'സമുദ്രത്തിലൂടെയുള്ള കടന്നു കയറ്റം ചൈന നിര്‍ത്തണം': യു.എന്നില്‍ നരേന്ദ്ര മോഡി

'സമുദ്രത്തിലൂടെയുള്ള കടന്നു കയറ്റം ചൈന നിര്‍ത്തണം': യു.എന്നില്‍  നരേന്ദ്ര മോഡി

ന്യൂയോര്‍ക്ക്: കടലുകളില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ നീക്കത്തിനെതിരെ പരോക്ഷ മുന്നറിയിപ്പു നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്തോ-പസഫിക് മേഖലയില്‍ ചൈന പ്രകടമാക്കുന്ന അധിനിവേശ സ്വഭാവത്തില്‍ ഓസ്‌ട്രേലിയയും ജപ്പാനും ഉള്‍പ്പെടെ ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലാണ് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യവേ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശം.

'സമുദ്രങ്ങള്‍ വെട്ടിപ്പിടിക്കാനുള്ള ഓട്ടം തടയേണ്ടതുണ്ട്. സമുദ്രങ്ങളെന്നത് പങ്കിടപ്പെടേണ്ട പൈതൃകമാണ് ... അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ്. വിപുലീകരണത്തിനായുള്ള ഓട്ടത്തില്‍ നിന്ന് നാം അവയെ സംരക്ഷിക്കണം.അതിനായുള്ള പഴുതില്ലാത്ത നിയമം അടിസ്ഥാനമാക്കി ലോക ക്രമം ശക്തിപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒറ്റ ശബ്ദത്തില്‍ സംസാരിക്കണം'- മോഡി  പറഞ്ഞു.

ഐക്യരാഷ്ട്ര സഭ പോലുള്ള ആഗോള സംഘടനകളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മോഡി ഊന്നിപ്പറഞ്ഞു. ഇത്തരം പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത സമീപകാലത്ത് ചോദ്യം ചെയ്യപ്പെടുന്നതായും ചൂണ്ടിക്കാട്ടി. കാലാവസ്ഥാ പ്രതിസന്ധിയും കോവിഡ് പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ടെല്ലാം യു എന്‍ ഇന്ന് നിരവധി കടുത്ത ചോദ്യങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രോക്‌സി യുദ്ധവും അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിയും ഈ വെല്ലുവിളികളെ ആഴത്തിലാക്കി- അദ്ദേഹം പറഞ്ഞു.

കോവിഡ് -19 ഉത്ഭവം തര്‍ക്കവിഷയമായി തുടരുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം കാര്യങ്ങള്‍ ആഗോള ഭരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ത്തിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. ആഗോള സമൂഹത്തിന് കോവിഡ് -19 ന്റെ ഉത്ഭവം നിര്‍ണയിക്കാനായില്ല. അത് ഒരു ലാബില്‍ നിന്ന് ചോര്‍ന്നതാണോ അതോ പ്രകൃതിയില്‍ നിന്നു വികസിച്ചതാണോ എന്ന കാര്യത്തില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നു. വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് ചൈന കരുതുന്നുണ്ടെങ്കിലും, ഒരു ലബോറട്ടറിയില്‍ നിന്ന് ചോര്‍ന്ന മനുഷ്യനിര്‍മ്മിത രോഗകാരിയാകാമെന്ന ശക്തമായ സിദ്ധാന്തവും തള്ളിക്കളയാനാകില്ല.

മാരക വൈറസിന്റെ ഉത്ഭവ സ്ഥാനം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ സംഘം വൈകി നടത്തിയ അന്വേഷണം രാഷ്ട്രീയം കലര്‍ന്ന് തീര്‍ത്തും വിഫലമായി. ലോക ബാങ്കിന്റെ ആഗോള ബിസിനസ് കാലാവസ്ഥാ സൂചികാ പതിപ്പുകളില്‍ ചൈനയുടെ റാങ്കിംഗ് ഉയര്‍ത്താന്‍ ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെ സംഭവിച്ച 'ഡാറ്റ ക്രമക്കേടുകള്‍' ഗുരുതര സ്വഭാവമുള്ളതാണെന്നും മോഡി  പറഞ്ഞു.ഈ സാഹചര്യത്തില്‍ ആഗോള ക്രമവും നിയമങ്ങളും മൂല്യങ്ങളും സംരക്ഷിക്കുന്നതിന് യുഎന്‍ നിരന്തരം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.