകാര്യം ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനു നല്‍കി. പരഹൃദയ ജ്ഞാനവും പ്രവചന വരവും ജോസഫിനുണ്ടായിരുന്നു.

ഫാ. ജോസഫിന്റെ അത്ഭുത പ്രവര്‍ത്തികളും പ്രത്യേകിച്ച് വായുവിലൂടെയുള്ള സഞ്ചാരവും കാണാന്‍ നിരവധി വിശ്വാസികള്‍ ദൂരസ്ഥലത്തു നിന്നുവരെ എത്തുമായിരുന്നു. ദേവാലയത്തിന്റെ പ്രധാന വാതില്‍ക്കല്‍ നിന്ന് ജനക്കൂട്ടത്തിന്റെ മുകളിലൂടെ പറന്ന് ബലിപീഠത്തിലെത്തുന്നത് പതിവായിരുന്നുവെന്ന് ജീവചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരിക്കല്‍ അദ്ദേഹം പറന്ന് ഒരു ഒലിവു മരത്തിന്റെ കൊമ്പിലിരുന്ന് മണിക്കൂറുകളോളം ധ്യാനിച്ചുവെന്നും പറയപ്പെടുന്നു.

ഇത്തരം അസാധാരണ പ്രവര്‍ത്തികള്‍ കണ്ട് ജനങ്ങള്‍ ആശ്രമത്തില്‍ തിങ്ങിക്കൂടുന്നത് പതിവായപ്പോള്‍ 1653 ല്‍ ആശ്രമാധികാരികള്‍ ഫാ.ജോസഫിനെ പയറ്ററോസാ എന്ന കുന്നിന്‍ പുറത്തുള്ള ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലേക്ക് മാറ്റി. പിന്നീട് അദ്ദേഹത്തെ ഒസീമയിലുള്ള സഭയുടെ സ്വന്തം ആശ്രമത്തിലേക്ക് മാറ്റി. അപ്പോഴും അദ്ദേഹത്തെ കാണാന്‍ ആര്‍ക്കും അനുമതിയുണ്ടായിരുന്നില്ല. അറുപത്തൊന്നാം വയസില്‍ ഫാ.ജോസഫ് കുപ്പര്‍ത്തീനോ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. 1767 ല്‍ ക്ലെമന്റ് പതിമൂന്നാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. എവുസ്റ്റോര്‍ജിയൂസ്

2. ഫ്രാന്‍സിലെ ഫെറെയോളൂസ്

3. ലിങ്കോണ്‍ഷെയറിലെ ഹിഗ്ബാള്‍ഡ്

4. റോമന്‍ സൈനികനായ ഫെറെയോളൂസ്

5. ക്രീറ്റിലെ ഗോര്‍ഡീന ബിഷപ്പായിരുന്ന യുമെനസ്

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26