എല്ലാവര്‍ഷവും ഒക്ടോബര്‍ 11ന് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നു. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗ വിവേചനത്തിനെതിരെ ബോധവല്‍ക്കരണം നല്‍കുന്നതിനുമായാണ് ഈ ദിനം ആചരിക്കുന്നത്. 2012 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഇങ്ങനെയൊരു ദിനം ആചരിച്ചു തുടങ്ങിയത്.
2011 ഡിസംബര്‍ 19ന് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തു ചേര്‍ന്ന സമ്മേളനത്തിലാണ് പെണ്‍കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ഇന്ത്യയുടെ ആദ്യത്തെ വനിത പ്രധാനമന്ത്രിയായി 1966ല്‍ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24നാണ് ദേശീയ പെണ്‍കുട്ടി ദിനമായി ഇന്ത്യ ആചരിക്കുന്നത്. 2008 മുതലാണ് ഇത് നിലവില്‍ വന്നത്.
ലിംഗ വിവേചനമാണ് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാന കാരണം. വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങള്‍ അവര്‍ക്കു നിഷേധിക്കപ്പെടുന്നു. ശൈശവ വിവാഹവും ശാരീരിക പീഡനങ്ങളും ബാലവേലയും അവരുടെ ബാല്യത്തെ ദുരിത പൂര്‍ണമാക്കുന്നു. പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കുന്നതിനും ലിംഗ വിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത് പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന സര്‍ക്കാര്‍ ഇതര സംഘടനയാണ്.
ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബര്‍ 11ന് ആദ്യത്തെ ബാലികാ ദിനം ആചരിച്ചു. 'ഡിജിറ്റല്‍ തലമുറ, നമ്മുടെ തലമുറ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ബാലികാ ദിനത്തിന്റെ വിഷയം. പെണ്‍കുട്ടികള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാനും പെണ്‍കുട്ടികളുടെ ശാക്തീകരണം പ്രോത്സാഹിപ്പിക്കാനും അവരുടെ മനുഷ്യാവകാശങ്ങള്‍ നിറവേറ്റാനും ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എല്ലാ പെണ്‍കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യാസവും മെച്ചപ്പെട്ടതും അന്തസുള്ളതുമായ ജീവിതവും ലഭ്യമാക്കുക എന്ന പ്രതിഞ്ജയോടെയാണ് യുനെസ്‌കോ ഈ ദിവസം ആചരിക്കുന്നത്.
അന്താരാഷ്ട്ര ബാലികാദിനം ആചരിക്കുന്ന ഈ ദിനത്തില്‍ ഒരു കരുത്തുറ്റ പെണ്‍കുട്ടിയെ പരിചയപ്പെടാം. ലക്ഷ്മി അഗര്‍വാള്‍. ഈ പേര് അധികം ആരും തിരിച്ചറിയണമെന്നില്ല. പക്ഷെ അവളുടെ മുഖം പരിചയം ഇല്ലാത്ത ആരും തന്നെ ഉണ്ടാകില്ല. സ്വന്തം ജീവിതം തന്നെ പാഠപുസ്തകമാക്കിയ പെണ്‍കുട്ടി. 2020ല്‍ പുറത്തിറങ്ങിയ ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായ ഛപാക് എന്ന ചിത്രം ലക്ഷ്മിയുടെ ജീവിത കഥ ആധാരമാക്കിയുള്ളതായിരുന്നു.
ഒരിക്കലും ആരും ആരോടും ചെയ്യാന്‍ പാടില്ലാത്തതും സംഭവിക്കാന്‍ പാടില്ലാത്തതുമായ ആസിഡ് ആക്രമണത്തെ അതിജീവിച്ചവളാണ് ലക്ഷ്മി അഗര്‍വാള്‍. ഡല്‍ഹിയിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍പ്പെട്ട ലക്ഷ്മിക്ക് ഒരു ഗായിക ആകണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പതിനഞ്ചാം വയസില്‍ ഉണ്ടായ ആസിഡ് ആക്രമണം ലക്ഷിയുടെ ജീവിതത്തെ മാറ്റിമറിക്കുകയായിരുന്നു. വെറും പതിനഞ്ച് വയസ് മാത്രം പ്രായം. പൂമ്പാറ്റയെപ്പോലെ പറന്നു നടക്കേണ്ട സമയം. നേരിട്ട ക്രൂരമായ അക്രമത്തില്‍ അവള്‍ വീണു പോയില്ല. അതിന് തെളിവാണ് മറ്റുള്ളവര്‍ക്ക് പ്രചോദനമായി ഇന്നും ജീവിക്കുന്ന പുഞ്ചിരി തൂകുന്ന അവളുടെ മുഖം.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 32കാരനായ ഒരാളാണ് ലക്ഷ്മിയുടെ മുഖത്ത് ആസിഡ് ഒഴിച്ചത്. 2005ലാണ് ഈ സംഭവം. 'എനിക്ക് നേരെ ആസിഡ് എറിഞ്ഞപ്പോള്‍, എന്റെ ശരീരം മുഴുവന്‍ ആരോ തീകൊളുത്തിയതു പോലെ തോന്നി. ആസിഡില്‍ എരിയുന്ന എന്റെ ചര്‍മ്മം മുഴുവന്‍ മെഴുക് പോലെ ഒഴുകാന്‍ തുടങ്ങി'' ഒരു അഭിമുഖത്തില്‍ ലക്ഷ്മി തന്റെ അനുഭവം പങ്കുവെച്ചത് ഇങ്ങനെയാണ്.
'ആക്രമണത്തിന് ശേഷം ആദ്യമായി എന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍, എല്ലാം നശിച്ചതായി തോന്നി.' ലക്ഷ്മി പറയുന്നു. ആസിഡ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2006ല്‍ ലക്ഷ്മി ഒരു പൊതു താല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. 2013 ജൂലൈ 18ന് ഇവര്‍ക്ക് അനുകൂലമായി വിധി വന്നു. 18 വയസായവര്‍ക്ക് മാത്രമേ ആസിഡ് വില്‍ക്കാവൂ എന്നും ഉത്തരവില്‍ പറഞ്ഞു. ലക്ഷ്മി ഇപ്പോള്‍ സ്റ്റോപ്പ് സെല്‍ ആസിഡിന്റെ ഫൗണ്ടര്‍ കൂടിയാണ്. ആസിഡ് അക്രമത്തിനും ആസിഡ് വില്‍പനയ്ക്കുമെതിരായ ക്യാമ്പയിനാണ് അവര്‍ നടത്തുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള പല കാടന്‍ ആചാരങ്ങളും ഇന്നും മുറ തെറ്റാതെ നമ്മുടെ നാട്ടില്‍ നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കോ പെണ്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കോ ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഇതിനെല്ലാം പ്രതിവിധി ഉണ്ടായെങ്കിലേ സ്ത്രീ സ്വാതന്ത്രയാവുകയുള്ളു. അവരുടെ നല്ല നാളേക്ക് വേണ്ടി ഓരോ പൗരനും പ്രവര്‍ത്തിക്കേണ്ടതുണ്ട്. അവള്‍ വളരട്ടെ... പഠിക്കട്ടെ അവളുടെ ചിന്തകളുടെയും സ്വപ്നങ്ങളുടെയും ചിറക് അരിയാതിരിക്കൂ...!
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.