പുരാവസ്തു മോഷണത്തിലൂടെ പണം സാമ്പാദിച്ച ഐഎസ് ധനകാര്യ മേധാവി പിടിയില്‍

പുരാവസ്തു മോഷണത്തിലൂടെ പണം സാമ്പാദിച്ച ഐഎസ് ധനകാര്യ മേധാവി പിടിയില്‍

ബാഗ്ദാദ്: ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) ധനകാര്യ വിഭാഗത്തിന്റെ മേധാവി സമീ ജാസീം പിടിയില്‍. വിദേശ രാജ്യത്തു വച്ചാണ് ഇയാളെ ഇറാഖി സുരക്ഷാസേനയും രഹസ്യാന്വേഷണ ഏജന്‍സികളും ചേര്‍ന്ന് പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. സങ്കീര്‍ണമായ ഓപ്പറേഷനിലൂടെയാണ് സമീ ജാസീമിനെ പിടികൂടിയതെന്ന് ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി ട്വീറ്റ് ചെയ്തു.

സമീ ജാസീം പിടിയിലായെന്ന് ഇറാഖ് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ജാസിമിനെ ചോദ്യം ചെയ്യല്‍ നടപടികള്‍ക്ക് വിധേയമാക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രാജ്യത്തിന് പുറത്ത് നിന്നാണ് ജാസിമിനെ പിടികൂടിയതെന്ന് അറിയിച്ചെങ്കിലും എവിടെ നിന്നാണ് ഇയാളെ പിടികൂടിയതെന്നും അധികൃതര്‍ അറിയിച്ചിട്ടില്ല.

കൊല്ലപ്പെട്ട ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദി കഴിഞ്ഞാല്‍ ഐഎസിലെ രണ്ടാമനാണ് ജാസീം. ഇയാളെ ജീവനോടെ പിടിക്കാന്‍ കഴിഞ്ഞത് ഐഎസിനെതിരായ പോരാട്ടത്തില്‍ വലിയ നേട്ടമായിട്ടാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

രാജ്യത്തിന് പുറത്തെ രഹസ്യ കേന്ദ്രം കണ്ടെത്തി അവിടെ എത്തിയാണ് ജാസിമിനെ പിടികൂടിയതെന്ന് ഇറാഖ് സര്‍ക്കാര്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് പിടിയിലായ ഇയാളെ അഞ്ച് ദിവസം മുന്‍പ് ഇറാഖിലെത്തിച്ചു. ഇയാളെ മോചിപ്പിക്കാനുള്ള നീക്കം ഐഎസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നതിനാല്‍ ജാസിമിനെ പാര്‍പ്പിച്ചിരിക്കുന്നത് അതീവ സുരക്ഷയുള്ള ജയിലിലാണ്. സൈന്യം അതീവ ജാഗ്രതയിലാണുള്ളതെന്ന് ഇറാഖി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമീ ജാസീം പിടിയിലായതോടെ ഐഎസിന്റെ സാമ്പത്തിക അടിത്തറയിളകുമെന്ന വിലയിരുത്തലിലാണ് അധികൃതര്‍. വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് നടത്തിയിരുന്ന നീക്കങ്ങളില്‍ പങ്കാളിയായിരുന്ന ജാസിം 2014ല്‍ അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നു പിന്മാറുകയും ഐഎസിന്റെ ഖജനാവ് സൂക്ഷിപ്പ് ചുമതല ഏറ്റെടുക്കുകയുമായിരുന്നു.

ഐഎസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം കണ്ടെത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ലോകത്താകെയുള്ള ഐഎസ് അനുഭാവികളില്‍ നിന്നും സംഭാവനകള്‍ കൃത്യമായി സ്വരൂപിക്കുകയും അതിനൊപ്പം ബാങ്കുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ആളുകളെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയും ചെയ്തു. ആളുകളെ തട്ടിക്കൊണ്ട് പോകുന്നതിന് നേതൃത്വം വഹിച്ചത് ജാസിം ആയിരുന്നു.

2014-ല്‍ സിറിയായിലും ഇറാഖിലും ഐഎസ് പ്രധാന ശക്തിയായി തീര്‍ന്നതോടെ അനധികൃത എണ്ണ - വാതക വില്‍പ്പനയിലൂടെയും പണം കണ്ടെത്തി. ഇറാഖിലെയും സിറിയയിലെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിര്‍മ്മിതികള്‍ തകര്‍ക്കുകയും അവിടെ നിന്നും കടത്തിക്കൊണ്ട് വന്ന പുരാവസ്തുക്കള്‍ വിവിധ രാജ്യങ്ങളിലേക്ക് രഹസ്യമായി വില്‍പ്പന നടത്തി വന്‍തോതില്‍ പണം സമാഹരിക്കുകയും ചെയ്തു. അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വിശ്വസ്തനായി തീര്‍ന്നതോടെ ജാസിമിനെ അന്താരാഷ്ട്ര ഭീകരനായി 2015ല്‍ അമേരിക്ക പ്രഖ്യാപിച്ചു. ഇയാളുടെ തലയ്ക്ക് അഞ്ച് മില്യണ്‍ ഡോളറാണ് അമേരിക്ക വിലയിട്ടത്. 2019-ല്‍ സിറിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.