വെള്ളച്ചാട്ടത്തില്‍ കയാക്കിങ്ങിനു ശ്രമം; ഓസ്‌ട്രേലിയയില്‍ എട്ടു വയസുകാരനെ കാണാതായിട്ടു നാലു ദിവസം

വെള്ളച്ചാട്ടത്തില്‍ കയാക്കിങ്ങിനു ശ്രമം; ഓസ്‌ട്രേലിയയില്‍ എട്ടു വയസുകാരനെ കാണാതായിട്ടു നാലു ദിവസം

പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഫേണ്‍ഹൂക്ക് വെള്ളച്ചാട്ടം കാണാനെത്തിയ കുടുംബത്തിലെ എട്ടു വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ നാലു ദിവസം പിന്നിടുന്നു. ഞായറാഴ്ച രാവിലെയാണ് കുട്ടിയെ വെള്ളച്ചാട്ടത്തിനു സമീപം കാണാതായത്. നാലു ദിവസത്തെ തെരച്ചിലിലും കുട്ടിയെക്കുറിച്ചു യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്.

കുട്ടി വെള്ളച്ചാട്ടത്തിനു മുകളില്‍നിന്നു കയാകിങ്ങിന് ശ്രമിച്ചിരുന്നതായി മുതിര്‍ന്ന സഹോദരന്‍ വെളിപ്പെടുത്തി. ഇതുകൂടാതെ സഹായത്തിനായി നിലവിളിക്കുന്ന ശബ്ദവും കേട്ടതായി സഹോദരന്‍ മൊഴി നല്‍കിയതോടെയാണ് കുട്ടി വെള്ളച്ചാട്ടത്തില്‍ അകപ്പെട്ടെന്ന നിഗമനത്തിലെത്തിയത്.

നദിയില്‍നിന്ന് കയാക്കും തുഴയും നേരത്തെ കണ്ടെടുത്തിരുന്നു. കുട്ടിയെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷകള്‍ മങ്ങി. എട്ട് വയസുകാരന്റെ ശരീരം വീണ്ടെടുക്കാനുള്ള തെരച്ചിലാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്.

കുട്ടി അപകടത്തെ അതിജീവിച്ചതായി കരുതുന്നില്ലെന്നു തെരച്ചിലിനു നേതൃത്വം നല്‍കുന്ന ഗ്രേറ്റ് സതേണ്‍ പോലീസ് സൂപ്രണ്ട് കിം ട്രാവേഴ്‌സ് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് കുത്തൊഴുക്കുള്ള വെള്ളച്ചാട്ടത്തില്‍ തെരച്ചില്‍ നടത്തുന്നത്.


വെള്ളച്ചാട്ടത്തിനു സമീപം തെരച്ചില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തകര്‍

പെര്‍ത്തില്‍ നിന്ന് ഏകദേശം 430 കിലോമീറ്റര്‍ അകലെയുള്ള വാള്‍പോളിലെ മൗണ്ട് ഫ്രാങ്ക്ലാന്‍ഡ് നാഷണല്‍ പാര്‍ക്കിലാണ് ഫേണ്‍ഹൂക്ക് വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനു മുകളില്‍നിന്ന് കയാകിങ് നടത്താന്‍ ആഗ്രഹിക്കുന്നുവെന്ന് കുട്ടി ഞായറാഴ്ച രാവിലെ മൂത്ത സഹോദരനോട് പറഞ്ഞതായി കിം ട്രാവേഴ്‌സ് പറഞ്ഞു.

അവന്‍ തന്റെ ചെറിയ കയാക്കിനെ വെള്ളച്ചാട്ടത്തിന്റെ മുകളിലെത്തിക്കുകയും നുരഞ്ഞൊഴുകുന്ന വെള്ളത്തിലൂടെ സാഹസികമായി തുഴയാനും ആരംഭിച്ചു. തുടര്‍ന്ന് സഹായത്തിനായുള്ള എട്ടു വയസുകാരന്റെ നിലവിളി കേട്ട് വെള്ളച്ചാട്ടത്തിന് അരികില്‍ ഓടിയെത്തിയ സഹോദരന്‍ കാണുന്നത് കയാക്ക് മരത്തില്‍ കുടുങ്ങിക്കിടക്കുന്നതാണ്.

കുട്ടിയുടെ പിതാവും സുഹൃത്തും വെള്ളച്ചാട്ടത്തിനു താഴെയുള്ള കുളത്തില്‍ നടത്തിയ തെരച്ചിലില്‍ ഒരു പാറയ്ക്ക് സമീപമായി മകന്റെ വസ്ത്രവും കണ്ടെത്തി. അവിടെനിന്ന് 200 മീറ്റര്‍ താഴെയായി കയാക്കിന്റെ തുഴ ലഭിച്ചു. കയാക്കിങ്ങിനു ശ്രമിച്ചപ്പോള്‍ കുട്ടി വഴുതിപ്പോയി വെള്ളച്ചാട്ടത്തില്‍ അകപ്പെടുകയായിരുന്നുവെന്നു കിം ട്രാവേഴ്‌സ് പറഞ്ഞു.

സ്‌കൂള്‍ അടച്ചതോടെയാണ് കുടുംബം മൗണ്ട് ഫ്രാങ്ക്‌ലാന്‍ഡ് നാഷണല്‍ പാര്‍ക്കിലെ പ്രശസ്തമായ ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തിയത്.

പോലീസ്, സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസ്, വിമാനങ്ങള്‍, ഡ്രോണ്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവ സംയുക്തമായി റോബോട്ടിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഞായറാഴ്ച മുതല്‍ തെരച്ചില്‍ നടത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.