ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധത്തിനും സുപ്രീം കോടതിയുടെ ഇടപെടലിനും ഇടയാക്കിയ ലഖിംപൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതിയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തു. പന്ത്രണ്ട് മണിക്കൂറോളം ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്ത പ്രതിയെ പ്രത്യേക അന്വേഷണ സംഘം പിന്നീട് മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കൊലപാതകം, കലാപശ്രമം എന്നിവ ഉള്‍പ്പെടെ എട്ടുവകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സംഭവ സമയത്ത് താന്‍ കാറില്‍ ഉണ്ടായിരുന്നില്ലെന്ന് തെളിയിക്കാന്‍ 10 വീഡിയോ ക്ലിപ്പിംഗുകളും സത്യവാങ്മൂലവും ആശിഷ് മിശ്ര അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാക്കി. അന്ന് 2.36 നും 3.30നുമിടയില്‍ എവിടെയായിരുന്നുവെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കിയില്ല.
വെള്ളിയാഴ്ച ഹാജരാകാനാണ് പോലീസ് ആദ്യം സമന്‍സ് നല്‍കിയതെങ്കിലും ആശിഷ് എത്തിയില്ല. നേപ്പാളിലേക്ക് കടന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സംഭവത്തില്‍ യു.പി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടികളില്‍ സുപ്രീം കോടതി കടുത്ത അതൃപ്തി പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ആശിഷ് കീഴടങ്ങാന്‍ തീരുമാനിച്ചത്.
ലഖിംപുര്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേക അന്വേഷണസംഘത്തിനു മുമ്പാകെ പതിനൊന്നോടെ സദര്‍ എം.എല്‍.എ യോഗേഷ് വര്‍മയുടെ സ്‌കൂട്ടറിലാണ് ആശിഷ് എത്തിയത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാന്‍ പിന്‍വാതിലിലൂടെയാണ് ഉള്ളില്‍ പ്രവേശിച്ചത്. ആശിഷിന്റെ ഫോണ്‍ പോലീസ് പരിശോധനയ്ക്കായി പിടിച്ചെടുത്തു. പ്രത്യേകാന്വേഷണ സംഘം(എസ്.ഐ.ടി.) ചോദ്യംചെയ്യല്‍ തുടങ്ങിയതിനു പിന്നാലെ ക്രൈംബ്രാഞ്ച് ഓഫീസിനുചുറ്റും കനത്ത പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിരുന്നു.
കര്‍ഷക സമരക്കാര്‍ക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനത്തില്‍ താനുണ്ടായിരുന്നില്ലെന്ന് ആശിഷ് അന്വേഷണ സംഘത്തോട് പറഞ്ഞു. ഇതിനെ സാധൂകരിക്കാന്‍ മൊബൈലിലെടുത്ത വീഡിയോകളും 10 വ്യക്തികളുടെ സാക്ഷ്യപത്രങ്ങളും ഹാജരാക്കി. എന്നാല്‍ ചില നിര്‍ണയക ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മന്ത്രിപുത്രനായില്ല. ഇരുപത്തിയഞ്ചോളം ചോദ്യങ്ങള്‍ പോലീസ് തയ്യാറാക്കിയിരുന്നു.
കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബാംഗങ്ങളുടെ മൊഴി പ്രകാരം ടിക്കോണിയ പോലീസില്‍ രജിസ്റ്റര്‍ചെയ്ത എഫ്.ഐ. ആറില്‍ മന്ത്രിയും മകനും ഗൂഢാലോചന നടത്തിയതായും ആശിഷ് കര്‍ഷകര്‍ക്കുനേരെ വെടിയുതിര്‍ത്തതായും രേഖപ്പെടുത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന ലവ് കുശ്, ആശിഷ് പാണ്ഡെ എന്നിവര്‍ വ്യാഴാഴ്ച അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെകൂടി അടിസ്ഥാനത്തിലാണ് ആശിഷിനും നോട്ടീസ് അയച്ചത്.
ആശിഷ് ഹാജരായതോടെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദു വെള്ളിയാഴ്ച തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു. എന്നാല്‍ മന്ത്രിപുത്രന്‍ അറസ്റ്റിലായതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.
ലഖിംപൂര്‍ കൂട്ടക്കൊലയെക്കുറിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അധ്യക്ഷന്‍ സര്‍ദാര്‍ ഇഖ്ബാല്‍ സിംഗ് ലാല്‍പുര യു.പി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.