ബീജിങ്:കൊറോണ വൈറസിനെ രാജ്യത്ത് നിയന്ത്രണത്തിലാക്കിയെന്ന ചൈനയുടെ അവകാശ വാദം പൊളിയുന്നതായി സൂചന. തലസ്ഥാനമായ ബീജിങ്ങിലും മറ്റു ചിലയിടങ്ങളിലും കോവിഡ് 19 വീണ്ടും മെല്ലെ പടരുന്നതായാണ് റിപ്പോര്‍ട്ട്. ശീതകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ബീജിങ്ങിലെ രോഗബാധ അതീവ ഉത്ക്കണ്ഠയുണര്‍ത്തുന്നു.
2022 ഫെബ്രുവരി 4-നാണ് ഗെയിമുകള്‍ ആരംഭിക്കുന്നത്. വൈറസിന്റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച 25 വിദഗ്ധരുടെ പട്ടിക തയ്യാറാക്കിയിരുന്നു. ബീജിങ്ങില്‍ രോഗം സ്ഥിരീകരിച്ചത് ഒമ്പതു പേര്‍ക്കാണ്. ഇതില്‍ അഞ്ചു പേരും മംഗോളിയയില്‍ പോയി മടങ്ങിയെത്തിയത് വൈറസ് വാഹകരായാണെന്നു കണ്ടെത്തി. ഇതര പ്രദേശങ്ങളില്‍ പുതുതായി 38 കോവിഡ് രോഗികളെയും കണ്ടെത്തിക്കഴിഞ്ഞു.ചൈനയില്‍ കാര്യങ്ങള്‍ കൈവിടുമോയെന്ന ഭീതി റഷ്യ, ഇന്ത്യ തുടങ്ങിയ അയല്‍ രാജ്യങ്ങളെയും വലയ്ക്കുന്നുണ്ട്.
പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സ്‌കൂളുകള്‍ അടയ്ക്കുകയും രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതി. അതിന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.അതിര്‍ത്തികള്‍ അടച്ചും നീണ്ട ക്വാറന്റൈന്‍ നടപ്പാക്കിയും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയും ചൈന കോവിഡ് പൂജ്യത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തെ ചില പ്രവിശ്യകളിലെങ്കിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2019ല്‍ ചൈനയിലെ വുഹാനിലായിരുന്നു കോവിഡ് ആദ്യമായി കണ്ടെത്തിയത്. പിന്നീട് ലോകമാകെ വ്യാപിക്കുകയായിരുന്നു. കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് രാഷ്ട്രങ്ങള്‍ രോഗപ്പകര്‍ച്ച തടഞ്ഞത്. അതേസമയം രോഗത്തെ അതിവേഗം വരുതിയിലാക്കിയ ചൈന പെട്ടെന്നുതന്നെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തത് അന്താരാഷ്ട്ര വിദഗ്ധരുടെ വിമര്‍ശനം പിടിച്ചുപറ്റിയിരുന്നു.
ശീതകാല ഒളിമ്പിക്‌സിന്റെ പശ്ചാത്തലത്തില്‍ ബീജിങ്ങില്‍ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങി. രണ്ട് ഡോസ് ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഗെയിംസില്‍ പങ്കെടുക്കുന്നവര്‍, സംഘടിപ്പിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ എന്നിവരുള്‍പ്പടെ അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പെട്ട 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും അധിക ഷോട്ടിന് അര്‍ഹതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.