പ്രാഗ്: ചെക്ക് റിപ്പബ്ലിക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ഇല്ലാതായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.നാല് പതിറ്റാണ്ട് രാജ്യം ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ തിരഞ്ഞെടുപ്പോടെയാണ് ഈ ദുരവസ്ഥ വന്നത്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ 3.62 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. പ്രാതിനിധ്യം ഉറപ്പാക്കണമെങ്കില്‍ ചുരുങ്ങിയത് 5 ശതമാനം വേണം.ചരിത്രത്തിലാദ്യമായാണ് രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പേര് വെട്ടപ്പെടുന്നത്.
തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വോജ് ടെക് ഫിലിപ്പ് രാജിവച്ചു. 1948 മുതല്‍ 1989ലെ വെല്‍വെറ്റ് വിപ്ലവം വരെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധികാരത്തിന് കീഴിലായിരുന്നു അവിഭക്ത ചെക്കോസ്ലൊവാക്യ. 1989ന് ശേഷം രാജ്യത്ത് പാര്‍ട്ടിയുടെ സ്വാധീനം കുറഞ്ഞ് തുടങ്ങി. 1993ല്‍ രാജ്യം ചെക്, സ്ലൊവാക്യ എന്ന് രണ്ടായി പിരിയുകയായിരുന്നു.
പ്രധാനമന്ത്രി ആന്ദ്രേ ബാബിഷിനും തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായി.ശതകോടീശ്വരനായ ബാബിഷിന്റെ വിദേശനിക്ഷേപ ഇടപാടുകള്‍ പാന്‍ഡോര പേപ്പറിലൂടെ പുറത്ത് വന്ന് ദിവസങ്ങള്‍ക്കുള്ളിലായിരുന്നു വോട്ടെടുപ്പ്. ബാബിഷിന്റെ യെസ് പാര്‍ട്ടി 27.1 ശതമാനം വോട്ടാണ് നേടിയത്. ത്രികക്ഷി ലിബറല്‍ കണ്‍സര്‍വേറ്റീവ് മുന്നണിക്ക് 27.8 ശതമാനം വോട്ട് കിട്ടി. പൈറേറ്റ് പാര്‍ട്ടി, മേയര്‍മാരുടെ സംഘടനയായ സ്റ്റാന്‍ എന്നിവരുടെ മുന്നണിക്ക് 15.6 ശതമാനം വോട്ട് ലഭിച്ചു. ഈ രണ്ട് സഖ്യങ്ങളും ചേര്‍ന്നായിരിക്കും പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത്. കുടിയേറ്റ വിരുദ്ധരായ ഫ്രീഡം ആന്‍ഡ് ഡയറക്ട് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 9.6 ശതമാനം വോട്ട് കിട്ടി.
തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട ആന്ദ്രേ ബാബിഷിന് അദ്ദേഹത്തിന്റെ ഏറ്റവും ശക്തനായ പിന്തുണക്കാരനും രക്ഷകനുമായ പ്രസിഡന്റ് മിലോസ് സെമന്‍ പെട്ടെന്ന് ഗുരുതരമായ അസുഖം ബാധിച്ച് ആശുപത്രിയിലായതും വലിയ ആഘാതമായി.ബാബിഷിന്റെ ഭരണത്തുടര്‍ച്ച തന്നെ ഇതോടെ തകരാറിലായേക്കുമെന്നതാണു നില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.