ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന നേതാവ്; ന്യൂ സൗത്ത് വെയില്‍സിനെ ഇനി ഡൊമിനിക് പെറോട്ടേറ്റ് നയിക്കും

ക്രൈസ്തവ മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന നേതാവ്; ന്യൂ സൗത്ത് വെയില്‍സിനെ ഇനി ഡൊമിനിക് പെറോട്ടേറ്റ് നയിക്കും

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സിലെ 46-ാമത് പ്രീമിയറായി ഡൊമിനിക് പെറോട്ടേറ്റ് കഴിഞ്ഞ ദിവസം ചുമതലയേറ്റതോടെ ജനാധിപത്യ വിശ്വാസികളും ക്രൈസ്തവ സമൂഹവും ഏറെ പ്രതീക്ഷയിലാണ്. യാഥാസ്ഥിതിക കത്തോലിക്ക കുടുംബത്തിലെ അംഗമായ ഡൊമിനിക് പെറോട്ടേറ്റ് ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിക്കുകയും അതേസമയം സ്വാതന്ത്ര്യത്തെക്കുറിച്ച് കൃത്യമായ നിലപാട് കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വ്യക്തിയാണ്.

വലിയ കുടുംബത്തിന്റെ മഹത്വത്തില്‍ വിശ്വസിക്കുന്ന പ്രീമിയറുടെ ഭാവി പരിപാടികള്‍ ആകാംക്ഷയോടെയാണ് ജനം നോക്കിക്കാണുന്നത്

അഴിമതി ആരോപണങ്ങളെതുടര്‍ന്ന് പ്രീമിയറായിരുന്ന ഗ്ലാഡിസ് ബെറെജിക്ലിയന്‍ രാജി വച്ചതിനെതുടര്‍ന്നാണ് ഡൊമിനിക് പെറോട്ടേറ്റ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന ട്രെഷററായിരുന്ന ഡൊമിനിക് പെറോട്ടേറ്റ് (39) ന്യൂ സൗത്ത് വെയില്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രീമിയറായിരിക്കും.

സിഡ്‌നിയിലെ ഹില്‍സ് ഡിസ്ട്രിക്റ്റാണ് പ്രീമിയറുടെ സ്വദേശം. വലിയ കത്തോലിക്ക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ഡൊമിനിക് പെറോട്ടറ്റ് 13 മക്കളില്‍ ഒരാളായിരുന്നു. ഭ്രൂണഹത്യയെ എതിര്‍ക്കുന്ന അദ്ദേഹം ആറു മക്കളുടെ പിതാവാണ്. ഹെലനാണ് ഭാര്യ.

ക്രൈസ്തവ മതവിശ്വാസത്തിലെ ആദര്‍ശങ്ങള്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സ്വാധീനം ചെലുത്തിയിട്ടുള്ളതായി അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന വോട്ടെടുപ്പില്‍ തന്റെ അടുത്ത സുഹൃത്തും പ്ലാനിംഗ് മന്ത്രിയുമായ റോബ് സ്റ്റോക്‌സിനെ അഞ്ചിനെതിരെ 39 വോട്ടുകള്‍ക്കു പരാജപ്പെടുത്തിയാണ് ഡൊമിനിക് പെറോട്ടേറ്റ് പ്രീമിയര്‍ സ്ഥാനത്തെത്തുന്നത്. ഗ്ലാഡിസ് ബെറജിക്ലിയനെതിരെ സംസ്ഥാനത്തെ അഴിമതി-വിരുദ്ധ നിരീക്ഷണ സമിതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവര്‍ സ്ഥാനം രാജി വച്ചത്.


ഡൊമിനിക് പെറോട്ടേറ്റും ഭാര്യ ഹെലനും മക്കളും

സംസ്ഥാന ലിബറല്‍ പാര്‍ട്ടി ഡെപ്യുട്ടി നേതാവായി തൊഴില്‍ മന്ത്രി സ്റ്റുവര്‍ട്ട് അയേഴ്‌സ് സ്ഥാനമേല്‍ക്കും. പരിസ്ഥിതി മന്ത്രി മാറ്റ് കീന്‍ ട്രഷറര്‍ സ്ഥാനത്തേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്.

കോവിഡ് വ്യാപനം രൂക്ഷമായതിനെതുടര്‍ന്ന് സംസ്ഥാനം സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടന്നു പോകുന്ന അവസരത്തിലാണ് ഡൊമിനിക് പെറോട്ടേറ്റ് ചുമതലയേല്‍ക്കുന്നത്.

തന്റെ നേതൃത്വത്തിലുള്ള ഭരണം സംസ്ഥാനത്ത് പുതിയ അധ്യായം ആരംഭിക്കുമെന്നും അടിസ്ഥാന സൗകര്യ വികസനത്തിനും കുടുംബങ്ങളുടെ ക്ഷേമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം പറഞ്ഞു.

മഹാമാരിയില്‍നിന്ന് ജനങ്ങളെ സുരക്ഷിതമാക്കുന്നതിനും സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കുന്നതിനുമായിരിക്കും ആദ്യ മുന്‍ഗണന.

സര്‍ക്കാരിന് കോവിഡ് പ്രതിരോധ നടപടികളിലും ലോക്ഡൗണ്‍ നീക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ഈ വര്‍ഷാവസാനം വരെ മന്ത്രിസഭാ പുനസംഘടന ഉണ്ടാകില്ലെന്ന് പ്രീമിയര്‍ അറിയിച്ചു.

ന്യൂ സൗത്ത് വെയില്‍സ് മന്ത്രിസഭയില്‍ നിലവില്‍ രണ്ട് സ്ത്രീകള്‍ മാത്രമേയുള്ളൂ, ഇത് പര്യാപ്തമല്ല. കൂടുതല്‍ സ്ത്രീകള്‍ക്കു പ്രാതിനിധ്യമുള്ള വൈവിധ്യമാര്‍ന്ന മന്ത്രിസഭയാണ് താന്‍ ആഗ്രഹിക്കുന്നത്. ഉചിതമായ സമയത്ത് മാറ്റങ്ങള്‍ വരുത്തുമെന്നും ഡൊമിനിക് പെറോട്ടേറ്റ് കൂട്ടിച്ചേര്‍ത്തു

ഇതുവരെയുള്ള എല്ലാ ലിബറല്‍ പ്രീമിയര്‍മാരും അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പക്ഷേ താന്‍ കുടുംബങ്ങളുടെ ക്ഷേമത്തിനും തുല്യ പരിഗണന നല്‍കും. തൊഴിലാളി കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കും.

ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷകന്‍

പുതിയ പ്രീമിയറുടെ സ്ഥാനാരോഹണത്തെ ഏറെ പ്രതീക്ഷയോടെയാണ് സംസ്ഥാനത്തെ ക്രൈസ്തവ സമൂഹവും പാരമ്പര്യവാദികളും നോക്കിക്കാണുന്നത്. ക്രൈസ്തവ വിശ്വാസം എങ്ങനെയാണ് തന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തിയത് എന്നതിനെക്കുറിച്ചും ഡൊമിനിക് പെറോട്ടറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വവര്‍ഗ വിവാഹം, ഭ്രൂണഹത്യ, ദയാവധം എന്നിവയെ ശക്തമായി അദ്ദേഹം എതിര്‍ക്കുന്നു. ദയാവധം കുറ്റവിമുക്തമാക്കുന്നതിനോടും വിയോജിപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

ഈ മാസം അവസാനം ന്യൂ സൗത്ത് വെയില്‍സ് പാര്‍ലമെന്റില്‍ ദയാവധ ബില്‍ അവതരിപ്പിക്കുമ്പോള്‍ എതിര്‍ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കിക്കഴിഞ്ഞു. 2019 ല്‍ സംസ്ഥാനത്ത് ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമാക്കുന്ന ബില്‍ കൊണ്ടുവന്നപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പു പ്രകടിപ്പിച്ച രാഷ്ട്രീയ നേതാവാണ് ഡൊമിനിക്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.