വിദേശ മരുന്നുകമ്പനികള്‍ നിര്‍മ്മിച്ചു വില്ക്കുന്ന കോവിഡ് മരുന്നുകളുടെ വില അമിതമായി ഉയര്‍ത്തുന്നതു തടയാന്‍ പേറ്റന്റ് നിയമത്തിലെ നിര്‍ബന്ധിത ലൈസന്‍സിങ് വ്യവസ്ഥ ഉപയോഗിക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന പ്രധാന മരുന്നാണ് റെംഡെസിവിര്‍. അമേരിക്കയിലെ ജിലിയാഡ് കമ്പനിയാണ് റെംഡെസിവീറിന്റെ പേറ്റന്റ് ഉടമകളും ഉല്പാദകരും. ഇന്ത്യയില്‍ നാലുകമ്പനികള്‍ക്ക് ഈ മരുന്നുല്പാദിപ്പിക്കാനുള്ള ലൈസന്‍സ് ജിലിയാഡ് നല്കി മൂന്നു കമ്പനികള്‍ മരുന്ന് വ്യത്യസ്ഥ വിലകളിലായി വിറ്റു തുടങ്ങിയിട്ടുമുണ്ട്.
വിവിധ കമ്പനികളുടെ മരുന്നു വില കണക്കാക്കിയാല്‍ അഞ്ചു ദിവസത്തെ കോഴ്‌സിന് 16,800 മുതല്‍ 32,000 രൂപയോ പത്തു ദിവസത്തെ കോഴ്‌സിന് 30,800 രൂപ മുതല്‍ 59,000 രൂപ വരെയോ ചെലവിടേണ്ടിവരും. റെംഡെസിവിര്‍ നൂറ് മിലിറ്ററിന്റെ ഒരു ആംപ്യൂള്‍ ഉല്പാദിപ്പിക്കാന്‍ ഗിലിയാഡ് കമ്പനിക്ക് കേവലം 100 രൂപ മാത്രമാണ് ചെലവാക്കേണ്ടിവരുന്നത്. ഇന്ത്യന്‍ കമ്പനികളില്‍ നിന്നും വന്‍തുക റോയല്‍റ്റിയായി വാങ്ങുന്നതു മൂലമാണ് വില കുറയ്ക്കാന്‍ കഴിയാതെ വരുന്നത്. ലക്ഷക്കണക്കിനാളുകള്‍ക്ക് രോഗം ബാധിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കുള്ള മരുന്നു പോലും ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് ബുദ്ധിമുട്ടേണ്ടിവരും. ധാരാളം പേര്‍ പ്രത്യേകിച്ചും മറ്റു സംസ്ഥാനങ്ങളില്‍, സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിണ്ടിവരുന്നതുകൊണ്ട് സാധാരണക്കാര്‍ക്ക് ചികിത്സ അപ്രാപ്യമാകും. മരണനിരക്ക് വര്‍ധിക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ പേറ്റന്റ് നിയമത്തിലെ 92-ാം നിര്‍ബന്ധിത ലൈസന്‍സിംഗ് വകുപ്പ് പ്രയോഗിച്ച് റെംഡെസിവിര്‍ കുറഞ്ഞ വിലയ്ക്ക് ഉല്പാദിപ്പിക്കാന്‍ തയ്യാറുള്ള കമ്പനിക്ക് അതിനുള്ള അവകാശം നല്കണം. മാത്രമല്ല 92 എ വകുപ്പ് കൂടി പ്രയോഗിച്ചാല്‍ മറ്റു രാജ്യങ്ങളിലേക്ക് മരുന്നു കയറ്റുമതി ചെയ്യാന്‍ ഇന്ത്യന്‍ കമ്പനിക ള്‍ക്ക് അവകാശം ലഭിക്കയും ചെയ്യും. നിരവധ്യ രാജ്യങ്ങള്‍ കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.
ഇസ്രയേല്‍ സര്‍ക്കാര്‍ പ്രത്യേക അധികാരം ഉപയോഗിച്ച് ലൊപിനാവിര്‍, റിറ്റോനാവിര്‍ മരു ന്നുകള്‍ ഇന്ത്യന്‍ കമ്പനിയായ ഹെറ്ററയോട് വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. കാനഡ സര്‍ക്കാര്‍ മരുന്നു വില നിയന്ത്രിക്കുന്നതിനായി കോവിഡ് 19 എമര്‍ജന്‍സി റസ്‌പോണ്‍സ് ആക്ടും ജര്‍മ്മനി പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് ഇന്‍ഫക്ഷിയസ് ഡിസീസസ് ഹൂമന്‍സ് ആക്ടും നടപ്പിലാക്കി. സമാനസ്വഭാവമുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്ക് ചിലിയും ഇക്വഡോറും നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. പൊതുജനാരോഗ്യസുരക്ഷയ്ക്ക് അനിവാര്യമാകുന്ന സാഹചര്യത്തില്‍ നിര്‍ബന്ധിത ലൈസന്‍സിംഗ് പ്രയോഗിക്കാമെന്ന് ഠഞകജട കരാറില്‍ തന്നെ വ്യക്തമാക്കിയട്ടുണ്ട്.
ലോകത്ത് ഏറ്റവുമധികം രോഗികളുള്ള രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധിത ലൈസന്‍സ് പ്രയോഗിച്ച് കോവിഡ് ഔഷധവില കുറയ്ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പട്ടു. വേസ്റ്റ് ടു എനര്‍ജ്ജി പദ്ധതി ഉപേക്ഷിക്കണം, മാലിന്യ പരിപാലനത്തിനുള്ള ലോക ബാങ്ക് പദ്ധതി ധനസഹായം മാത്രമാക്കി നടത്തിപ്പ് പൂര്‍ണചുമതലയും അധികാരവും തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിലനിര്‍ത്തണം, ഇരുപത്തിയഞ്ചാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും കൂടുതല്‍ ശക്തിപ്പെടുത്തണം , കോവിഡ് രോഗപ്പകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയിലെ മാനവവിഭവശേഷി വര്‍ദ്ധിപ്പിക്കുകയും ഭാവിയിലേയ്ക്കുള്ള ഗവേഷണം ശക്തിപ്പെടുത്തുകയും ചെയ്യണം, കേന്ദ്രത്തിലേയും വിവിധസംസ്ഥാനങ്ങളിലേയും സര്‍ക്കാരുകള്‍ രാജ്യത്ത് വര്‍ധിച്ചു വരുന്ന ദളിത്, സ്ത്രീ പീഡനങ്ങളും അതിക്രമങ്ങളും ചെറുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം , കോവിഡിനെതിരെ ശാസ്ത്രീയവും ശക്തവുമായ നിയന്ത്രണ നടപടികള്‍ തുടരണം, സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കണം എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.