പിഞ്ചോമനകള്‍ക്കായി മുറി ഒരുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം ?

പിഞ്ചോമനകള്‍ക്കായി മുറി ഒരുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം ?

വീട്ടിലെ പിഞ്ചോമനകള്‍ക്കായി ഒരു പ്രത്യേക മുറി ഒരുക്കി കൊടുക്കുമ്പോള്‍ മാതാപിതാക്കള്‍ കുറെയേറെ കാര്യങ്ങള്‍ ശ്രദ്ധിക്കും. കുട്ടികളെ സന്തോഷിപ്പിക്കുന്ന അവര്‍ ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരു മുറി വേണം ഒരുക്കി കൊടുക്കാന്‍. കുട്ടികള്‍ക്കായി ഒരു കിടപ്പുമുറി രൂപകല്‍പ്പന ചെയ്തു അലങ്കരിക്കുമ്പോള്‍ ഓര്‍മിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കിന്നിവിടെ കണ്ടെത്താം.

കുട്ടികള്‍ക്കായി തയ്യാറാക്കുന്ന മുറി അത്യാവശ്യം വിശാലമായിരിക്കുന്നത് നല്ലതാണ്. മറ്റുള്ള മുറികള്‍ പോലെ ഫര്‍ണിച്ചറുകള്‍ കുന്നുകൂട്ടിയിട്ട് ഈ മുറി നിറക്കേണ്ട ആവശ്യമില്ല. കുട്ടികള്‍ക്ക് ഓടിനടക്കാനുള്ള സ്ഥലം മുറിയില്‍ നല്‍കുന്നത് ഏറ്റവും നല്ലതായിരിക്കും. കുട്ടികള്‍ക്ക് കയ്യിലുള്ള നിരവധി കളിപ്പാട്ടങ്ങളും പുസ്തകങ്ങളും ഒക്കെ ഒരുക്കി വെക്കുന്നത് പോലുള്ള കാര്യങ്ങളില്‍ ഇത് പ്രയോജനം ചെയ്യും.

ഒരു കുട്ടിക്ക് വേണ്ടി മാത്രമുള്ള മുറിയാണെങ്കില്‍ ബെഡ് സൈസ് പരമാവധി കുറയ്ക്കുക. വേണമെങ്കില്‍ സ്ഥലം ലഭിക്കാനായി ഒരു സോഫ കം ബെഡ് ആയി മാറുന്ന കിടക്കകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അങ്ങനെയെങ്കില്‍ ചെറിയ മുറി ആണെങ്കില്‍ പോലും മുറിയില്‍ കൂടുതല്‍ സ്ഥലം ലഭിക്കുകയും ചെയ്യും. കുട്ടിക്ക് ഓടിച്ചാടി നടക്കാനും കളിക്കാനും എല്ലാം കൂടുതല്‍ ഫ്‌ളോര്‍ സ്‌പേസ് ലഭിക്കുകയും ചെയ്യും.

മറിച്ച് ഒന്നില്‍ കൂടുതല്‍ കുട്ടികള്‍ മുറി പങ്കിടുന്നുണ്ടെങ്കില്‍, ഒരു മര്‍ഫി ബെഡ് പോലുള്ളവ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. മര്‍ഫി ബെഡ് ഉറങ്ങുന്ന സമയത്ത് ഒരു കിടക്ക പോലെ ഉപയോഗിക്കാന്‍ കഴിയുന്നതും ഉപയോഗിച്ചു കഴിഞ്ഞാല്‍ ഒരു മതിലിലേക്ക് മടക്കി വയ്ക്കാന്‍ കഴിയുന്നതുമാണ്.

കുട്ടികളുടെ മുറി എപ്പോഴും അസാധാരണവും അവര്‍ക്ക് ഇഷ്ടപ്പെടുന്നതും ആയിരിക്കണം. സാധാരണ ഒരേ നിറത്തില്‍ പെയിന്റ് ചെയ്ത ചുവരുകളില്‍ നിന്ന് വ്യത്യസ്തമായി കുട്ടികളുടെ മുറികള്‍ കൂടുതല്‍ ആകര്‍ഷകവും അവരുടെ മനസ്സിന് ഇണങ്ങുന്നതുമാക്കി മാറ്റാം. ഇതിനായി വേണമെങ്കില്‍ നിങ്ങള്‍ക്ക് കുട്ടികളുടെ ഇഷ്ട ക്യാരക്ടളുടെ പെയിന്റിംഗുകള്‍ ചെയ്യാം. അതല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തിന്റെ അല്ലെങ്കില്‍ ഒരു സൂപ്പര്‍ഹീറോയുടെ ഇഷ്ടാനുസൃത വാള്‍ പേപ്പര്‍ പുറത്തു നിന്നും വാങ്ങി ചുവരില്‍ പതിപ്പിക്കാം.

അതുപോലെതന്നെ നിങ്ങളുടെ കുട്ടികള്‍ ലെഗോ ചിത്രങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ആണെങ്കില്‍ അവര്‍ ചെയ്ത ചിത്രകലകള്‍ ചുവരുകളില്‍ പതിപ്പിക്കാം. കുട്ടികളിലെ സര്‍ഗ്ഗാത്മകതയും പര്യവേക്ഷണ മനോഭാവവും ഇച്ഛാശക്തിയുമൊക്കെ മെച്ചപ്പെടുത്താനുള്ള ഒരു മികച്ച മാര്‍ഗം കൂടിയാണിത്.

കുട്ടിയുടെ മുറിയിലേക്ക് ഒരു പഠന മേശ ഏറ്റവും ആവശ്യം തന്നെയാണ്. മുറിയില്‍ തനിക്ക് പഠിക്കാനായി ഒരു പഠന മേശ ഇല്ലാത്ത കുട്ടികള്‍ ഓരോ തവണയും പഠിക്കുന്ന സമയങ്ങളില്‍ വീട്ടിലെ കട്ടിലില്‍, തറയില്‍, ഡൈനിംഗ് ടേബിളില്‍ തുടങ്ങിയവ ഇടങ്ങളില്‍ ഇരിക്കുന്നത് പലപ്പോഴും നിങ്ങള്‍ക്ക് കാണേണ്ടി വരും. മോശം കാര്യം അല്ലെങ്കില്‍ കൂടി ഇത് ചിലപ്പോള്‍ കുട്ടികളില്‍ വളരെ വിരസമായ പഠന അനുഭവങ്ങള്‍ ഉണ്ടാക്കിയേക്കാം.

പഠിക്കുന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് മടുപ്പ് ഉളവാക്കുന്നത് ഒഴിവാക്കാനായി കുട്ടികളുടെ സ്റ്റഡി ടേബിളില്‍ രസകരമായ ഷെല്‍ഫുകള്‍, നിറങ്ങള്‍, ചിത്രങ്ങള്‍, തുടങ്ങിയവ ചേര്‍ക്കുന്നത് സഹാകിക്കും. കുട്ടിക്ക് ഈയൊരു മേശയില്‍ ഇരുന്ന് പഠിക്കുന്നതിന് താല്‍പ്പര്യമുണ്ടാകുകയും ചെയ്യും. വേണമെങ്കില്‍ കുട്ടികളെ സന്തോഷിപ്പിക്കാനും ആകര്‍ഷിക്കാനുമായി നിങ്ങള്‍ക്ക് പല ആകൃതിയിലുള്ളതും വര്‍ണ്ണാഭവുമായ സ്റ്റഡി ടേബിളുകള്‍ തിരഞ്ഞെടുക്കാം. ഇത്തരത്തില്‍ കുട്ടികളുടെ പഠന സമയം അവര്‍ക്ക് പ്രിയങ്കരമാക്കി മാറ്റാന്‍ കഴിയും.

നിറങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും മനസ്സിന്റെ വികാരങ്ങളെയും ഏറ്റവും മികച്ച രീതിയില്‍ സ്വാധീനിക്കുന്നുണ്ട് എന്ന് പറയപ്പെടുന്നു. കുട്ടികളിലെ തലച്ചോറിന്റെ വികാസം, സര്‍ഗ്ഗാത്മകത, ഉല്‍പാദന ക്ഷമത, പഠനം, എന്നിവയുടെ കാര്യത്തില്‍ നിറങ്ങള്‍ നല്‍കുന്ന പ്രയോജനത്തെ പറ്റി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. നമ്മുടെ മനസ്സിനെയും വികാരങ്ങളെയും മെച്ചപ്പെട്ട രീതിയില്‍ ബാധിക്കുന്നതിനു പുറമേ, മുറിയുടെ അന്തരീക്ഷവും ആകര്‍ഷണീയതയും മനസ്സിന് ഇണങ്ങുന്നതാക്കി തീര്‍ക്കാന്‍ നിറങ്ങള്‍ക്ക് സാധിക്കും.

കുട്ടികളുടെ മുറികള്‍ നല്ല നിറങ്ങള്‍ നല്‍കി അലങ്കരിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഓരോ കുട്ടിയും ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത് അവരുടെ മുറിയില്‍ തന്നെയായിരിക്കും. ഉറങ്ങുമ്പോഴും, പരസ്പരം കൂട്ടുകാരോടൊപ്പം കളിച്ചും, പഠിച്ചും ഒക്കെ അവര്‍ സന്തോഷപൂര്‍വ്വം സമയം ചെലവഴിക്കുന്നത് തങ്ങളുടെ മുറിയില്‍ ആകട്ടെ.

മുഴുവന്‍ ചുവരിലും ഒരൊറ്റ നിറം വരച്ചു ചേര്‍ക്കുന്ന പരമ്പരാഗത രീതിയില്‍ രീതിയില്‍ നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പല നിറങ്ങളില്‍ മുറി കളര്‍ ചെയ്യാം. ചുവരില്‍ പാറ്റേണുകളും ആകൃതികളും വരച്ചുചേര്‍ത്ത് വ്യക്തമാക്കുകയും ചെയ്യാം.

സ്വപ്നങ്ങള്‍ കണ്ടുറങ്ങാനായി കുട്ടികള്‍ക്ക് നക്ഷത്രങ്ങളുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ച സീലിംഗ് ഒരുക്കി കൊടുക്കാം. കുട്ടികള്‍ക്ക് സ്വയം ചിന്തിക്കാനും പഠിക്കാനും കഴിയുന്ന ഒരു ഇടമാക്കി മാറ്റാനായി റൂമില്‍ ചെറിയൊരു ലൈബ്രറി പോലെ ഒരുക്കാം. സ്ഥലം കൂടുതലുണ്ടെങ്കിലോ ചെറിയ കുട്ടികള്‍ ആണെങ്കിലോ അവരെ സന്തോഷിപ്പിക്കാനായി നിങ്ങള്‍ക്ക് രസകരമായ ചെറിയ ഗുഹ പോലെയുള്ള കിടക്കകള്‍ നിര്‍മ്മിക്കാം. നിറയെ പാവകളും ടെഡി ബിയറുകളും കൊണ്ട് മുറി അലങ്കരിക്കാം. ഇത്തരത്തില്‍ നിങ്ങളുടെ കുട്ടിയുടെ മുറിയില്‍ പരീക്ഷിക്കാവുന്ന ഭാവനാപരമായ നിരവധി കാര്യങ്ങള്‍ നിങ്ങള്‍ക്കു തന്നെ കണ്ടെത്തി ചെയ്യാവുന്നതാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.