ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം; മെല്‍ബണില്‍ 5.8 തീവ്രത; കെട്ടിടങ്ങള്‍ കുലുങ്ങി, ജനം പുറത്തേക്കോടി

ഓസ്‌ട്രേലിയയില്‍ ശക്തമായ ഭൂചലനം; മെല്‍ബണില്‍ 5.8 തീവ്രത; കെട്ടിടങ്ങള്‍ കുലുങ്ങി, ജനം പുറത്തേക്കോടി

സിഡ്നി/മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം. ആളപായമില്ല. വിക്‌ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, സൗത്ത് ഓസ്‌ട്രേലിയ, ടാസ്മാനിയ എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.8, 5.5, 4.0, 3.1 തീവ്രത രേഖപ്പെടുത്തിയ നാല് ഭൂചലനങ്ങളാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പില്ല. ഓസ്ട്രേലിയയിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിലൊന്നാണിത്.

ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരമായ മെല്‍ബണിലാണ് ഏറ്റവും തീവ്രതയേറിയ ഭൂചനം അനുഭവപ്പെട്ടത്. 


ഭൂചലനത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ഷെല്‍ഫില്‍നിന്നു സാധനങ്ങള്‍ നിലത്തുവീണു ചിതറിയ നിലയില്‍

റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഇന്ന് രാവിലെ പ്രാദേശിക സമയം 9.15നാണ് ഉണ്ടായത്. ഇരുപതു സെക്കന്റോളം നീണ്ടുനിന്ന ചലനത്തില്‍ കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങുകയും പരിഭ്രാന്തരായ ജനം പുറത്തേക്കിറങ്ങി ഓടുകയും ചെയ്തു. കെട്ടിടങ്ങള്‍ക്കു നാശമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാരസ്ഥാപനങ്ങളിലെ ഷെല്‍ഫുകളില്‍നിന്നുള്‍പ്പെടെ സാധനങ്ങളും മറ്റും നിലത്തേക്കു വീണുചിതറി. നൂറുകണക്കണക്കിന് കിലോമീറ്റര്‍ അകലെ വരെ പ്രകമ്പനമുണ്ടായി. തുടര്‍ ചലനങ്ങളുണ്ടാകുമെന്ന് ജിയോസയന്‍സ് ഓസ്‌ട്രേലിയ മുന്നറിയിപ്പു നല്‍കി. മെല്‍ബണില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ഗ്രാമ പ്രദേശമായ മാന്‍സ്ഫീല്‍ഡാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആല്‍പൈന്‍ നാഷണല്‍ പാര്‍ക്കില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്.

വീടുകള്‍, ഓഫീസുകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അടിയന്തരമായി ആളുകളെ ഒഴിപ്പിച്ചു.


5.8 തീവ്രതയുള്ള ആദ്യ ഭൂകമ്പത്തിനു പിന്നാലെ 9:40-ന് 5.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും 9:55-ന് 4.0 രേഖപ്പെടുത്തിയ മൂന്നാമത്തെ ചലനവും 10.15-ന് 3.1 തീവ്രതയുള്ള ഭൂകമ്പവും അനുഭപ്പെട്ടു.

നാശനഷ്ടം വിലയിരുത്താന്‍ ഹെലികോപ്റ്ററുകള്‍ പരിശോധന നടത്തുന്നുണ്ട്. മെല്‍ബണിന്റെ പരിസര പ്രദേശങ്ങളായ കെന്‍സിംഗ്ടണ്‍, അസ്‌കോട്ട് വെയ്ല്‍, പാര്‍ക്ക്‌ഡേല്‍, പ്രഹ്റാന്‍, ബാല്‍വിന്‍, എല്‍സ്റ്റേണ്‍വിക്ക്, നോര്‍ത്ത്കോട്ട്, വെസ്റ്റ് മെല്‍ബണ്‍ എന്നിവിടങ്ങളില്‍ 46 കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.


ഓസ്‌ട്രേലിയയിലെ മെല്‍ബണിന് സമീപം 5.8 തീവ്രതയുള്ള ഭൂചലനമുണ്ടായപ്പോള്‍ എന്താണു സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസിലാകാതെ എ.ബി.സി ന്യൂസ് ചാനല്‍ അവതാരകരായ മൈക്കിള്‍ റോളണ്ടും ടോണി ആംസ്‌ട്രോങ്ങും പകച്ചുനില്‍ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചപ്പോള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.