ഓകസ് അന്തര്‍വാഹിനി കരാറിന് ഓസ്‌ട്രേലിയയില്‍ 62% ജനപിന്തുണയെന്ന് സര്‍വേ; ചൈന ബന്ധത്തില്‍ ആശങ്ക

 ഓകസ് അന്തര്‍വാഹിനി കരാറിന് ഓസ്‌ട്രേലിയയില്‍ 62% ജനപിന്തുണയെന്ന് സര്‍വേ; ചൈന ബന്ധത്തില്‍ ആശങ്ക


കാന്‍ബറ: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അമേരിക്കയും ബ്രിട്ടണുമായും സഖ്യം ശക്തപ്പെടുത്തിയത് വിമര്‍ശിച്ചും സ്വാഗതം ചെയ്തും സര്‍വേ. 1094 പേര്‍ പങ്കെടുത്ത ഗാര്‍ഡിയന്‍ എസന്‍ഷ്യല്‍ പോള്‍ സര്‍വേയിലാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ സമീപകാല നടപടികള്‍ ചര്‍ച്ചയായത്.

അമേരിക്കയും ബ്രിട്ടണുമായും ആണവ അന്തര്‍വാഹിനി സംബന്ധിച്ച് കരാര്‍ ഉണ്ടാക്കിയ ഓസ്‌ട്രേലിയയുടെ നടപടിയെ 62 ശതമാനം പേരും സ്വാഗതം ചെയ്തു. ഓസ്‌ട്രേലിയയും ബ്രിട്ടണും അമേരിക്കയും ചേര്‍ന്ന് രൂപീകരിച്ച ഓകസ് സഖ്യം (Aukus) രാജ്യത്തിന്റെ സുരക്ഷയ്ക്കും വാണിജ്യ താല്‍പര്യങ്ങള്‍ക്കും അനുകൂലമെന്നാണ് 54 ശതമാനം പേരുടെ അഭിപ്രായം.

എന്നാല്‍ ഓകസ് സഖ്യത്തിന്റെ പുതിയ തീരുമാനങ്ങള്‍ ചൈനയുമായുള്ള ബന്ധം വഷളാക്കുമെന്നാണ് 55 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. ഫ്രാന്‍സുമായുള്ള ബന്ധം ഉലയുന്നതിലും നിരവധി പേര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഫ്രാന്‍സുമായുള്ള 90 ബില്യണ്‍ ഡോളറിന്റെ മുങ്ങിക്കപ്പല്‍ കരാര്‍ റദ്ദാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. പുതിയ സഖ്യം നിലവില്‍വന്ന ശേഷമാണ് ഫ്രാന്‍സുമായുള്ള സൈനിക കരാര്‍ റദ്ദായത്. ഈ തീരുമാനം ഫ്രാന്‍സുമായുള്ള വ്യാപാര വാണിജ്യ ബന്ധങ്ങളെ ഗൗരവമായി ബാധിക്കുമെന്നാണ് 48 ശതമാനം പേര്‍ ആശങ്കപ്പെട്ടത്.

അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ഫെഡറല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ദേശസുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ നിര്‍ണായകമാണ്. ഗാര്‍ഡിയന്‍ എസന്‍ഷ്യല്‍ പോള്‍ അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി ഉള്‍പ്പെടുന്ന ഭരണകക്ഷിക്ക് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയേക്കാള്‍ 13 പോയിന്റ് മുന്‍തൂക്കമുണ്ട്. രാജ്യാന്തര ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന കാര്യത്തിലും ഭരണകക്ഷി സഖ്യത്തിന് അഞ്ചു പോയിന്റ് ലീഡുണ്ട്.

ഇന്തോ-പസഫിക് മേഖലയില്‍ ചൈന സൈനിക വിന്യാസം ശക്തമാക്കുന്നതാണ് അമേരിക്കയും യു.കെയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഓസ്‌ട്രേലിയയെ പ്രേരിപ്പിച്ചത്. യു.എസിനും ഈ മേഖലയില്‍ വലിയ താല്‍പര്യങ്ങളുണ്ട്. എന്നാല്‍ ചൈനയുമായി വ്യാപാര-സൈനിക മേഖലകളില്‍ അടക്കം നേരിട്ട് ഏറ്റുമുട്ടുന്നതിനോട് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം അനുകൂലിക്കുന്നില്ല.

നയതന്ത്ര ബന്ധങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യമായാണ് സര്‍വേയില്‍ പങ്കെടുത്ത 66% പേര്‍ ചൈനയെ വിശേഷിപ്പിച്ചത്. 24 ശതമാനം ചൈനയെ ഭീഷണിയായി കരുതുമ്പോള്‍ 10 ശതമാനം ചൈനയുമായുള്ള ഓസ്ട്രേലിയയുടെ ബന്ധം മെച്ചപ്പെടുത്താനുള്ള നല്ല അവസരമാണിതെന്ന് അഭിപ്രായപ്പെടുന്നു. ചൈനയുമായി നേരിട്ട് ഏറ്റുമുട്ടുന്നത് സൂക്ഷിച്ചുവേണമെന്നാണ് 24 ശതമാനം പേരുെട അഭിപ്രായം.

ഓകസ് സഖ്യത്തിന്റെ ആണവ മുങ്ങിക്കപ്പല്‍ കരാര്‍ ഓസ്‌ട്രേലിയയുടെ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കുമെന്നാണ് 45 ശതമാനം അഭിപ്രായപ്പെട്ടത്.

അതേസമയം, കാലാവസ്ഥാ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ പിന്നോക്കം പോയെന്നാണ് സര്‍വേ പറയുന്നത്. ലേബര്‍ പാര്‍ട്ടിക്ക് 13 പോയിന്റ് ലീഡ് ഇക്കാര്യത്തിലുണ്ട്.

നവംബറില്‍ ഗ്ലാസ്ഗോയില്‍ നടക്കുന്ന യു.എന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ ഓസ്‌ട്രേലിയയുടെ കാര്‍ബണ്‍ മലിനീകരണം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കാനിരിക്കെ, ഭൂരിഭാഗം ഓസ്ട്രേലിയക്കാരും (66%) പുനരുപയോഗ ഊര്‍ജ (renewable energy) പദ്ധതികളെ വിപുലീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണയ്ക്കുന്നു. വെറും എട്ടു ശതമാനമാണ് കല്‍ക്കരി പ്ലാന്റുകളെ സര്‍വേയില്‍ പിന്തുണച്ചത്.

ആണവ മുങ്ങിക്കപ്പല്‍ കരാറില്‍ ഏര്‍പ്പെട്ട ഓസ്‌ട്രേലിയയ്ക്ക് സ്വന്തമായി ആണവോര്‍ജ നിലയം വേണം എന്നായിരുന്നു സര്‍വേയില്‍ 19 ശതമാനം ഉയര്‍ത്തിയ അഭിപ്രായം. ആണവ മുങ്ങിക്കപ്പലുകളെ 47 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ ആണവായുധങ്ങള്‍ വേണമെന്ന പറഞ്ഞത് 29 ശതമാനമാണ്. 38% ആണവായുധങ്ങളെ എതിര്‍ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.