ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ മോചിതയായി; പിന്നാലെ മാര്‍പാപ്പയെ കണ്ടു

ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ മോചിതയായി; പിന്നാലെ മാര്‍പാപ്പയെ കണ്ടു

ബമാക്കോ: ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍നിന്ന് നാലു വര്‍ഷം മുമ്പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കന്യാസ്ത്രീ മോചിതയായി. കൊളംബിയന്‍ സ്വദേശിനിയായ കത്തോലിക്കാ കന്യാസ്ത്രീ ഗ്ലോറിയ സിസിലിയ നാര്‍വീസ് (59) ആണ് മോചിതയായത്. മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കന്യാസ്ത്രീ മോചിപ്പിക്കപ്പെട്ട വിവരം പുറംലോകത്തെ അറിയിച്ചത്. ബമാക്കോ ആര്‍ച്ച് ബിഷപ്പ് ജീന്‍ സെര്‍ബോയും വാര്‍ത്ത സ്ഥിരീകരിച്ചു.

മോചനത്തിനു പിന്നാലെ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുടെ അനുഗ്രഹം തേടി. ഇന്നലെ ദിവ്യബലി ആരംഭിക്കുന്നതിനു മുന്‍പാണ് മാര്‍പാപ്പയെ കണ്ടത്.


സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ ബമാക്കോ ആര്‍ച്ച് ബിഷപ്പ് ജീന്‍ സെര്‍ബോ, മാലിയുടെ ഇടക്കാല പ്രസിഡന്റ് കേണല്‍ അസിമി ഗോയിറ്റ എന്നിവര്‍ക്കൊപ്പം.

മാലിയുടെ തലസ്ഥാനമായ ബമാകോയില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ കൊട്ടിയാലയില്‍ മിഷണറിയായി ശുശ്രൂഷ ചെയ്യവേയാണ്, ഫ്രാന്‍സിസ്‌ക്കന്‍ സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയയെ 2017 ഫെബ്രുവരി ഏഴിന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്.

നാലു വര്‍ഷം നീണ്ട നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് സിസ്റ്ററിന്റെ മോചനം സാധ്യമായത്. കന്യാസ്ത്രീ പ്രകടിപ്പിച്ച ധൈര്യത്തെയും സമചിത്തതയെയും മാലി പ്രസിഡന്റ് അഭിനന്ദിച്ചു.

തന്നെ മോചിപ്പിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങള്‍ക്കും മാലി അധികൃതരോട് നന്ദിയുണ്ടെന്ന് സിസ്റ്റര്‍ ഗ്ലോറിയ പ്രതികരിച്ചു. താന്‍ ഏറെ ആഹ്‌ളാദത്തിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ആരോഗ്യത്തോടെ തുടരാന്‍ കഴിഞ്ഞു. ദൈവത്തിന് നന്ദി.

മോചനം സാധ്യമാക്കിയ മാലി അധികാരികള്‍ക്കും മറ്റ് എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നതായി ആര്‍ച്ച് ബിഷപ്പ് ജീന്‍ സെര്‍ബോ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.