ബ്രിസ്ബന്‍: ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് തീരത്ത് സന്ദര്‍ശകര്‍ക്ക് കണ്ണിനും കാമറയ്ക്കും വിരുന്നായി കുട്ടി തിമിംഗലത്തിന്റെ 'അഭ്യാസപ്രകടനങ്ങള്‍'.
നീല ജലപരപ്പിനു മുകളിലൂടെ തുള്ളിച്ചാടുന്ന രണ്ടു ടണ്‍ ഭാരമുള്ള കുട്ടിത്തിമിംഗലത്തിന്റെ ചിത്രങ്ങളാണ് സഞ്ചാരികളുടെ മനസും കാമറയും കവര്‍ന്നത്. സഞ്ചാരികളുടെ ബോട്ടിനു സമീപത്തുകൂടി തിമിംഗലം നീന്തുകയും ചെയ്തു. ഹെര്‍വി ബേയ്ക്കു സമീപം കഴിഞ്ഞ ദിവസമാണ് കുട്ടിത്തിമിംഗലത്തെ കണ്ടെത്തിയതെന്ന് ബോട്ടിന്റെ ക്യാപ്റ്റനായ പീറ്റ് ലിഞ്ച് പറഞ്ഞു. ബോട്ടില്‍നിന്ന് 100 മീറ്റര്‍ മാത്രം അകലെയാണ് തിമിംഗലത്തെ കണ്ടത്. നാലു മീറ്ററോളം നീളമുള്ള തിമിംഗലത്തിന് ഒരു മാസം പ്രായം ഉണ്ടാകും. ഇത്തരത്തിലുള്ള കുട്ടിത്തിമിംഗലങ്ങളെ അപൂര്‍മായി മാത്രമേ അടുത്തു കാണാന്‍ സാധിക്കൂ.
വെള്ളത്തിനു മുകളിലൂടെ പൊങ്ങിച്ചാടുന്ന കുട്ടിത്തിമിംഗലത്തിന്റെ ദൃശ്യം കാമറയില്‍ പതിഞ്ഞപ്പോള്‍.
കടലില്‍ വിനോദ സഞ്ചാര സംഘവുമായി പോകുമ്പോഴായിരുന്നു ഈ സുന്ദരകാഴ്ച. കുട്ടിത്തിമിംഗലത്തിന്റെ അമ്മ കുറച്ചകലെ മാറി നീന്തുന്നുണ്ടായിരുന്നു. ഇരുവരെയും അടുത്തു കാണാന്‍ ബോട്ട് മെല്ലെ മെല്ലെ അടുത്തേക്കു നീക്കി. അമ്മത്തിമിംഗലം ഇടയ്ക്കിടെ ജലോപരിതലത്തിനു മുകളിലേക്കു വന്ന് മുങ്ങിമറയുന്നതും കണ്ടു.
അല്‍പസമയം കഴിഞ്ഞപ്പോള്‍ അമ്മത്തിമിംഗലവും കുട്ടിത്തിമിംഗലവും ഒരുമിച്ച് ജലോപരിതലത്തിലേക്ക് ഉയര്‍ന്നുവന്നു. ഇരുവരും വെള്ളത്തിനു മുകളിലേക്കു പൊങ്ങിച്ചാടുമെന്ന് പീറ്റ് ലിഞ്ചിന് അറിയാമായിരുന്നു. ഏറെക്കഴിയും മുന്‍പേ ആദ്യം കുട്ടിത്തിമിംഗലവും പിന്നീട് അമ്മയും മൂന്നു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ജലപരപ്പിനു മുകളിലേക്ക് ഉയര്‍ന്നു. ശ്വാസോച്ഛ്വാസം ചെയ്തശേഷം ആഴങ്ങളിലേക്ക് ഊളിയിട്ടു.
ലോകത്തെ തന്നെ ഏറ്റവും വലുപ്പമേറിയ രണ്ടാമത്തെ ജീവിയായ കൂനന്‍ തിമിംഗലങ്ങളാണ് ഈ ഭാഗത്തുള്ളത്. ജലപരപ്പിനു മുകളിലേക്കു പൊങ്ങിച്ചാടാന്‍ ഇഷ്ടപ്പെടുന്നവരാണ് കുട്ടിത്തിമിംഗലങ്ങളെന്ന് ഓഷ്യാന പ്രോജക്ട് സ്ഥാപകന്‍ വാലി ഫ്രാങ്ക്‌ലിന്‍ പറഞ്ഞു
എല്ലാ വര്‍ഷവും നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ തിമിംഗലങ്ങളെ നേരിട്ടുകാണാന്‍ എത്തുന്ന സ്ഥലമാണിവിടം. ഇക്കുറി 50000 ടിക്കറ്റുകള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രേസര്‍ കോസ്റ്റ് ടൂറിസം ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ സിമ്മണ്‍സ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളെതുടര്‍ന്ന് ക്വീന്‍സ്‌ലന്‍ഡിലെ ടൂറിസം മേഖല നിര്‍ജീവമായ അവസ്ഥയിലായിരുന്നു. എന്നാല്‍ സെപ്റ്റംബറില്‍ സ്‌കൂള്‍ അവധി വന്നതോടെ സ്ഥിതി മെച്ചപ്പെട്ടു. ബ്രിസ്ബന്‍, ഗോള്‍ഡ് കോസ്റ്റ്, സണ്ണി കോസ്റ്റ് എന്നിവിടങ്ങളില്‍നിന്ന് നിരവധി സഞ്ചാരികളാണ് ഓഗസ്റ്റ് പകുതി മുതല്‍ എത്തുന്നത്. ലോകത്തിലെ ആദ്യത്തെ തിമിംഗല പൈതൃക കേന്ദ്രം എന്ന നിലയിലാണ് ഹെര്‍വി ബേ അറിയപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.