വാഷിംഗ്ടണ്‍: ഗ്വാട്ടിമാലയില്‍ റോഡരുകില്‍ ഉപേക്ഷിക്കപ്പെട്ട ഷിപ്പിംഗ് കണ്ടെയ്നറിനുള്ളില്‍നിന്ന് 126 കുടിയേറ്റക്കാരെ പോലീസ് രക്ഷപ്പെടുത്തി. ട്രെയിലറിലെ കണ്ടെയ്നറിനുള്ളില്‍ നിന്ന് നിലവിളി കേട്ട പ്രദേശവാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. കൊക്കലെസ് നഗരത്തിന് സമീപം വഴിയോരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെയ്നര്‍.
മെക്സികോ വഴി അമേരിക്കയിലേക്കു പോകാന്‍ ശ്രമിച്ചവരാണ് കുടിയേറ്റക്കാരെന്ന് പോലീസ് വ്യക്തമാക്കി. മനുഷ്യക്കടത്തിനായി കുടിയേറ്റക്കാരില്‍ നിന്ന് പണം വാങ്ങിയ കള്ളക്കടത്തു സംഘം ഇവരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞതാണെന്നാണ് വിവരം. കണ്ടെത്തിയവരില്‍ 100 പേര്‍ ഹെയ്തിയില്‍ നിന്നുള്ളവരാണ്. മറ്റുള്ളവര്‍ നേപ്പാളില്‍നിന്നും ഖാനയില്‍നിന്നുള്ളവരുമാണ്. ഇവരുടെ പക്കല്‍ രേഖകള്‍ ഒന്നും ഉണ്ടായിരുന്നില്ല.
കണ്ടെയ്‌നറിനുള്ളില്‍ നിന്ന് തുടര്‍ച്ചയായി കരച്ചിലും മുട്ടലും കേട്ടതോടെയാണ് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചത്. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുടിയേറ്റക്കാരെ ഗ്വാട്ടിമാലന്‍ മൈഗ്രേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന അഭയകേന്ദ്രത്തിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഇവരെ ഹോണ്ടുറാസ് അതിര്‍ത്തിയിലേക്ക് തിരിച്ചയക്കുമെന്ന് പോലീസ് വ്യക്തമാക്കി.
മുന്‍പ് 350 കുട്ടികള്‍ ഉള്‍പ്പടെ 652 കുടിയേറ്റക്കാരെ മെക്സിക്കന്‍ അധികൃതര്‍ തടഞ്ഞിരുന്നു. അമേരിക്കന്‍ തെക്കന്‍ അതിര്‍ത്തിക്ക് സമീപം മൂന്ന് റഫ്രിജറേറ്റഡ് ട്രക്കുകളിലായിട്ടാണ് ഇവരെ കണ്ടെത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഘത്തെ കണ്ടെത്തിയത്. അപകടകരമായ രീതിയില്‍ ഇങ്ങനെ ആളുകള്‍ അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത് കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്.
ഇതിന് മുന്‍പ് അമേരിക്കന്‍ അതിര്‍ത്തിക്കടുത്ത് 50 ലധികം കുടിയേറ്റക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കൊളംബിയയുടെ അതിര്‍ത്തിയില്‍ പനാമയിലെ ഡാരിയന്‍ ഗ്യാപ് എന്ന വനത്തിലൂടെയുളള ഇടനാഴി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ മരിച്ചത്.
ജൂലൈയില്‍ ഹെയ്തി പ്രസിഡന്റ് ജോവനല്‍ മോയിസ് കൊല്ലപ്പെട്ടതും തൊട്ടടുത്ത മാസം വലിയ ഭൂചലനത്തെ നേരിട്ടതും രാജ്യത്തെ കടുത്ത അരക്ഷിതാവസ്ഥയിലേക്ക് നയിച്ചു. ഇത് കൂടുതല്‍ ആളുകള്‍ രാജ്യം വിട്ട് പലായനം ചെയ്യുന്നതിന് കാരണമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.