ബ്രിട്ടനില്‍ ലോറി ഡ്രൈവര്‍മാരുടെ അഭാവം രൂക്ഷം; 5000 വിസ അനുവദിച്ചേക്കും

  ബ്രിട്ടനില്‍ ലോറി ഡ്രൈവര്‍മാരുടെ അഭാവം രൂക്ഷം; 5000 വിസ അനുവദിച്ചേക്കും


ലണ്ടന്‍: ട്രക്ക്, ലോറി ഡ്രൈവര്‍മാരുടെ അഭാവം രൂക്ഷമായതോടെ ബ്രിട്ടനില്‍ ഇന്ധന വിതരണം പലയിടത്തും തകരാറില്‍. ചില പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെയെല്ലാം വിതരണം പ്രതിസന്ധിയിലേക്കു നീങ്ങിത്തുടങ്ങി.ഇതോടെ വിസ നിബന്ധന ഇളവു ചെയ്ത് 5000 ട്രക്ക്, ലോറി ഡ്രൈവര്‍മാരെ രാജ്യത്തെത്തിക്കാന്‍ നടപടിയാരംഭിച്ചു.

ഇന്ധനം നിറയ്ക്കാന്‍ സ്റ്റേഷനുകളില്‍ കാറുകളുടെ നിരകള്‍ നീളുകയാണ്.മക്‌ഡൊണാള്‍ഡ്‌സ് മെനുവില്‍ നിന്ന് മില്‍ക്ക് ഷെയ്ക്കുകള്‍ താല്‍ക്കാലകമായി നീക്കി. കെഎഫ്‌സി ചിക്കന്‍ ഇനങ്ങളും കുറച്ചു. സൂപ്പര്‍ മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ വിടവുകള്‍ വലുതായി വന്നിട്ടും നിറയ്ക്കാനാകുന്നില്ല.

ബ്രെക്‌സിറ്റും കൊറോണ വൈറസ് വ്യാപനവും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് യു.കെയിലെ വിതരണ ശൃംഖലയെ പ്രതിസന്ധിയിലാക്കിയത്. പതിനായിരക്കണക്കിന് ട്രക്ക്, ലോറി ഡ്രൈവര്‍മാരുടെ അഭാവമാണുള്ളതെന്ന് നിരീക്ഷകര്‍ പറയുന്നു. ബിപിയും എസ്സോയും പല ഇന്ധന സ്റ്റേഷനുകളും അടച്ചു.അതേസമയം, പരിഭ്രാന്തരാകരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് വാഹന ഉടമകളോട് അഭ്യര്‍ത്ഥിച്ചു. ക്രിസ്മസ് കാലത്ത് ടര്‍ക്കികളുടെയും കളിപ്പാട്ടങ്ങളുടെയും ക്ഷാമം ഒഴിവാക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇളവു ചെയ്ത് യൂറോപ്പില്‍ നിന്ന് കൂടുതല്‍ ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വ്യവസായ മേഖല സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

ഇതിനിടെ, തൊഴിലാളി ക്ഷാമം പരിഹരിക്കാന്‍ വലിയ തോതിലുള്ള വിസ മാറ്റങ്ങള്‍ക്ക് ബ്രിട്ടന്‍ തയ്യാറെടുക്കുന്നുണ്ട്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നോക്കുകയാണെന്ന് പരിസ്ഥിതി സെക്രട്ടറി പറഞ്ഞു. സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്താനാകുമോ എന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകരെ വിദേശത്തുനിന്നു റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കുന്ന ഒരു ക്വാട്ട അടിസ്ഥാനമാക്കിയുള്ള പദ്ധതിയാണിത്.

സീസണല്‍ അഗ്രിക്കള്‍ച്ചറല്‍ വര്‍ക്കേഴ്‌സ് സ്‌കീമില്‍ ഈ വര്‍ഷം 30,000 താല്‍ക്കാലിക തൊഴിലാളികളെ ഇതുവരെ യുകെയില്‍ പ്രവേശിപ്പിച്ചു. എന്നിട്ടും ഒന്നുമാകാത്ത സ്ഥിതിയാണ്. കൃഷിയില്‍ താല്‍പ്പര്യവും പരിചയവുമുള്ള മലയാളി കര്‍ഷകര്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.