മുല്ലപ്പെരിയാര്‍ എന്ന ജലബോംബ് നിര്‍വ്വീര്യമാക്കണം; സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം

മുല്ലപ്പെരിയാര്‍ എന്ന ജലബോംബ് നിര്‍വ്വീര്യമാക്കണം; സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം

ക്തമായ മഴ ഇരുപത്തിനാല് മണിക്കൂര്‍ തുടര്‍ച്ചയായി പെയ്താല്‍ തകര്‍ന്നു പോകുന്ന ഭൂപ്രകൃതിയുള്ള സംസ്ഥാനമാണ് കേരളം. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും മൂലം മലയോര മേഖലകള്‍ തകരുമ്പോള്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങും. ഇതാണ് എല്ലാ ജില്ലകളിലെയും സ്ഥിതി.

ഒരൊറ്റ ദിവസത്തെ മഴ കേരളത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. മഴവെള്ളം നമ്മുടെ സംസ്ഥാനത്തെ പല കഷണങ്ങളാക്കി കീറി മുറിച്ചു. നിരവധി മനുഷ്യ ജീവനുകള്‍ ചെളിയില്‍ പുതഞ്ഞ് അന്ത്യശ്വാസം വലിച്ചു. നൊമ്പരക്കാഴ്ചകള്‍ കണ്ട് വിറങ്ങലിച്ചു നില്‍ക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം.

ഇതിനു പുറമേ ഓരോ മഴക്കാലത്തും മധ്യകേരളത്തിലെ അമ്പതുലക്ഷത്തോളം വരുന്ന ജനങ്ങള്‍ക്ക് ഭയം കര കവിഞ്ഞൊഴുകുകയാണ്. തലയ്ക്കു മുകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന 15 ടിഎംസി വെള്ളവും ഇതിനെ താങ്ങിനിര്‍ത്തിയിരിക്കുന്ന 126 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ടും ജലബോംബായി ജനലക്ഷങ്ങളുടെ ഉറക്കം കെടുത്തുവാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിരിക്കുന്നു. ഈ വസ്തുത അനന്തപുരിയിലെ തമ്പ്രാക്കന്മാര്‍ക്കോ മലബാറിലെ മാടമ്പിമാര്‍ക്കോ മനസിലാക്കാന്‍ കഴിയാത്ത കാര്യമാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് സൃഷ്ടിച്ചേക്കാവുന്ന ദുരന്തത്തെത്തെക്കുറിച്ച് സാങ്കേതിക വിദഗ്ധരുടെ വിശദമായ പഠന റിപ്പോര്‍ട്ടും കാലഹരണപ്പെട്ട ഈ അണക്കെട്ട് വരുത്തിവച്ചേക്കാവുന്ന മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത സാധ്യതയും മുന്നില്‍ നില്‍ക്കുമ്പോള്‍ പോലും തമിഴന്റെ നക്കാപ്പിച്ച വാങ്ങി ജനലക്ഷങ്ങളെ കുരുതികൊടുക്കാന്‍ മടിയില്ലാത്ത ഭരണക്കാരെ ഇനിയും നമ്പി നിന്നിട്ട് കാര്യമില്ലെന്ന് പെരിയാര്‍ തടത്തിലെ ഓരോ മനുഷ്യനും തിരിച്ചറിയണം.

ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി മലയാളികള്‍ ഉണരേണ്ട സമയം അതിക്രമിച്ചെന്ന മുന്നറിയിപ്പ് നല്‍കുവാന്‍ മാത്രമേ ഈ മുഖ പ്രസംഗത്തിലൂടെ ഞങ്ങള്‍ക്ക് കഴിയൂ. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഉത്തരവാദിത്വത്തോടെ സമയോചിതമായി പ്രവര്‍ത്തിക്കേണ്ടത് നാട് ഭരിക്കുന്നവരാണ്. പ്രതിപക്ഷത്തിനും അതിന് കടമയുണ്ട്. ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടത് ചെയ്തില്ലെങ്കില്‍ ചരിത്രത്തിന്റെ ഇതുവരെ കാണാത്ത കറുത്ത ഏടുകളിലായിരിക്കും നിങ്ങളുടെ നാമം കുറിയ്ക്കപ്പെടുക.

നിര്‍മാതാക്കള്‍ വെറും അറുപത് വര്‍ഷത്തെ ആയുസ് കല്‍പ്പിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചിട്ട് ഇന്ന് 126 വര്‍ഷങ്ങള്‍ കഴിഞ്ഞു. ആവശ്യമായ അറ്റകുറ്റപ്പണികള്‍ പോലും നടത്താതെ ഇത് ഇന്നും നിലനില്‍ക്കുന്നു എന്നറിയുമ്പോഴാണ് മധ്യതിരുവിതാംകൂറിനെ ബാധിച്ചിരിക്കുന്ന ഭയത്തിന് അടിസ്ഥാനമുണ്ടെന്ന വസ്തുത തിരിച്ചറിയൂ.

സംഭരണശേഷി 15 ടിഎംസി  അഥവാ 15 ദശലക്ഷം ഖന അടി വെള്ളം എന്നു പറയുമ്പോള്‍ ഒരു ടി.എം.സി വെള്ളത്തിന്റെ വലിപ്പം എത്രയാണെന്ന് സാധാരണക്കാര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഒരു കുബിക് അടിയില്‍ 28 ലിറ്റര്‍ വെള്ളമുണ്ട്. ഇതുവച്ച് 15 ടിഎംസി വെള്ളത്തിന്റെ വലിപ്പം അല്‍പ്പം കൂടി ലളിതമായി പറയാം. ഒരു കിലോമീറ്റര്‍ നീളവും ഒരു കിലോമീറ്റര്‍ വീതിയും നൂറ് അടി ആഴവുമുള്ള ഒരു ടാങ്കില്‍ നിറയ്ക്കാന്‍ കഴിയുന്ന അത്രയാണ് ഒരു ടി.എം.സി വെള്ളം.

ഇതാണ് ഒരു ടി.എം.സി വെള്ളത്തിന്റെ വിലപ്പമെങ്കില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന 15 ടി.എം.സി വെള്ളത്തിന്റെ വലിപ്പം ഊഹിക്കാന്‍ കഴിയുമായിരിക്കും. ഇതിനു താഴെ 70 ടി.എം.സി വെള്ളം ഉള്‍ക്കൊള്ളുന്ന ഇടുക്കി അണക്കെട്ടും അതിനു താഴെയായി 35 ടി.എം.സി വെള്ളം ഉള്‍ക്കൊള്ളുന്ന നിരവധി ചെറുകിട അണക്കെട്ടുകളും ഉള്‍പ്പെടെ 120 ടിഎംസി വെള്ളത്തെ തടഞ്ഞുനിര്‍ത്തിയാണ് പെരിയാര്‍ തടം നിലനില്‍ക്കുന്നത്.

മുല്ലപ്പെരിയാറില്‍ സംഭവിക്കുന്ന എന്ത് അസ്വാഭാവിക ചലനങ്ങളും അതിനു താഴെയുള്ള മുഴുവന്‍ അണക്കെട്ടുകളെയും ബാധിക്കും. ഇത് വരുത്തിവയ്ക്കാവുന്ന ദുരന്തത്തെക്കുറിച്ച് മനസിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. സാമാന്യ ജ്ഞാനം മാത്രം മതി.

150 കൊല്ലം പഴക്കമുള്ള സാങ്കേതിക ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ പണിതിരിക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഗുരുതരമായ പോരായ്മകളാണ് കണ്ടെത്തിയിരിക്കുന്നത്. *ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പഭ്രംശ മേഖലയിലാണ്. *ഭൂകമ്പത്തെ നേരിടാനുള്ള ഒരു മുന്‍കരുതലും ഇതിന്റെ നിര്‍മിതിക്ക് സ്വീകരിച്ചിട്ടില്ല. *ഡാമിന്റെ അടിത്തറ കെട്ടാന്‍ ഡ്രില്ലിംഗ്, ഗ്രൗട്ടിംഗ് എന്നീ ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ചിട്ടില്ല.

*ഡാമിന്റെ അടിയില്‍ നിന്നും ഊറി വരുന്ന ജലം ഒഴുക്കിക്കളയാന്‍ വേണ്ട ഡ്രെയ്‌നേജ് സംവിധാനം ഇല്ല. *ട്രാന്‍സ്വേഴ്‌സ് കണ്‍ട്രാക്ഷന്‍ ജോയിന്റുകളുടെ അഭാവം അണക്കെട്ടിന്റെ ഉറപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. *നിര്‍മാണത്തിന് ഉപയോഗിച്ച സുര്‍ക്കി മിശ്രിതം ചുണ്ണാമ്പ് ലീച്ചിംഗ് പ്രക്രിയ മൂലം (ചുണ്ണാമ്പ് ചോര്‍ച്ച) നഷ്ടപ്പെട്ടിരിക്കുന്നതിനാല്‍ അണക്കെട്ടിന് സംഭവിച്ചിരിക്കുന്ന ഗുരതരമായ ബലക്ഷയം പരിഹരിക്കുന്നതിന് സിമന്റ് കോണ്‍ക്രീറ്റ് ഫലപ്രദമല്ല. *അണക്കെട്ടിനെ പരിപാലിക്കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. അണക്കെട്ടിന്റെ 70 ശതമാനം ഉപകരണങ്ങളും പ്രവര്‍ത്തനക്ഷമമല്ല.

നിര്‍മ്മാണ സമയത്ത് ലോകത്തിലെ ഡാമുകളില്‍ ഏറ്റവും വലുതായിരുന്നു മുല്ലപ്പെരിയാര്‍ ഡാം. സുര്‍ക്കി മിശ്രിതം ഉപയോഗിച്ചു നിര്‍മ്മിച്ചതും ഇന്ന് ലോകത്ത് അവശേഷിക്കുന്നതുമായ ഏക അണക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്. അതിനാല്‍ തന്നെ ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും പഠനങ്ങളും ഗവേഷണങ്ങളും അവഗണിക്കാന്‍ ഈ ഡാമിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളവര്‍ക്ക് സാധിക്കുകയില്ല.

ഐ.ഐ.ടി റൂര്‍ക്കി നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് കൂടിയ തീവ്രതയുള്ള ഭൂകമ്പമുണ്ടായാല്‍ ഉടന്‍ ഡാമിന്റെ ഭിത്തികള്‍ വിണ്ടു കീറുമെന്നാണ്. മുല്ലപ്പെരിയാറിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ 22 ഓളം ഭൂകമ്പ സാധ്യതാ മേഖലകള്‍ ഉണ്ടെന്നും അതിനാല്‍ തീവ്രത കൂടിയ ഭൂകമ്പമുണ്ടായാല്‍ അണക്കെട്ട് പൂര്‍ണമായും തകര്‍ന്നു പോകുമെന്നുമാണ് 2ഡി ഫൈനൈറ്റ് എലമെന്റ് മെത്തേഡ് ഉപയോഗിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പ സാധ്യതകളില്‍ ഏറെ ഗുരുതരമായ സോണ്‍ മൂന്നില്‍ ആണ്. റിക്്ടര്‍ സ്‌കെയിലില്‍ ആറുവരെ ഭൂകമ്പങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണ് സോണ്‍ മൂന്ന്. ഡാമിന്റെ ഇന്നത്തെ ദുര്‍ബലാവസ്ഥയില്‍ നാല് രേഖപ്പെടുത്തുന്ന ഭൂകമ്പം പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം.

2020 ജനുവരി ഒന്നിനും മേയ് 31 നും ഇടയില്‍ 21 ദിവസങ്ങളിലായി 63 ഭൂകമ്പങ്ങള്‍ ഇടുക്കി ജില്ലയില്‍ ഉണ്ടായതായി വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നു. തീവ്രത കുറഞ്ഞ ഭൂകമ്പങ്ങളായിരുന്നു ഇവയെങ്കില്‍ പോലും തീവ്രത ഏറിയ ഭൂകമ്പ സാധ്യതയിലേക്കാണ് ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്.

2020 മേയ് മാസത്തില്‍ കൊച്ചി ആസ്ഥാനമായുള്ള സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് വിവരാവകാശ നിയമനുസരിച്ച് 2014 ലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ച അടിയന്തര സ്വഭാവമുള്ള അറ്റകുറ്റപ്പണികളെപ്പറ്റിയും ഇവാക്കുവേഷന്‍ ടണലിനെപ്പറ്റിയും ഉള്ള വിശദീകരണങ്ങള്‍ രേഖാമൂലം ആവശ്യപ്പെടുകയുണ്ടായി. ഈ കാര്യങ്ങളൊന്നും തങ്ങള്‍ ഇതുവരെയും ചെയ്തിട്ടില്ല എന്നതായിരുന്നു മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിയുടെ അധ്യക്ഷന്‍ നല്‍കിയ വിചിത്രമായ മറുപടി.

ഇത് വെളിവാക്കുന്നത് ഡാം സുരക്ഷിതമായി നിലനിര്‍ത്തുവാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച അടിയന്തര അറ്റകുറ്റപ്പണികള്‍ ആറുവര്‍ഷമായിട്ടും നടത്താത്തിനാല്‍ ഡാം വീണ്ടും ദുര്‍ബലമായിരിക്കുന്നു എന്നാണ്. അതോടൊപ്പം തന്നെ തുടരെത്തുടരെ ഭൂമികുലുക്കം രേഖപ്പെടുത്തുന്ന ഈ പ്രദേശത്ത് സുപ്രീം കോടതി നിര്‍ദ്ദേശിച്ച ഇവാക്കുവേഷന്‍ ടണല്‍ നിര്‍മിക്കാത്തത് കോടതി വിധിയുടെ കടുത്ത ലംഘനം മാത്രമല്ല, ഇന്ത്യയിലെ ഡാം സുരക്ഷാ അഥോറിറ്റിയുടെ എല്ലാ ഡാമുകള്‍ക്കുമുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധവുമാണ്.

1886 ലെ പാട്ടക്കരാര്‍ അനുസരിച്ച് മുല്ലപ്പെരിയാര്‍ ഇറിഗേഷന്‍ പ്രോജക്ടിന്റെ എല്ലാ അറ്റകുറ്റപ്പണികളും തമിഴ്‌നാടിന്റെ ചുമതലയാണ്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച അറ്റകുറ്റപ്പണികള്‍ നടത്താതിരിക്കുന്നതും ആറുവര്‍ഷം കഴിഞ്ഞിട്ടും ടണല്‍ നിര്‍മാണം തുടങ്ങുകപോലും ചെയ്യാത്തതും പാട്ടക്കരാര്‍ വ്യവസ്ഥകളുടെ നഗ്‌നമായ ലംഘനമാണ്.

ആയതിനാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന് ഏറെ അനുകൂലമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. സുരക്ഷാ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി അടുത്ത ആഴ്ച സുപ്രീം കോടതി പരിഗണനയ്‌ക്കെടുക്കുമ്പോള്‍ തമിഴ്‌നാടിന്റെ കരാര്‍ ലംഘനം കൃത്യമായി ബോധ്യപ്പെടുത്താനും അതിലൂടെ 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കാനും വേണ്ട നടപടികളാണ് സര്‍ക്കാര്‍ ഉടനടി സ്വീകരിക്കേണ്ടത്.

പാട്ടക്കരാര്‍ റദ്ദാക്കി തമിഴ്‌നാടിന് ജലം നിഷേധിക്കണമെന്ന് ഒരു മലയാളിയും ആവശ്യപ്പെടുകയില്ല. പുതിയ ഡാം നിര്‍മിച്ചുകൊണ്ട് നിലവിലുള്ള കരാര്‍ തുടരുക മാത്രം മതിയെന്ന വളരെ ഉത്തരവാദിത്വ പൂര്‍ണമായ നിലപാടാണ് കേരളം കൈക്കൊള്ളേണ്ടത്. ഇവിടെ തമിഴ്‌നാടിനുള്ള ആശങ്ക ഇല്ലാതാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ചര്‍ച്ചകള്‍ ആരംഭിക്കുകയും പുതിയ കരാറുകള്‍ സമയബന്ധിതമായി രൂപപ്പെടുത്തുകയും വേണം.

ഏതെങ്കിലും കാരണവശാല്‍ ഡാമിന് അപകടമുണ്ടാകുന്ന പക്ഷം കേരളത്തിലെ അഞ്ച് ജില്ലകള്‍ ശവപ്പറമ്പായി മാറും എന്ന കാര്യം അധികാരികള്‍ മറക്കരുത്. അതോടൊപ്പം തമിഴ്‌നാട്ടിലെ തേനി, മധുര, ഡിന്‍ഡിഗല്‍, ശിവഗംഗ, രാമനാഥപുരം എന്നീ ജില്ലകള്‍ വെള്ളമില്ലാതെ മരുഭൂമിയായും മാറും. ഇതാണ് വസ്തുത.

ജനങ്ങളെ ഭയപ്പെടുത്തരുത് എന്നുപറഞ്ഞ് സത്യം മറച്ചുവച്ചു കൊണ്ട് ജന ജീവിതത്തിന് ഭീഷണിയായി നില്‍ക്കുന്ന ഈ ഡാമിനെ നിലനിര്‍ത്താന്‍ അധികാരികള്‍ കാണിക്കുന്ന വ്യഗ്രത, തമിഴന്‍ സമയാസമയങ്ങളില്‍ നല്‍കിക്കൊണ്ടിരിക്കുന്ന കൈമടക്കിന്റെ കനം കൊണ്ടാണ് എന്ന് ജനം പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ സര്‍ക്കാരിനും ഭരണ, പ്രതിപക്ഷ നിരകളിലുള്ളവര്‍ക്കും കഴിയുമോ?

ലോകത്ത് എവിടെയും നിര്‍മ്മിച്ചിട്ടുള്ള കാലഹരണപ്പെട്ട അണക്കെട്ടുകളെല്ലാം പുനര്‍ നിര്‍മിക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്തിട്ടുണ്ട്. ഏതു മനുഷ്യ നിര്‍മ്മിതിക്കും ഒരു സമയ പരിധിയുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണത്. മുല്ലപ്പെരിയാറിനും അത് ബാധകമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.