ഉത്രവധക്കേസ്: അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്ത

ഉത്രവധക്കേസ്: അന്താരാഷ്ട്ര മാധ്യമങ്ങളിലും വലിയ വാര്‍ത്ത

സിഡ്‌നി: സമൂഹ മാനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസ് വിധി പ്രധാന വാര്‍ത്തയായി നല്‍കി അന്താരാഷ്ട്ര മാധ്യമങ്ങളും. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി കോടതി വിലയിരുത്തിയ ഉത്ര വധക്കേസ് ബി.ബി.സി, എ.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായി. സമാനതകളില്ലാത്ത കുറ്റകൃത്യത്തിന്റെ സ്വഭാവ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി ഉത്ര കേസ് റിപ്പോര്‍ട്ട് ചെയ്തത്.

ഭാര്യയെ മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഭര്‍ത്താവ് സൂരജിനെ കോബ്ര കില്ലര്‍ എന്നാണ് എ.ബി.സി വാര്‍ത്തയുടെ തലക്കെട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പാമ്പ് പിടിത്ത വിദഗ്ധനായ വാവ സുരേഷിന്റെ നിഗമനങ്ങളും വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇന്ത്യയില്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ മൂന്നു കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായ രണ്ട് കേസുകളിലും പ്രതികളെ വിട്ടയച്ചിരുന്നു. മൂന്നാമത്തേതാണ് ഉത്ര വധക്കേസ്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആദ്യ കേസും. സമീപ കാലത്തൊന്നും കേരളത്തില്‍ ഇത്രയും പൈശാചികമായ ഒരു കൊലപാതകം നടന്നിട്ടില്ല. ഒരിക്കല്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു. നടന്നില്ല. അതിന്റെ വേദനയും ദുരിതവും സഹിച്ച് എഴുന്നേറ്റു നടക്കാന്‍ പോലും സാധിക്കാതെ പ്രയാസപ്പെടുമ്പോഴാണ് വീണ്ടും മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചു കൊന്നത്.


എ.ബി.സി ന്യൂസില്‍ പ്രസിദ്ധീകരിച്ച ഉത്ര വധക്കേസ് വാര്‍ത്ത

2020 മേയ് ഏഴിനാണ് കൊല്ലം അഞ്ചലില്‍ 25 വയസുകാരിയായ ഉത്രയെ സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.