ഏകാന്തതയെ പ്രണയിച്ച ബ്രോണിലെ വിശുദ്ധ ജെറാര്‍ഡ്

ഏകാന്തതയെ പ്രണയിച്ച ബ്രോണിലെ വിശുദ്ധ ജെറാര്‍ഡ്

അനുദിന വിശുദ്ധര്‍ - ഒക്ടോബര്‍ 03

ബെല്‍ജിയത്തിലെ നാമൂര്‍ എന്ന സ്ഥലത്താണ് ജെറാര്‍ഡ് ജനിച്ചത്. കുലീനമായ ജന്മം കൊണ്ടും ആദ്യ കാഴ്ചയില്‍ തന്നെ ഇഷ്ടം തോന്നുന്ന പ്രസാദകരമായ മുഖഭാവം കൊണ്ടും അനുഗ്രഹീതനായിരുന്നു ജൊറാര്‍ഡ്. നാമൂര്‍ പ്രഭു 918 ല്‍ ജെറാര്‍ഡിനെ ഫ്രഞ്ച് രാജാവിന്റെ പക്കലേക്ക് ഒരു സന്ദേശവുമായി അയച്ചു.

സന്ദേശം രാജാവിന് കൈമാറിയ ശേഷം അദ്ദേഹം ഫ്രാന്‍സില്‍ കുറച്ചു കാലം താമസിച്ചു. ഒരു ദിവസം ജെറാര്‍ഡിന് വിശുദ്ധ പത്രോസിന്റെ ദര്‍ശനം കിട്ടി. ദര്‍ശനത്തില്‍ വിശുദ്ധ യുജിയസിന്റെ തിരുശേഷിപ്പുകള്‍ ബല്‍ജിയത്തിലെ ബ്രോണിലേക്ക് കൊണ്ടുവരാനാണ് വിശുദ്ധ പത്രോസ് അവശ്യപ്പെട്ടത്.

ആ കൃത്യം നിര്‍വഹിച്ചശേഷം ജെറാര്‍ഡ് വിശുദ്ധ ഡെനിസിന്റെ ബെനഡിക്ടന്‍ ആശ്രമത്തില്‍ ചേര്‍ന്ന് വൈദിക പട്ടം സ്വീകരിച്ചു. പുരോഹിതനായ ശേഷം സ്വന്തം രാജ്യത്തേക്ക് മടങ്ങിയ ജെറാര്‍ഡ് ബ്രോണില്‍ ഒരു ആശ്രമം സ്ഥാപിച്ച് ഏകാന്ത വാസം തുടങ്ങി. ഏകാന്തതയെ അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നു.

എന്നാല്‍ അധികനാള്‍ ഈ ഏകാന്തവാസം തുടരാന്‍ ദൈവം അനുവദിച്ചില്ല. വിശുദ്ധ ഗിസ്ലെയിന്‍ ആശ്രമത്തിലെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തുവാനുള്ള ദൈവവിളി ജെറാര്‍ഡിനുണ്ടായി. കാരണം അവിടുത്തെ സന്യാസിമാര്‍ പണം വാങ്ങിയതിനു ശേഷം വിശുദ്ധന്റെ കബറിടം തുറന്ന് ദര്‍ശനം അനുവദിക്കുമായിരുന്നു. ഈ തെറ്റായ പ്രവര്‍ത്തി വിജയകരമായി അവസാനിപ്പിച്ച ശേഷം, ഫ്‌ളാണ്ടേഴ്‌സിയിലുള്ള സകല ആശ്രമങ്ങളും നവീകരിക്കാനുള്ള ചുമതലയും അദ്ദേഹത്തിന് ലഭിച്ചു.

വിശുദ്ധ ബെനഡിക്ടിന്റെ നിയമ പ്രകാരം ഏകദേശം 20 വര്‍ഷം അദ്ദേഹം നവീകരണ പരിഷ്‌ക്കാര ജോലികള്‍ക്ക് വേണ്ടി കഠിനാദ്ധ്വാനം ചെയ്തു. അവസാന കാലഘട്ടങ്ങളില്‍ അദ്ദേഹത്തിന് കീഴിലുണ്ടായിരുന്ന മുഴുവന്‍ ആശ്രമങ്ങളിലും ഒരു സന്ദര്‍ശനം കൂടി നടത്തിയ ശേഷം ബ്രോണിലെ തന്റെ ആശ്രമത്തിലേക്ക് ജെറാര്‍ഡ് മടങ്ങി. 959 ല്‍ അദ്ദേഹം കര്‍ത്താവില്‍ നിദ്രപ്രാപിച്ചു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ടുളോണ്‍ ബിഷപ്പായിരുന്ന സിപ്രിയന്‍

2. അലക്‌സാണ്ട്രിയായിലെ ഡയനീഷ്യസ്

3. വെളുത്ത എവാള്‍ഡും കറുത്ത എവാള്‍ഡും

4. ലയോണ്‍ ബിഷപ്പായിരുന്ന ഫ്രോയിലന്‍

'അനുദിന വിശുദ്ധര്‍' എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.








വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.