തൊടിയും പറമ്പും ഒരുക്കാം; ശീതകാല പച്ചക്കറികൾ നട്ട് തുടങ്ങാം

 തൊടിയും പറമ്പും ഒരുക്കാം; ശീതകാല പച്ചക്കറികൾ നട്ട് തുടങ്ങാം

കേരളത്തിൽ ശീതകാല വിളകളായ കാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, കോളിഫ്ളവർ, ബ്രോക്കോളി, ഫ്രഞ്ച് ബീൻസ് തുടങ്ങിയവയുടെ കൃഷിക്കാലമാണിനി. കൂടാതെ സവാളയും കൃഷിചെയ്യാം. 30-35 ഡിഗ്രി പകൽച്ചൂടിലും 20-25 ഡിഗ്രി രാത്രിച്ചൂടിലും വളരാൻ കഴിവുള്ള ശീതകാലപച്ചക്കറികളുടെ പുതിയ ഇനങ്ങളുണ്ട്. കേരളത്തിലെവിടെയും സമതലങ്ങളിൽ താരതമ്യേന തണുപ്പ് കിട്ടുന്ന ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ശീതകാലപച്ചക്കറികൾ തൊടിയിലും പറമ്പിലും മട്ടുപ്പാവിലും വളർത്താൻ യോജിച്ച കാലം.

കാബേജും കോളിഫ്ളവറും ഹ്രസ്വകാലവിളകളാണ്. തൈ നട്ട് രണ്ടു-രണ്ടര മാസം മതി വിളവെടുപ്പിന്. തുലാമഴ തീരുന്ന ഒക്ടോബർ-നവംബറോടെ കൃഷി തുടങ്ങാം. മുളയ്ക്കാൻ 4-5 ദിവസം മതി. 20-25 ദിവസമാകുമ്പോൾ ഇളക്കി നടാം. നല്ല പ്രോട്രേ തൈകൾ തന്നെ വാങ്ങാൻ കിട്ടും.

നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ സ്ഥലമാണ് അനുയോജ്യം. നിലത്തു നടുമ്പോൾ തറയൊരുക്കി കാബേജ് 45 സെന്റിമീറ്റർ ഇടവിട്ടും കോളിഫ്ളവർ 60 സെന്റിമീറ്റർ ഇടവിട്ടും നടണം. ഒരു സെന്റിൽ 150 ഓളം തൈകൾ നടാം. നടുമ്പോൾ യൂറിയ, രാജ്ഫോസ്, പൊട്ടാഷ് എന്നിവയും മണ്ണിരക്കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക്, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി തുടങ്ങിയ ജൈവവളങ്ങളും തുടർവളർച്ചയ്ക്ക് ചേർക്കാം. 60-85 ദിവസംകൊണ്ട് വിളവെടുക്കാം. അധികം വിടരും മുമ്പ് വിളവെടുക്കണം.

അതേസമയം നേരിട്ട് വിത്ത് പാകി വളർത്തുന്ന വിളകളാണ് കാരറ്റ്, ബീറ്റ്റൂട്ട്, റാഡിഷ് അഥവാ മുള്ളങ്കി എന്നിവ. ഉഴുതൊരുക്കിയ കൃഷിയിടത്തിൽ 100 കിലോ എന്ന തോതിൽ ചാണകപ്പൊടി ചേർക്കണം. പത്തുസെന്റീമീറ്റർ അകലത്തിൽ വിത്ത് പാകുന്നു. ഒരാഴ്ച കൊണ്ട് മുളയ്ക്കും. രണ്ടാഴ്ച കഴിഞ്ഞു വളരെ അടുത്ത് വളരുന്ന തൈകൾ ഇളക്കി അകലം ക്രമീകരിക്കണം.

55-60 ദിവസമാകുമ്പോൾ ഇവയുടെ വിളവെടുപ്പാകും. കേരള കാർഷിക സർവകലാശാലയുടെ അഗ്രി ഫൗണ്ട് ഡാർക്ക് റെഡ്, അർക്ക നികേതൻ എന്നീ സവാളയിനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണ്. വിത്ത് പാകി പത്തു സെന്റീമീറ്റർ ഉയരമാകുന്ന തൈകൾ നല്ല സൂര്യപ്രകാശം കിട്ടുന്നിടത്തു നടണം. ചാണകപ്പൊടി, മണ്ണിരക്കമ്പോസ്റ്റ്, കോഴിവളം, പുളിപ്പിച്ചു നേർപ്പിച്ച പിണ്ണാക്ക് ലായനി തുടങ്ങിയവ വളമായി ചേർക്കാം. തൈകൾ പത്തുസെ.മീ അകലത്തിൽ നടണം. തൈകൾ നട്ട് മൂന്നര-നാല് മാസമാകുമ്പോൾ വിളവെടുക്കാം.

ഒരു സെന്റിൽ 25-30 കിലോ വരെ വിളവ് കിട്ടും. അർക്ക കല്യാൺ, അർക്ക പ്രഗതി എന്നീ ചെറിയ ഉള്ളിയിനങ്ങളുണ്ട്. ആറുമുതൽ എട്ടാഴ്ചവരെ പ്രായമുള്ള തൈകളാണ് നടുക. തൃശ്ശൂർ കൃഷിവിജ്ഞാനകേന്ദ്രമാണ് ഉള്ളി, സവാള എന്നിവയുടെ കൃഷിരീതി ശാസ്ത്രീയമായി തയ്യാറാക്കിയത്. ഒരു സെന്റിൽ 1000-1500 ഉള്ളിത്തൈകൾ നടാം. ശാസ്ത്രീയകൃഷിയിൽ 35-40 കിലോവരെ വിളവും പ്രതീക്ഷിക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.