പഞ്ചാബ് മോഡലിനായി കൊതിച്ച് രാജസ്ഥാനിലെ പൈലറ്റ് ക്യാമ്പ്

പഞ്ചാബ് മോഡലിനായി കൊതിച്ച്  രാജസ്ഥാനിലെ പൈലറ്റ് ക്യാമ്പ്

ന്യൂഡല്‍ഹി: അമരിന്ദറിനെ ഒതുക്കി പഞ്ചാബില്‍ നേതൃമാറ്റം നടപ്പാക്കിയതിന് പിന്നാലെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ രാജസ്ഥാനിലേക്കാണ.് ഇവിടെ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുന്‍ പാര്‍ട്ടി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാര തര്‍ക്കം രൂക്ഷമായിരിക്കുകയാണ്.

പഞ്ചാബില്‍ നടപ്പാക്കിയ ഓപ്പറേഷന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാനിലും നടപ്പാക്കിയേക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പ്രധാനമായും ഉറ്റുനോക്കുന്നത്. സച്ചിന്‍ പൈറ്റുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വെള്ളിയാഴ്ച ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയോടെ രാജസ്ഥാന്‍ മന്ത്രിസഭ പുനസംഘടന ഉടന്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

2018 ല്‍ രാജസ്ഥാന്‍ ഭരണം പിടിക്കുന്നതില്‍ പിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന സച്ചിന്‍ പൈലറ്റ് നിര്‍ണായ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സച്ചിന്‍ തന്നെയാകും രാജസ്ഥാനില്‍ മുഖ്യമന്ത്രിയാകുകയെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാല്‍ സോണിയ ഗാന്ധിയുടെ വിശ്വസ്തനും മുതിര്‍ന്ന നേതാവുമായ അശോക് ഗെലോട്ടിന് നറുക്ക് വീഴുകയായിരുന്നു. സമവായം എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനെ ഉപമുഖ്യമന്ത്രിയുമാക്കി. അന്ന് മുതല്‍ പക്ഷേ ഇരു നേതാക്കളും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ആരംഭിച്ചു.

ഗെലോട്ടുമായുള്ള അഭിപ്രായ വ്യത്യാസം മൂര്‍ച്ഛിച്ച് സച്ചിന്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നും അകന്നിരുന്നു. സര്‍ക്കാരിനെ മുള്‍മുനയില്‍ ആക്കിക്കൊണ്ടായിരുന്നു സച്ചിന്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകന്നത്. തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷ സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും പൈലറ്റിന് നഷ്ടമായി. അതേസമയം സച്ചിനെ പോലൊരു യുവ നേതാവിനെ നഷ്ടമായാല്‍ ഉണ്ടാകുന്ന തിരിച്ചടി മുന്നില്‍ കണ്ട് ഹൈക്കമാന്റ് ഇടപെട്ട് അദ്ദേഹത്തെ അനുനയിപ്പിച്ചു. നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയായിരുന്നു സച്ചിനെ നേതൃത്വം തിരിച്ചെത്തിച്ചത്. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടിരുന്നു. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു സച്ചിന്‍ ക്യാമ്പ്.


ഇതിനിടയിലാണ് സച്ചിന്‍ പക്ഷത്തിന് ഏറെ പ്രതീക്ഷ നല്‍കി പഞ്ചാബില്‍ നവജ്യോത് സിംഗ് സിദ്ദു-അമരീന്ദര്‍ സിംഗ് തര്‍ക്കത്തില്‍ മുതിര്‍ന്ന നേതാവായ അമരീന്ദറിനെ മാറ്റി നിര്‍ത്തി സിദ്ദുവിനൊപ്പം രാഹുല്‍ ഗാന്ധി നിലകൊണ്ടത്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി യുവ നേതാവും ദളിത് നേതാവുമായ ചരണ്‍ ജിത് ചന്നിയെ മുഖ്യമന്ത്രിയാക്കിയ നടപടി തങ്ങള്‍ക്കും ഗുണകരമാകുമെന്ന വിലയിരുത്തലിലായിരുന്നു പൈലറ്റ് ക്യാമ്പ്. ഈ പ്രതീക്ഷകള്‍ ആക്കം കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സച്ചിന്‍ പൈലറ്റുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചര്‍ച്ച നടത്തിയത്.

സച്ചിന് വലിയ പദവികള്‍ തന്നെ രാഹുല്‍-പ്രിയങ്ക ടീം കരുതിവെച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. അതിന് കാരണവുമുണ്ട്. ഒരിക്കല്‍ കലാപക്കൊടി ഉയര്‍ത്തി പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയ സച്ചിന്‍ മടങ്ങിയെത്തിയത് മുതല്‍ പാര്‍ട്ടിക്ക് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തന്നെ സച്ചിന്‍ പൈലറ്റിന് ഗാന്ധി സഹോദരങ്ങളോടുള്ള വിശ്വസ്തതയ്ക്കും അദ്ദേഹത്തിന്റെ ക്ഷമയ്ക്കും നിശബ്ദതയ്ക്കും അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

നിലവിലെ രാജസ്ഥാന്‍ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് മുന്നില്‍ പ്രധാനമായും മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന് സച്ചിന്‍ പൈലറ്റിനെ പിസിസി അധ്യക്ഷനാക്കുക. 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ സച്ചിനെ മുന്‍നിര്‍ത്തി നയിക്കുക. സച്ചിനും ഇത് തന്നെയാണ് താത്പര്യം. നേരത്തേ എഐസിസി പുനസംഘടനയില്‍ ഉള്‍പ്പെടുത്താമെന്ന ഹൈക്കമാന്റ് വാഗ്ദാനം സച്ചിന്‍ നിഷേധിച്ചതും ഇതേ ലക്ഷ്യം വെച്ചായിരുന്നു.

രണ്ടാമത്തെ സാധ്യത ഗെലോട്ടിനെ മാറ്റി നിര്‍ത്തി ശക്തമായൊരു സന്ദേശം നല്‍കുകയെന്നതാണ്. സമാന രീതിയില്‍ രാജസ്ഥാനിലും പഞ്ചാബ് മോഡല്‍ നടപ്പാക്കി ഹൈക്കമാന്റിന് നിലപാട് വ്യക്തമാക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുമല്ലങ്കില്‍ സച്ചിന്‍ പൈലറ്റിനോ അശോക് ഗെലോട്ടിനോ ദേശീയ തലത്തില്‍ സുപ്രധാന പദവി നല്‍കിയേക്കാം.

അതേസമയം രാജസ്ഥാനില്‍ ഗെലോട്ടിന്റെ പിന്‍ഗാമിയായി സച്ചിനെ അല്ലാതെ മറ്റൊരു നേതാവിനേയും മുന്‍നിര്‍ത്തി ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് മുന്നേറാന്‍ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. 2024 ല്‍ വന്‍ തിരിച്ചുവരവിന് തയ്യാറെടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വം അതിനാല്‍ രാജസ്ഥാനില്‍ റിസ്‌ക് എടുക്കാന്‍ തയ്യാറായേക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത്, ഹരിയാന, കര്‍ണാടക എന്നീ എട്ട് സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ വിജയിക്കുക മാത്രമല്ല, യുവ നേതാക്കളേയും പാര്‍ട്ടിയോട് കൂറുപുലര്‍ത്തുകയും ബിജെപിയോട് ഏറ്റുമുട്ടാന്‍ പ്രാപ്തരുമായ നേതാക്കളെ വളര്‍ത്തിയെടുക്കുക കൂടിയാണ് ലക്ഷ്യം. ആം ആദ്മി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഗുജറാത്ത് ,പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് വലിയ വെല്ലുവിളി തീര്‍ക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.