വാരാന്ത്യ കഥ -വിശുദ്ധ പാപി

വാരാന്ത്യ കഥ -വിശുദ്ധ പാപി

പള്ളിയിലേക്കുള്ള ഇടവഴിയിലൂടെ തൻറെ മൊബൈലിലെ ടോർച്ചിൻറെ അരണ്ട പ്രകാശത്തിൽ അച്ചൻ നടന്നു. കൈയിൽ കരുതിയിരുന്ന കുട ഇടയ്ക്കിടെ നിലത്ത് കുത്തി നടക്കവേ പിന്നിൽ നിന്ന് ചെറിയ കാൽപ്പെരുമാറ്റം. അച്ചൻ തിരിഞ്ഞു നോക്കിയപ്പോൾ മദ്യ ലഹരിയിൽ രണ്ട് യുവാക്കൾ."ഏതോ കന്യാസ്ത്രി മഠത്തിന്റെ ചെറ്റ പൊക്കാൻ പോയതാരിക്കും. പാതിരാ ആയപ്പോഴാണോ വരുന്നത് വന്ദ്യ പുരോഹിതാ? ശബദം കേട്ട ഭാഗത്തേക്ക് അച്ചൻ തന്റെ ടോർച്ച് തിരിച്ചു. അവരെ സൂക്ഷിച്ച് നോക്കി. എന്താടോ വിശുദ്ധ പാപീ ,,,, നോക്കി പേടിപ്പിക്കുന്നോ?. നിങ്ങളുടെയൊക്കെ ചരിത്രങ്ങൾ ആ കന്യാസ്ത്രി പറഞ്ഞപ്പോഴാ ഞങ്ങൾക്ക് പിടി കിട്ടിയത്. കാമ വെറി പൂണ്ട പുരോഹിതന്മാർ.,,,,,"

അച്ചൻ ഒന്നും പ്രതികരിച്ചില്ല. ആ ചെറുപ്പക്കാരിൽ ഒരാളെ കണ്ടതും അച്ചൻറെ കണ്ണിലൂടെ തീ പാറുന്നപോലെ ഒരു തോന്നൽ . തൻറെ കൂടെ അൾത്താര ബാലനായി 3 വർഷം ശുശ്രൂഷ ചെയ്ത ബിനോയ്. മറ്റേ വ്യക്തിയെ പരിചയമില്ല. ദാരിദ്ര്യത്തിൻറെ നടുവിൽ ജീവിച്ചിരുന്ന ബിനോയിയുടെ മാതാപിതാക്കളുടെ കണ്ണീരിൽ കരളലിഞ്ഞ് ഇടവകയിലെ യുവജന സഘടനയുടെ സഹകരണത്തോടെ ഏതാനും വർഷങ്ങൾക്ക് മുൻപാണ് അച്ചൻ ഒരു ചെറിയ വീട് നിർമ്മിച്ച് നൽകിയത്.ഒരിക്കൽ കൂടി ബിനോയിയുടെയും കൂട്ടുകാരന്റെയും കണ്ണുകളിലേക്ക് മാറി മാറി നോക്കിയതിന് ശേഷം നിശബ്ദനായി ആ വൈദികൻ പള്ളിമേടയെ ലക്ഷ്യമാക്കി വേഗം നടന്നു.

അന്ന് രാത്രിയിൽ വളരെ വൈകിയാണ് അച്ചൻ പട്ടണത്തിലെ ആശുപത്രിയിൽ നിന്നും ഇറങ്ങിയത്. തന്നെ നൊന്ത് പ്രസവിച്ച പ്രിയപ്പെട്ട 'അമ്മ അത്യാഹിത വിഭാഗത്തിൽ ജീവിതത്തിനും മരണത്തിനുമിടയിൽ മല്ലടിക്കുന്നു. രാവിലെ മുതൽ അച്ചൻ സ്വന്തം അമ്മയുടെ അടുത്ത് നിന്നും മാറിയിട്ടില്ല, അന്നേ ദിവസം ഭക്ഷണവും കഴിച്ചിട്ടില്ല. ഗൾഫിൽ പണിയെടുക്കുന്ന ചേട്ടൻ രാത്രിയിൽ എത്തും എന്ന് പറഞ്ഞിട്ടുണ്ട്. നാളെ രാവിലെ തൻറെ ഇടവകക്കാർക്ക് വേണ്ടി കുർബാന ചെല്ലാൻ വേണ്ടി രാത്രിയിൽ തന്നെ അച്ചൻ തിരികെ പള്ളിയിലേക്ക് തിരിച്ചപ്പോഴേ ചേട്ടത്തി പറഞ്ഞതാ, ഇപ്പോൾ പോകണ്ട രാവിലെ പോകാമെന്ന്. തന്റെ ഇടവക ജനത്തോടുള്ള സ്നേഹത്തെ പ്രതി അച്ചൻ ആ സഹനം ഏറ്റെടുത്താണ് രാത്രിയിൽ തന്നെതിരികെ പോന്നത്.

അച്ചൻ പള്ളിമേടയിൽ എത്തി, തിരിഞ്ഞ് നോക്കുമ്പോഴും അസഭ്യം പറഞ്ഞ് പാട്ടും പാടി ആ രണ്ട് യുവാക്കൾ വളരെ ദൂരത്തുകൂടി അച്ചനെ പിന്തുടരുന്നുണ്ടായിരുന്നു. മുറിയിൽ കയറി കതകടച്ച് അച്ചൻ കർത്തവിന്റെ ക്രൂശിത രൂപത്തിലേക്ക് സങ്കടത്തോടെ നോക്കി. നിന്നോടുള്ള സ്നേഹത്തെപ്രതിയാ വൈദികനായത്. 10 വർഷമായി ഒരു പുരോഹിതന്റെ കുപ്പായമിട്ടിട്ട്, അപവാദങ്ങൾ, ആരോപണങ്ങൾ, കേസുകൾ, സഹനങ്ങളുടെ മുള്ളുകൾ മുഴുവൻ പരാതിയായി പരിദേവനമായി ക്രൂശിതനോട് പറഞ്ഞുകൊണ്ട് ആ ക്രൂശിൽ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു.

വെളുപ്പിനെ കപ്യാര് മരണ മണികൾ മുഴക്കിയപ്പോഴാണ് അച്ചൻ കണ്ണ് തുറന്നത്. കണ്ണുനീർ തുള്ളികൾകൊണ്ട് നനഞ് കുതിർന്ന അച്ചന്റെ കുപ്പായം മാറ്റി മണി മാളികയിൽ മരണ മണി മുഴക്കുന്ന കപ്യാരുടെ അരികിലേക്ക് നടക്കുമ്പോൾ കപ്യാരാച്ചൻ വിളിച്ചുപറഞ്ഞു അച്ചോ ഇന്നലെ പാതിരാത്രിയിൽ നമ്മുടെ വലിയതറയിലെ ബിനോയ് പാമ്പ് കടിയേറ്റ് മരിച്ചു. ഒന്നും മിണ്ടാനാകാതെ അച്ചൻ പള്ളിമേടയ്ക്ക് മുൻപിലെ കുരിശു രൂപത്തിന് മുൻപിൽ മുട്ടുകുത്തി.

(ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികമല്ല, പേരുകൾ സാങ്കല്പികം തന്നെ. കേരളത്തിലെ ഒരു ചെറിയ ഗ്രാമത്തിൽ സംഭവിച്ചതാണ് - അവതരണ ശൈലിയിലും ആശയത്തിലും മാറ്റം വരുത്തിയിട്ടുണ്ട് - ജെ കെ )

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.