മുംബൈ: മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രിക്കെതിരെ 100 കോടിയുടെ കോഴ ആരോപണം പുറത്തുകൊണ്ടുവന്ന മുംബൈ മുന്‍ പോലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗിനെ കാണാതായി. അദ്ദേഹം റഷ്യയിലേക്ക് മുങ്ങിയതായി അഭ്യൂഹമുണ്ട്. പരംബീര്‍ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ മുംബൈ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ, പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയോട് ബാറുകളില്‍ നിന്ന് 100 കോടി രൂപ പിരിച്ച് നല്‍കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടെന്നായിരുന്നു കമ്മീഷണര്‍ ഉന്നയിച്ച ആരോപണം. ഇതേ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചതോടെ ദേശ്മുഖ് രാജിവെച്ചു.അംബാനിയുടെ വീട്ടിന് സമീപം സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് പരംബീര്‍ സിംഗിനെ സര്‍ക്കാര്‍ ഹോം ഗാര്‍ഡിലേക്ക് മാറ്റിയിരുന്നു.
ആഭ്യന്തരമന്ത്രിയായിരുന്ന ദേശ്മുഖിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരംബീര്‍ സിംഗിനെ സ്ഥലം മാറ്റിയത്. പിന്നാലെയാണ് ദേശ്മുഖിനെതിരെ ഗുരുതര ആരോപണവുമായി ഇദ്ദേഹം എത്തിയത്. അതേസമയം ഭീഷണിപ്പെടുത്തി പണം തട്ടിയതുമായി ബന്ധപ്പെട്ട് നാലു പരാതികളാണ് പരംബീറിനെതിരെ നിലവിലുള്ളത്. ഇദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാനുള്ള നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് പരംബീര്‍ റഷ്യയിലേക്കു കടന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്.
പരംബീര്‍ സിംഗ് ഓഗസ്റ്റ് രണ്ടാം വാരമാണ് അവധി നീട്ടാനായി അവസാനമായി സര്‍ക്കാരിനെ സമീപിച്ചത്. പിന്നീട് അദ്ദേഹത്തില്‍നിന്നുള്ള വിവരങ്ങളൊന്നുമില്ലെന്ന് പോലീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. സ്വദേശമായ ചണ്ഡിഗഢിലേക്കു പോകുന്നുവെന്ന് ഓഫീസില്‍ അറിയിച്ചിരുന്നു. ഫോണ്‍ 'സ്വിച്ച്ഡ് ഓഫ്' ആണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരിക്കെ പരംബീര്‍ സിംഗിന് സര്‍ക്കാരിന്റെ അനുമതി കൂടാതെ വിദേശത്തേക്ക് പോകാനാകില്ലെന്നും റഷ്യയിലേക്ക് പോയെങ്കില്‍ അത് ഒട്ടും ശരിയായില്ലെന്നും ആഭ്യന്തരമന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ പറഞ്ഞു. മേയ് 5 മുതല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയില്‍ പ്രവേശിച്ച പരംബീര്‍ പിന്നീട് അവധി നീട്ടുകയായിരുന്നു. ഇപ്പോള്‍ പരംബീര്‍ സിംഗിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ബാക്കി നടപടികള്‍ അദ്ദേഹത്തെ കണ്ടെത്തിയ ശേഷം കേന്ദ്ര സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും ദിലീപ് വല്‍സെ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.