സിഡ്‌നി: താലിബാന്‍ നേതാക്കളെ പങ്കെടുപ്പിച്ച് ഓസ്ട്രേലിയയില്‍ മുസ്ലിം സംഘടന നടത്താനിരുന്ന ഓണ്‍ലൈന്‍ പരിപാടി കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് ഉപേക്ഷിച്ചു. അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ കുപ്രസിദ്ധരായ താലിബാന്‍ നേതാക്കളെ പങ്കെടുപ്പിച്ച് ശനിയാഴ്ച്ച നടത്താനിരുന്ന പ്രഭാഷണമാണ് റദ്ദാക്കിയത്. ഓസ്ട്രേലിയന്‍ ഫെഡറേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ (എഎഫ്‌ഐസി) ആണ് പരിപാടിയുടെ സംഘാടകര്‍.
പാനല്‍ അംഗങ്ങളില്‍ ഒരാള്‍ താലിബാന്റെ ഔദ്യോഗിക വക്താവായ ഷെയ്ക്ക് സൊഹൈല്‍ ഷഹീന്‍ ആണ്. മറ്റൊരു പാനല്‍ അംഗമായ ഷെയ്ക്ക് സെയ്ദ് അബ്ദുല്‍ ബാസിര്‍ സാബിരിയും മുതിര്‍ന്ന താലിബാന്‍ നേതാവാണ്.
അഫ്ഗാനിസ്ഥാന്‍ താലിബാന്‍ പിടിച്ചെടുത്തശേഷമുള്ള സമീപകാല സംഭവവികാസങ്ങളെക്കുറിച്ചായിരുന്നു പ്രഭാഷണം. പരിപാടിയെക്കുറിച്ചുള്ള വിവരം മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെതുടര്‍ന്നുണ്ടായ വ്യാപകമായ എതിര്‍പ്പാണ് റദ്ദാക്കാന്‍ കാരണം.
പ്രഭാഷണത്തെക്കുറിച്ച് ഓസ്ട്രേലിയയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി എഎഫ്‌ഐസി പ്രസിഡന്റ് ഡോ. രതീബ് ജ്‌നെയ്ദ് പറഞ്ഞു. ഇതേതുടര്‍ന്നാണ് പരിപാടിയെക്കുറിച്ച് പരസ്യം നല്‍കിയത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുന്നു.
ശക്തമായ എതിര്‍പ്പ് കണക്കിലെടുത്താണ് പരിപാടി റദ്ദാക്കാനുള്ള തീരുമാനം എടുത്തതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റ് അംഗങ്ങളില്‍നിന്നു പോലും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
താലിബാന് ഓസ്ട്രേലിയയില്‍ വേരുറപ്പിക്കാന്‍ ഒരു പ്ലാറ്റ്‌ഫോം അനുവദിക്കാനുള്ള തീരുമാനം ന്യായീകരിക്കാനാവില്ലെന്നു സെനറ്റര്‍ പെന്നി വോങ് വ്യക്തമാക്കി.
'സ്ത്രീകള്‍, പെണ്‍കുട്ടികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരുള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ സാധാരണ ജനങ്ങള്‍ക്കെതിരെയുള്ള അതിഭീകരമായ അതിക്രമങ്ങള്‍ക്ക് താലിബാന്‍ ഉത്തരവാദികളാണെന്നു പെന്നി വോങ് കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിച്ച ഓസ്ട്രേലിയക്കാര്‍ക്കും അഭയം തേടി ഇവിടെയെത്തിയ പതിനായിരക്കണക്കിന് അഫ്ഗാനികള്‍ക്കും ഇത് അത്യധികം ബുദ്ധിമുട്ടുണ്ടാക്കുന്ന പരിപാടിയാണ്.
എതിര്‍പ്പ് ശക്തമായതിനെതുടര്‍ന്ന് പരിപാടിയുമായി മുന്നോട്ട് പോകണോ എന്ന് ആലോചിക്കാന്‍ സംഘാടകരെ പ്രേരിപ്പിപ്പിച്ചതായി ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തി.
താലിബാനെ വെള്ളപൂശാനുള്ള ശ്രമത്തിനെതിരേ മുസ്ലീം അഭിഭാഷകരും രംഗത്തുവന്നു. താലിബാന്‍ നേതാക്കളെ സ്വാഗതം ചെയ്യാനുള്ള തീരുമാനത്തെ വിനാശകരമെന്നാണ് ഡീക്കിന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഷര്‍ഹറാം അക്ബര്‍സാദെ ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചത്.
താലിബാന്‍ നേതാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു വേദി നല്‍കിയത് ഭയപ്പെടുത്തുന്നതാണെന്ന് 1990-കളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത അഭിഭാഷകന്‍ സിത്രാ മുഹമ്മദി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.