മോൻസൺ തട്ടിപ്പ് കേസ്; അനിതയും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്

മോൻസൺ തട്ടിപ്പ് കേസ്; അനിതയും ഐജി ലക്ഷ്മണും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത്

കൊച്ചി: പുരാവസ്തു വിൽപ്പനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ സുഹൃത്തായിരുന്ന വിദേശ മലയാളി വനിത അനിത പുല്ലയിലും ഐജി ലക്ഷ്ണും തമ്മിലുള്ള ചാറ്റിന്റെ വിവരങ്ങള്‍ പുറത്ത്. കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായ കാര്യം ഐജി ലക്ഷ്മണിനെ അറിയിച്ചത് അനിത പുല്ലയിലാണെന്നാണ് ചാറ്റ് വ്യക്തമാക്കുന്നത്.

മോന്‍സനുമായി പിണങ്ങിയതിന് ശേഷമുള്ള സംഭാഷണങ്ങളാണ് പുറത്ത് വന്നത്. പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കൽ അറസ്റ്റിലായതിന് പിന്നാലെ സെപ്റ്റംബർ 25ന് രാത്രി 9.30 ശേഷം നടന്നിട്ടുള്ള വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇന്ന് വൈകുന്നേരം മോൻസ് അറസ്റ്റിലായി എന്ന് അനിത പുല്ലയിൽ ലക്ഷ്മണിനോട് പറയുന്നു. ഇതിന് ലക്ഷ്മൺ നൽകിയ മറുപടി ഡിലീറ്റ് ചെയ്ത നിലയിലാണ്.

മോൻസണെക്കുറിച്ച് മുൻ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ രണ്ട് വർഷം മുമ്പ് സംശയം പ്രകടിപ്പിച്ചിരുന്നുവെന്ന് അനിത ലഷ്മണിനോട് പറയുന്നു. മോൻസണ് എന്തുതരം ഇടപാടാണെന്ന് രണ്ട് വർഷം മുമ്പ് ബെഹ്റ ചോദിച്ചിരുന്നുവെന്നും അവർ പറയുന്നു. നിര്‍ണായക വിവരം പങ്കുവെച്ചതിന് ഐജി ലക്ഷ്മണ്‍ അനിത പുല്ലയിലിന് നന്ദി അറിയിക്കുന്നുണ്ട്.

ഇതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ മോൻസൺ മാവുങ്കലിന്റെ മ്യൂസിയം സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതും പരിചയപ്പെടുത്തിയതും അനിത പുല്ലയിലാണ്. പല ഉന്നതരേയും മോൻസണ് പരിചയപ്പെടുത്തിയത് അനിതയായിരുന്നു.

നേരത്തെ കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അനിത ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അനിത പുല്ലയിലിന് അറിയാമെന്ന വിലയിരുത്തലിലാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.