ബ്രിസ്ബന്‍ എയര്‍പോര്‍ട്ടില്‍ ചുഴലിക്കാറ്റ്; അഞ്ചു വിമാനങ്ങള്‍ റദ്ദാക്കി; മഴയും കാറ്റും നാളെയും തുടരും

ബ്രിസ്ബന്‍ എയര്‍പോര്‍ട്ടില്‍ ചുഴലിക്കാറ്റ്; അഞ്ചു വിമാനങ്ങള്‍ റദ്ദാക്കി; മഴയും കാറ്റും നാളെയും തുടരും

ബ്രിസ്ബന്‍: ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തെ ബ്രിസ്ബന്‍ എയര്‍പോര്‍ട്ടിനു സമീപം ഇന്ന് പുലര്‍ച്ചെ വീശിയ ശക്തമായ ചുഴലിക്കാറ്റിലും കനത്ത മഴയിലും നാശനഷ്ടം. ആളപായമില്ല. കൊടുങ്കാറ്റിനെതുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും വിമാന സര്‍വീസുകള്‍ വൈകുകയും ചെയ്തു. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി ബ്രിസ്ബന്‍ എയര്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ അറിയിച്ചു. അഞ്ച് വിമാനങ്ങള്‍ റദ്ദാക്കി.

കൊടുങ്കാറ്റ് മന്ദഗതിയില്‍ കിഴക്കോട്ട് നീങ്ങിയശേഷം മൊറേട്ടന്‍ ബേയില്‍ എത്തിയപ്പോള്‍ മുന്നറിയിപ്പ് റദ്ദാക്കി. ഇടിമിന്നലോടു കൂടിയാണ് ബ്രിസ്ബന്‍ എയര്‍പോര്‍ട്ടിന് സമീപം ചുഴലിക്കാറ്റ് വീശിയത്. ഇന്ന് രാവിലെ ഒരു മണിക്കൂറിനുള്ളില്‍ 101 മില്ലിമീറ്റര്‍ മഴയാണ് വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മരങ്ങള്‍ കടപുഴകിയത് ഉള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ പരിസരത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നിരവധി വിമാനസര്‍വീസുകള്‍ കുറച്ചുസമയത്തേക്കു നിര്‍ത്തിവയ്ക്കാന്‍ കൊടുങ്കാറ്റ് കാരണമായി. ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടം വിലയിരുത്താനും പരിഹരിക്കാനും വിമാനത്താവളം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബ്രിസ്ബന്‍ എയര്‍പോര്‍ട്ട് വക്താവ് റേച്ചല്‍ ബ്രോണിഷ് പറഞ്ഞു.


ചുഴലിക്കാറ്റില്‍ ബ്രിസ്ബന്‍ എയര്‍പോര്‍ട്ടിനു സമീപമുള്ള കാര്‍ പാര്‍ക്കിംഗില്‍ മരം കടപുഴകിവീണ നിലയില്‍.

ബ്രിസ്ബന്‍ വിമാനത്താവളത്തില്‍നിന്നു യാത്ര ചെയ്യാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ഫ്‌ളൈറ്റുകളുടെ തല്‍സ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് റേച്ചല്‍ ബ്രോണിഷ് അഭ്യര്‍ഥിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി ഗോള്‍ഡ് കോസ്റ്റ്, റെഡ്ലാന്‍ഡ് സിറ്റി എന്നിവിടങ്ങളില്‍ ശക്തമായ ഇടിമിന്നല്‍ ഉണ്ടാകുമെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് റദ്ദാക്കി.

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയ്ക്ക് കാരണമായ ഉള്‍നാടന്‍ ന്യൂനമര്‍ദ്ദം നാളെ വരെ തുടരുമെന്നാണ് പ്രവചനം.

ബ്രിസ്ബനിലും പരിസരപ്രദേശങ്ങളിലും ഇന്നലെ 60 മുതല്‍ 70 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചതായി സീനിയര്‍ ഫോര്‍കാസ്റ്റര്‍ റോഡ് ഡിക്‌സണ്‍ പറഞ്ഞു. ശനിയാഴ്ചയും കനത്ത മഴയും ഇടിമിന്നലും തുടരും. പ്രത്യേകിച്ച് നാളെ ഉച്ചതിരിഞ്ഞ് ഇടിയോടുകൂടിയ കാറ്റിനും ശക്തമായ മഴയ്ക്കും മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.


ക്വീന്‍സ്‌ലാന്‍ഡിന്റെ ചില ഭാഗങ്ങളില്‍ ചൊവ്വാഴ്ച്ച പൊഴിഞ്ഞുവീണ മഞ്ഞുകട്ടകള്‍.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി, ക്വീന്‍സ്‌ലാന്‍ഡ് സംസ്ഥാനത്തുടനീളം മഞ്ഞുവീഴ്ച്ച പതിവായിരിക്കുകയാണ്. ചൊവ്വാഴ്ച, മാക്കെയില്‍ 16 സെന്റീമീറ്റര്‍ വലിപ്പമുള്ള മഞ്ഞുകട്ട ലഭിച്ചു. ഈ വലിപ്പം ലോക റെക്കോര്‍ഡാണെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.