ശ്രീനഗര്‍: ജമ്മുവിലെ കാശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എസ്ഐഎ) നടത്തിയ പരിശോധനയില്‍ റൈഫിളുകള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ പിടിച്ചെടുത്തു. പത്രത്തിനും മാനേജ്‌മെന്റിനുമെതിരെ എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസില്‍ എസ്ഐഎ പരിശോധന നടത്തിയത്.
പത്രത്തിനും അതിന്റെ പ്രമോട്ടര്‍മാര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് എസ്ഐഎ ഉദ്യോഗസ്ഥര്‍ പത്രത്തിന്റെ ഓഫീസിലും കമ്പ്യൂട്ടറുകളിലും വിശദമായ പരിശോധന നടത്തിയത്.
'പൊതു ക്രമസമാധാനത്തിന് ഭീഷണിയുയര്‍ത്തുന്ന ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചതിന് കാശ്മീര്‍ ടൈംസ് പത്രത്തിനെതിരെ എസ്ഐഎ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. 2020 ഒക്ടോബറില്‍ ശ്രീനഗറിലെ പ്രസ് എന്‍ക്ലേവിലുള്ള പത്രത്തിന്റെ ഓഫീസ് ജമ്മു കാശ്മീര്‍ ഭരണകൂടം സീല്‍ ചെയ്തിരുന്നു'- ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, തങ്ങളെ നിശബ്ദരാക്കാനുള്ള മറ്റൊരു ശ്രമമാണ് ഓഫീസിലെ പരിശോധനകളെന്ന് കാശ്മീര്‍ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
'വിമര്‍ശനാത്മക ശബ്ദങ്ങള്‍ കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തില്‍, അധികാരത്തോട് സത്യം പറയാന്‍ തയ്യാറുള്ള ചുരുക്കം ചില സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങളില്‍ ഒന്നായി ഞങ്ങള്‍ നിലകൊള്ളുന്നു. ആ ജോലി തുടരുന്നതുകൊണ്ടാണ് അവര്‍ കൃത്യമായി ഞങ്ങളെ ലക്ഷ്യമിടുന്നത്.
ഞങ്ങള്‍ക്ക് നേരെയുള്ള ആരോപണങ്ങള്‍ ഭയപ്പെടുത്താനും നിയമ സാധുത ഇല്ലാതാക്കാനും ഒടുവില്‍ നിശബ്ദരാക്കാനും വേണ്ടിയുള്ളതാണ്. പക്ഷേ, ഇതുകൊണ്ടൊന്നും ഞങ്ങള്‍ നിശബ്ദരാകില്ല'- കശ്മീര്‍ ടൈംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
തെറ്റ് ചെയ്തെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ നടപടി പാടുള്ളൂ എന്നും സമ്മര്‍ദത്തിന് വേണ്ടിയാകരുത് അതെന്നും പരിശോധനയോട് പ്രതികരിച്ച ഉപമുഖ്യമന്ത്രി സുരീന്ദര്‍ സിങ് ചൗധരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.