കമലയുമായി മോഡി കൂടിക്കാഴ്ച നടത്തി; ഇന്ന് ബൈഡനെ കാണും

കമലയുമായി മോഡി കൂടിക്കാഴ്ച നടത്തി; ഇന്ന് ബൈഡനെ കാണും

ന്യൂഡല്‍ഹി: ഔദ്യോഗി​ക സന്ദര്‍ശന പരി​പാടി​കൾക്കായി അമേരിക്കയിൽ എത്തിയ പ്രധാനമന്ത്രി​ നരേന്ദ്ര മോഡിയുടെ യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ചര്‍ച്ച നടത്തി. യുഎസിന്റെ പ്രധാന പങ്കാളിയാണ് ഇന്ത്യയെന്ന് കമല ഹാരിസ് പറ​ഞ്ഞു. ഇന്ത്യ വാക്സിന്‍ കയറ്റുമതി പുനരാരംഭിച്ച തീരുമാനത്തെ യുഎസ് സ്വാഗതം ചെയ്യുന്നതായും അവര്‍ മോഡിയെ അറിയിച്ചു.

മോഡിയും കമലയും ആദ്യമായാണു നേരിട്ടു ചര്‍ച്ച നടത്തുന്നത്. രണ്ടാം കോവിഡ് തരംഗകാലത്ത് നല്‍കിയ സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കയ്ക്ക നന്ദി അറിയിച്ചു. ത്വരിതഗതിയിലുള്ള പ്രതിരോധ കുത്തിവയ്പ്പ് ശ്രമങ്ങളിലൂടെ പകര്‍ച്ചവ്യാധിയെ തടയുന്നതിനുള്ള തുടര്‍ച്ചയായ പരിശ്രമങ്ങള്‍, നിര്‍ണായകമായ മരുന്നുകള്‍, ചികിത്സകള്‍, ആരോഗ്യ പരിപാലന ഉപകരണങ്ങള്‍ എന്നിവ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള തങ്ങളുടെ രാജ്യങ്ങളിലെ കോവിഡ് -19 സാഹചര്യം ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇന്തോ-പസഫിക്കുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ച ചെയ്തു.


"ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ഞങ്ങള്‍ക്ക് സമാനമായ മൂല്യങ്ങളുണ്ട്, സമാനമായ ഭൗമരാഷ്ട്രീയ താല്‍പ്പര്യങ്ങളുണ്ട്, "അമേരിക്കയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജയായ ഹാരിസിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി മോഡി പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ആഗോള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തെന്നും സ്വതന്ത്രമായ ഇന്തോ-പസഫിക് മേഖലയോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുവെന്നും വിദേശ കാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്തോ-യു.എസ് ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ശാസ്‌ത്ര സാങ്കേതിക മേഖലയിലെ വികസനവുമായി ബന്ധപ്പെട്ട ഇടപെടലുകളുമാണ് കമലാ ഹാരിസുമായി ചര്‍ച്ച ചെയ്തത്. യു.എന്‍ സമ്മേളനത്തിനായി നേരത്തെ യു.എസിലെത്തിയ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക സംഘത്തിനൊപ്പം ചേര്‍ന്നു.

ക്വാഡ് സമ്മേളനത്തിന് മുന്നോടിയായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ എന്നിവരുമായി ഉഭയകക്ഷി വിഷയങ്ങള്‍ മോഡി ചര്‍ച്ച ചെയ്‌തു. അഫ്ഗാന്‍ വിഷയവും മേഖലയിലെ സുരക്ഷയുമാണ് ക്വാഡില്‍ പ്രധാന ചര്‍ച്ചാ വിഷയം. സംയുക്ത കോവിഡ് വാക്സിന്‍ നയം, പരസ്‌പര സഹകരണം എന്നിവയും ചര്‍ച്ചയാവും.

അതേസമയം മുഖ്യപരി​പാടി​യായ ക്വാഡ് സമ്മേളനവും യു.എസ് പ്രസി​ഡന്റ് ജോ ബൈഡനുമായുള്ള കൂടി​ക്കാഴ്ചയും ഇന്നു നടക്കും. താലിബാനു കീഴില്‍ ചൈനയും പാകിസ്ഥാനും അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കുന്നതിലുള്ള ആശങ്ക ബൈഡനുമായുള്ള ചര്‍ച്ചയില്‍ മോഡി പങ്കുവയ്ക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.