ആര്യന്‍ കുടുങ്ങിയ മയക്കുമരുന്നു പാര്‍ട്ടി നടന്നത് റോയല്‍ കരീബിയന്റെ പഴയ ആഡംബര കപ്പലില്‍

ആര്യന്‍  കുടുങ്ങിയ മയക്കുമരുന്നു പാര്‍ട്ടി നടന്നത് റോയല്‍ കരീബിയന്റെ പഴയ ആഡംബര കപ്പലില്‍


മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ള പ്രമുഖര്‍ക്ക് പങ്കുണ്ടെന്ന് കരുതുന്ന ലഹരി പാര്‍ട്ടി നടന്നത് കൊട്ടാരത്തിന് തുല്യമായ കപ്പലില്‍. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്റെ പഴയ ക്രൂയിസ് കപ്പലാണിത്. കൊച്ചിയിലേക്കും ലക്ഷദ്വീപിലേക്കും ഉള്‍പ്പെടെ ആഡംബര യാത്രാ പരിപാടി പ്രഖ്യാപിച്ചിരുന്നു ഈ മനോഹര യാനത്തില്‍.കെല്‍റ്റിക് ഭാഷയില്‍ കടലിന്റെ മകളെന്നാണ് 'കൊര്‍ഡെലിയ'യുടെ അര്‍ത്ഥം.

കൊര്‍ഡെലിയയില്‍ മയക്കുമരുന്നു സഹിതം ലഹരി പാര്‍ട്ടി നടത്തിയതായി പറയുന്ന സംഭവവുമായി കമ്പനിക്ക് യാതൊരു ബന്ധവുമില്ലെന്നും കപ്പല്‍ ഡല്‍ഹിയിലെ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് താല്‍ക്കാലികമായി വാടകയ്ക്കു നല്കിയിരിക്കുകയായിരുന്നുവെന്നും കപ്പലിന്റെ ഉടമസ്ഥതയുള്ള വാട്ടര്‍വേയ്‌സ് ലിഷര്‍ ടൂറിസം കമ്പനി സി.ഇ.ഒ ജുര്‍ഗെന്‍ ബായ്ലോം പറഞ്ഞു. കര്‍ശന നിബന്ധനകളോടെയാണ് യാത്രക്കാരെ പ്രവേശിപ്പിക്കാറുള്ളത്. എന്തെങ്കിലും വീഴ്ച ജീവനക്കാരുടെ ഭാഗത്തു നിന്നും സംഭവിച്ചോയെന്ന് പരിശോധിച്ചുവരുന്നു. ചില യാത്രക്കാരുടെ ബാഗേജില്‍ നിന്ന്് ലഹരിവസ്തുക്കള്‍ കണ്ടെത്തുകയും ഇവരെ ഉടന്‍ തന്നെ കപ്പലില്‍ നിന്ന് ഇറക്കി വിടുകയും ചെയ്തിരുന്നു. ഇതുമൂലം കപ്പല്‍ വൈകിയതില്‍ ക്ഷമ ചോദിക്കുകയാണെന്നും സി.ഇ.ഒ പറഞ്ഞു.

എം.ഡി.എം.എ, എകാസ്റ്റേ, കൊക്കൈയ്ന്‍, മെഡാഫെഡ്രോ, ചരസ് എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ട് പേരാണ് അറസ്റ്റിലായത്. നടന്‍ അര്‍ബാസ് സേത്ത് മര്‍ച്ചന്റ്, മുണ്‍മൂണ്‍ ധമേച്ച, നൂപുര്‍ സരിക, ഇസ്മീത് സിംഗ്, മോഹക് ജസ്വാള്‍, വിക്രാന്ത് ഛോകര്‍, ഗോമിത്ത് ചോപ്ര എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. അതേസമയം, ഇവര്‍ക്ക് ലഹരി എത്തിച്ചു നല്‍കിയ സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതായി എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചു.ഇന്ത്യന്‍ റെയില്‍വേക്ക് കീഴിലെ ഐ.ആര്‍.സി.ടി.സിയാണ് കൊര്‍ഡെലിയ ക്രൂയിസ് കപ്പല്‍ സര്‍വിസ് സാധാരണ ഓപ്പറേറ്റ് ചെയ്യുന്നത്.



ഫൈവ്സ്റ്റാറിന് സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കൊര്‍ഡെലിയ കപ്പലില്‍ 794 മുറികളാണുള്ളത്. എല്ലാ ആധുനിക സൗകര്യങ്ങളും 11 നിലയുള്ള ഈ കപ്പലില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്വിമ്മിങ് പൂള്‍, ബാറുകള്‍, റെസ്റ്റോറന്റ്, ഫിറ്റ്നസ് ഏരിയ, പ്ലേയിങ് ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങള്‍, കാസിനോ, തിയറ്ററുകള്‍ തുടങ്ങിയവയെല്ലാം. 1800 യാത്രക്കാരെ വഹിക്കാന്‍ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്. കുട്ടികള്‍ക്കായുള്ള വലിയ പ്ലേ ഏരിയയും മുകളിലേക്ക് പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്. ലൈവ് മ്യൂസിക് ഷോ, ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ എന്നിവയും യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു. രണ്ട് രാത്രിയും ഒരു പകലും നീളുന്ന കപ്പല്‍ യാത്രയ്ക്ക് മുംബൈയില്‍ നിന്ന് 20,000 രൂപ മുതലുള്ള പാക്കേജുകളാണുള്ളത്. കൊച്ചിയില്‍ നിന്ന് 30,000 രൂപ മുതലാണ് പാക്കേജ് ആരംഭിക്കുന്നത്.

അറസ്റ്റിലായ ആര്യന്‍ ഖാനെ കോടതി എന്‍.സി.ബിയുടെ കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും.കപ്പലില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. എന്‍ഡിപിഎസ് നിയമത്തിലെ 8 സി, 20 ബി, 27, 35 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ആര്യനെതിരെ കേസ് എടുത്തിരിക്കുന്നത്. ലഹരി പാര്‍ട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ആര്യന്റെ വാട്സ് ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് രണ്ട് ദിവസം വേണമെന്ന് എന്‍സിബി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.