മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്‌ടോറിയന്‍ സംസ്ഥാനത്ത് കോവിഡ് വാക്‌സിനെതിരേ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത നിര്‍മാണ തൊഴിലാളി യൂണിയന്‍ അംഗങ്ങള്‍ക്കെതിരേ നടപടിക്കു സാധ്യത. സമരങ്ങളില്‍ പങ്കെടുത്ത പന്ത്രണ്ടോളം സി.എഫ്.എം.ഇ.യു (കണ്‍സ്ട്രക്ഷന്‍, ഫോറസ്ട്രി, മാരിടൈം, മൈനിംഗ് ആന്‍ഡ് എനര്‍ജി യൂണിയന്‍) അംഗങ്ങളെ പുറത്താക്കിയേക്കുമെന്നാണു സൂചന.
രണ്ടാഴ്ച മുന്‍പ് മെല്‍ബണിലെ സി.എഫ്.എം.ഇ.യു കെട്ടിടത്തിനു പുറത്തു വാക്‌സിനേഷനെതിരേ നടന്ന പ്രതിഷേധം അക്രമാസക്തമായിരുന്നു. തുടര്‍ന്ന് പോലീസും പ്രകടനക്കാരും തമ്മില്‍ ദിവസങ്ങള്‍ നീണ്ട ഏറ്റുമുട്ടലുമുണ്ടായി. ഇത് യൂണിയന്‍ ഓഫീസില്‍ കോവിഡ് വ്യാപനത്തിനും കാരണമായി. യൂണിയന്‍ അംഗങ്ങളുടെ അതിരുവിട്ട പ്രവൃത്തിയില്‍ നേതാക്കള്‍ കടുത്ത അമര്‍ഷത്തിലാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത പന്ത്രണ്ടോളം യൂണിയന്‍ അംഗങ്ങളെ നേതൃത്വം തിരിച്ചറിഞ്ഞിച്ചിട്ടുണ്ട്. പ്രക്ഷോഭത്തില്‍ യൂണിയന്‍ ഓഫീസിലെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തിരുന്നു. വാക്‌സിന്‍ വിരുദ്ധ നിലപാടുള്ളവരും ലോക്ഡൗണിനെ എതിര്‍ക്കുന്നവരുമാണ് പ്രകടനം നടത്തിയത്.
ആദ്യ പ്രതിഷേധദിനം മുതലുള്ള വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് യൂണിയന്‍ അംഗങ്ങളെ നേതൃത്വം തിരിച്ചറിഞ്ഞതെന്ന് സി.എഫ്.എം.ഇ.യു വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പന്ത്രണ്ടില്‍ കൂടുതല്‍ അംഗങ്ങള്‍ പ്രകടനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് അനുമാനം.
നിയമവിരുദ്ധവും അക്രമാസക്തവുമായ പ്രതിഷേധത്തില്‍ പങ്കെടുത്ത യൂണിയന്‍ അംഗങ്ങളെ പുറത്താക്കുന്നത് ഉള്‍പ്പെടെ കര്‍ശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.
പ്രതിഷേധത്തെത്തുടര്‍ന്ന് സിഎഫ്എംഇയു ഉദ്യോഗസ്ഥര്‍ക്കിടയില്‍ കോവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നു. ക്വാറന്റീനില്‍ കഴിയുന്ന യൂണിയന്‍ സെക്രട്ടറി ജോണ്‍ സെറ്റ്കയാണ് അംഗങ്ങള്‍ പുറത്താക്കല്‍ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പു നല്‍കിയത്.
'തൊഴില്‍ രംഗത്ത് ഇത്തരത്തിലുള്ള ആളുകളെ തങ്ങള്‍ക്ക് ആവശ്യമില്ല. ഇത് അപമാനകരമായ പ്രവൃത്തിയാണ്. ആര്‍ക്കെങ്കിലും ഇങ്ങനെ പെരുമാറണമെങ്കില്‍ അവര്‍ക്ക് മറ്റെവിടെയെങ്കിലും പോയി ജോലി ചെയ്യാമെന്ന് ജോണ്‍ സെറ്റ്ക പറഞ്ഞു.
പ്രതിഷേധസമയത്ത് യൂണിയന്റെ ആസ്ഥാനത്ത് ഉണ്ടായിരുന്ന ഏഴ് ഉദ്യോഗസ്ഥര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജീവനക്കാരില്‍നിന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നിരവധി കുടുംബാംഗങ്ങളിലേക്കും രോഗം വ്യാപിച്ചു. നാലുമാസം പ്രായമുള്ള കൊച്ചുകുട്ടിക്കും പ്രായമായവര്‍ക്കും രോഗം ബാധിച്ചു.
പ്രതിഷേധത്തില്‍ പങ്കെടുത്ത നിര്‍മാണ മേഖലയിലെ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.