താലിബാനുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി അമേരിക്ക

 താലിബാനുമായി ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി അമേരിക്ക

വാഷിംഗ്ടണ്‍: താലിബാനുമായി നേരിട്ടുള്ള ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നു.ദോഹയില്‍ മുതിര്‍ന്ന താലിബാന്‍ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അഫ്ഗാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്മാറിയതിന് ശേഷമുള്ള ആദ്യ വ്യക്തിഗത ചര്‍ച്ചയാകുമിത്.

അഫ്ഗാനില്‍ അവശേഷിക്കുന്ന വിദേശികളെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരിക്കും ചര്‍ച്ചയുടെ പ്രധാന ലക്ഷ്യമെന്നാണ് സൂചന. രാജ്യം വിടാന്‍ ആഗ്രഹിക്കുന്ന പരമാവധി പേരെ അതിനു സഹായിക്കുകയെന്നതും ഒരു ലക്ഷ്യമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അഫ്ഗാനികളുടെയും അവകാശങ്ങള്‍ക്ക് വിശാലമായ പിന്തുണയും ബഹുമാനവും നല്‍കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ താലിബാനോട് ആവശ്യപ്പെടുമെന്ന് യുഎസ് സേനാവൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനിസ്താന്‍ നിലവില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നത്. അഫ്ഗാന്‍ പൗരന്മാരുടെ ജീവിതത്തെ ഇത് സാരമായി ബാധിക്കുമെന്നും യു.എസ് നിരീക്ഷിക്കുന്നു.

അതേസമയം, അഫ്ഗാനിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. ആരാണ് ഇരു നേതൃത്വത്തേയും പ്രതിനിധീകരിച്ച് എത്തുക എന്നത് പുറത്തുവിട്ടിട്ടില്ല. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഒഴിപ്പിക്കലായിരുന്നു 18 ദിവസം നീണ്ട അഫ്ഗാന്‍ ഒഴിപ്പിക്കല്‍ ദൗത്യം. 1,23,000 പേരെയാണ് അഫ്ഗാനില്‍ നിന്നും അമേരിക്ക തിരിച്ചെത്തിച്ചത്.20 വര്‍ഷക്കാലത്തെ ദൗത്യം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 31 നാണ് അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.