ന്യൂഡല്‍ഹി: വിസ ഓണ്‍ അറൈവലില്‍ യുഎഇ പൗരന്മാര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കി ഇന്ത്യ. രാജ്യത്തെ മൂന്ന് വിമാനത്താവളങ്ങള്‍ കൂടി ഈ ഗണത്തില്‍ ഉള്‍പ്പെടുത്തി.
കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളാണവ. കേരളത്തില്‍ രണ്ട് വിമാനത്താവളങ്ങളില്‍ ഒരുമിച്ച് ഇളവ് അനുവദിച്ചു എന്ന പ്രത്യേകതയുമുണ്ട്. നേരത്തെ ആറ് വിമാനത്താവളങ്ങളിലായിരുന്നു ഇളവ് അനുവദിച്ചിരുന്നത്.
ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദാരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ ആയിരുന്നു യുഎഇ പൗരന്മാര്‍ക്ക് നേരത്തേ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിച്ചിരുന്നത്.
യുഎഇ പൗരന്മാര്‍ കൂടുതലായി എത്തുന്ന വിമാനത്താവളങ്ങള്‍ പരിശോധിച്ചാണ് ഇപ്പോള്‍ ഇളവ് നല്‍കിയിട്ടുള്ളത്. അവര്‍ക്ക് യാത്ര എളുപ്പമാക്കുകയും അതുവഴി ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകള്‍ പരിപോഷിപ്പിക്കുകയുമാണ് ലക്ഷ്യം.
നേരത്തെ ഇ-വിസയോ സാധാരണ പേപ്പര്‍ വിസയോ ലഭിച്ച വ്യക്തികള്‍ക്ക് മാത്രമാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കാനുള്ള അര്‍ഹത. ഒരു തവണ വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്ന യുഎഇ പൗരന് 60 ദിവസം വരെ ഇവിടെ തങ്ങാം. മാത്രമല്ല, രണ്ട് തവണ രാജ്യത്തിന് പുറത്തു പോയി വരുന്നതിനും സാധിക്കും.
ടൂറിസം, ബിസിനസ്, കോണ്‍ഫറന്‍സ്, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്ക് വേണ്ടിയാണ് വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കുന്നത്. ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട് ആവശ്യമാണ് എന്നതാണ് ഒരു പ്രധാന നിബന്ധന. ഇന്ത്യയില്‍ എത്തിയാല്‍ ചെലവഴിക്കാന്‍ മതിയായ പണം കൈവശമുണ്ട് എന്ന രേഖയും ആവശ്യമാണ്.
താമസ സൗകര്യത്തിന്റെ രേഖയും മടക്ക വിമാന ടിക്കറ്റും ആവശ്യമാണ്. യുഎഇ പൗരന്റെ രക്ഷിതാവോ മുത്തച്ഛനോ പാകിസ്ഥാനില്‍ ജനിക്കുകയോ പാകിസ്ഥാനില്‍ സ്ഥിര താമസക്കാരനോ ആണെങ്കില്‍ ഈ ഇളവുകള്‍ ലഭിക്കില്ല.
2000 രൂപയാണ് വിസ ഓണ്‍ അറൈവല്‍ ലഭിക്കുന്നതിനുള്ള ഫീസ്. അല്ലെങ്കില്‍ തുല്യമായ വിദേശ കറന്‍സി നല്‍കിയാലും മതി. കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഏതൊരു വ്യക്തിക്കും ഫീസില്‍ മാറ്റമുണ്ടാകില്ല. ഒരു വര്‍ഷം എത്ര തവണ ഈ അവസരം ഉപയോഗിക്കാം എന്ന കാര്യത്തില്‍ പരിധി നിശ്ചയിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.