ടോക്യോ: പ്രണയസാക്ഷാത്കാരത്തിനായി രാജപദവിയും അധികാരങ്ങളും ഉപേക്ഷിക്കാനൊരുങ്ങുകയാണ് ജപ്പാനിലെ രാജകുമാരി മാകോ. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ മാകോയും സഹപാഠിയും അഭിഭാഷകനുമായ കെയി കൊമുറോയും വിവാഹിതരാകുന്നു. ഈ മാസം 26-നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ജപ്പാനിലെ അകിഷിനോ രാജകുമാരന്റെ മൂത്ത മകളാണ് 29കാരിയായ മാകോ.
വിവാഹത്തിനുശേഷം ഇരുവരും യു.എസിലേക്കു താമസം മാറ്റുമെന്നാണു റിപ്പോര്‍ട്ടുകള്‍. നിയമമേഖലയുമായി ബന്ധപ്പെട്ട് യു.എസില്‍ ജോലി ചെയ്യുകയാണ് സാധാരണ കുടുംബത്തിലെ അംഗമായ കെയി കൊമുറോ. 2017-ലാണ് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്.
ടോക്യോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കോളജിലെ സഹപാഠികളായിരുന്നു ഇരുവരും. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറി. വര്‍ഷങ്ങളായി ഇവരുടെ പ്രണയ കഥ ലോകം ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇരുവര്‍ക്കും ഒന്നിക്കാനായില്ല. രാജകുടുംബത്തിലെ എതിര്‍പ്പാണ് വിവാഹം വൈകാന്‍ കാരണം. വിവാഹം പോലുള്ള തീരുമാനങ്ങളില്‍ രാജകുടുംബം കര്‍ശന സമീപനം സ്വീകരിക്കാറാണ് പതിവ്.
രാജകുടുംബത്തിലെ വനിതകള്‍ സാധാരണക്കാരെ വിവാഹം കഴിച്ചാല്‍ അവരുടെ രാജപദവിയും അധികാരങ്ങളും നഷ്ടപ്പെടും. അതിനാല്‍ വിവാഹത്തോടെ മാകോയും സാധാരണക്കാരിയാകും. എന്നാല്‍, പുരുഷന്മാര്‍ക്ക് ഈ നിയമം ബാധകമല്ല.
2018 നവംബറില്‍ ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും പിന്നീട് മാറ്റിവെച്ചു. കൊമുറോയുടെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിലായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവച്ചത്. അതിനിടെ കൊമുറോ ഉന്നതപഠനത്തിനായി യു.എസിലേക്കു പോയി.
രാജകുമാരിയുടെ പ്രണയകഥയ്ക്ക് വര്‍ഷങ്ങളായി പ്രാദേശിക മാധ്യമങ്ങള്‍ നല്‍കിയ അമിത പ്രാധാന്യം കൊട്ടാരത്തിലും വലിയ അസ്വസ്ഥതകള്‍ സൃഷ്ടിച്ചിരുന്നു. ഇതേതുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോയ രാജകുമാരിക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ബാധിച്ചു. ഇതെല്ലാം അതിജീവിച്ചാണ് മാകോ ഇപ്പോള്‍ വിവാഹത്തിന് ഒരുങ്ങുന്നത്.
ആചാരപ്രകാരം ലഭിക്കേണ്ട 12 ലക്ഷം ഡോളര്‍ വേണ്ടെന്നുവെച്ചാണ് മാകോ വിവാഹം കഴിക്കുന്നത്. രാജകുടുംബത്തിന്റെ പരമ്പരാഗത ആചാരങ്ങളില്ലാതെ, വിവാഹം ലളിതമാക്കാനാണ് ഇരുവരുടെയും തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.