ക്രിസ്മസിന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വാക്‌സിന്‍ പരിശോധിക്കാന്‍ ക്യൂആര്‍ കോഡ്

ക്രിസ്മസിന് അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങി ഓസ്‌ട്രേലിയ; വാക്‌സിന്‍ പരിശോധിക്കാന്‍ ക്യൂആര്‍ കോഡ്

കാന്‍ബറ: കോവിഡ് മഹാമാരിക്കാലത്ത് ഏറ്റവും കര്‍ശനമായ യാത്രാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയ ക്രിസ്മസിന് മുമ്പായി അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറക്കാനൊരുങ്ങുന്നു. ഓസ്‌ട്രേലിയയില്‍ മുതിര്‍ന്നവരുടെ വാക്‌സിനേഷന്‍ നിരക്ക് 80 ശതമാനം എത്തിക്കഴിഞ്ഞാല്‍ വിദേശത്തുള്ള പൗരന്മാര്‍ക്ക് രാജ്യത്തിനകത്തേക്ക് ഹോട്ടല്‍ ക്വാറന്റീനില്ലാതെ പ്രവേശനം സാധ്യമാകുമെന്ന് ടൂറിസം മന്ത്രി ഡാന്‍ തെഹാന്‍ നാഷണല്‍ പ്രസ് ക്ലബ് ഓഫ് ഓസ്‌ട്രേലിയയില്‍ നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.

2020 മാര്‍ച്ച് മുതല്‍ ഓസ്ട്രേലിയ രാജ്യാന്തര അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. വിദേശത്തുനിന്നും മടങ്ങാന്‍ 45,000-ല്‍ അധികം പൗരന്മാരാണ് സര്‍ക്കാര്‍ കനിവ് കാത്തിരിക്കുന്നത്. ഇവര്‍ക്ക് ആശ്വാസം പകരുന്നതാണ് മന്ത്രിയുടെ പ്രഖ്യാപനം.

പരസ്പര ധാരണപ്രകാരം വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കുന്നതിന് മറ്റു രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. ക്വാറന്റീന്‍ കാലാവധി കുറയ്ക്കാനും ക്രിസ്മസിന് മുമ്പായി ഹോം ക്വാറന്റീന്‍ നടപ്പാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. യാത്രയ്ക്കു മുന്‍പായി കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ക്രിസ്മസിനോടനുബന്ധിച്ച് യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. പാസ്പോര്‍ട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് തെളിയിക്കുന്ന സംവിധാനം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

വിദേശ യാത്രികര്‍ക്ക് ഹോം ക്വാറന്റീന്‍ നടപ്പാക്കുന്നതു സംബന്ധിച്ച പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ഡാന്‍ തെഹാന്‍ പറഞ്ഞു. വര്‍ഷാവസാനത്തോടെ ഇക്കാര്യത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വ്യക്തമായ രൂപരേഖയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ സൗത്ത് ഓസ്ട്രേലിയ ഹോം ക്വാറന്റീന്‍ പദ്ധതി പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നുണ്ട്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ന്യൂ സൗത്ത് വെയില്‍സിലും ഇതു നടപ്പാക്കും.

നിലവില്‍ ആസ്ട്രാസെനക്ക, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകളാണ് ഓസ്‌ട്രേലിയയില്‍ അംഗീകരിച്ചിട്ടുള്ളത്. ഈ വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുള്ളവര്‍ക്കാണ് രാജ്യത്തേക്കു പ്രവേശനം അനുവദിക്കുക.

അതേസമയം, ഓസ്‌ട്രേലിയയില്‍നിന്നു പുറത്തേക്കുള്ള യാത്രകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോഴും വ്യക്തമല്ല.

ഓസ്ട്രേലിയയുടെ ക്യുആര്‍ കോഡ് സംവിധാനമുള്ള വാക്‌സിന്‍ പാസ്പോര്‍ട്ടിന് മറ്റു രാജ്യങ്ങളില്‍ അംഗീകാരം ലഭിക്കാന്‍ അന്താരാഷ്ട്ര എംബസികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് മന്ത്രി സ്ഥിരീകരിച്ചു. അടുത്ത മാസം മുതല്‍ സര്‍ക്കാര്‍ രാജ്യാന്തര യാത്രകള്‍ക്കുള്ള വാക്‌സിനേഷന്‍ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും.

മൊബൈല്‍ ആപ്പ് വഴിയായിരിക്കും പാസ്പോര്‍ട്ട് പ്രവര്‍ത്തിക്കുക. സാധാരണ പാസ്പോര്‍ട്ടിലുള്ള എല്ലാ വിവരങ്ങളും ഇതുകൂടാതെ ക്യുആര്‍ കോഡും ഇതിലുണ്ടാകും. വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും വാക്‌സിനേഷന്‍ നില പരിശോധിക്കാനും കഴിയും.

വാക്‌സിന്‍ സര്‍ട്ടിഫിക്കേഷനുള്ള ക്യുആര്‍ കോഡ് സംവിധാനം എല്ലാ വിദേശ എംബസികളിലേക്കും അയച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്താന്‍ ഇതിലൂടെ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.