യുദ്ധഭീതിക്കിടെ സമാധാന സന്ദേശവുമായി അബുദാബി ബിഷപ്പ്; പ്രാർത്ഥനയിൽ ഐക്യപ്പെടാൻ ആഹ്വാനം

യുദ്ധഭീതിക്കിടെ സമാധാന സന്ദേശവുമായി അബുദാബി ബിഷപ്പ്; പ്രാർത്ഥനയിൽ ഐക്യപ്പെടാൻ ആഹ്വാനം

അബുദാബി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മേഖലയിൽ സമാധാനവും അനുരഞ്ജനവും സാധ്യമാക്കാൻ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് സതേൺ അറേബ്യൻ അപ്പസ്തോലിക് വികാരിയേറ്റ് അഭ്യർത്ഥിച്ചു. യുഎഇ, ഒമാൻ, യെമൻ എന്നീ രാജ്യങ്ങളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലിയാണ് വിശ്വാസി സമൂഹത്തിന് ഈ ആഹ്വാനം നൽകിയത്.

ലോകം യുദ്ധഭീതിയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ പ്രാർത്ഥനയിലൂടെയുള്ള ഐക്യദാർഢ്യമാണ് അനിവാര്യമെന്ന് ബിഷപ്പ് സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. മേഖലയിലെ സർവ്വമനുഷ്യരുടെയും സുരക്ഷയ്ക്കും സമാധാനത്തിനുമായി എല്ലാ ദിവസവും ജപമാല ചൊല്ലാനും വിശുദ്ധ കുർബാനകളിൽ പ്രത്യേകമായി പ്രാർത്ഥിക്കാനും അദേഹം വിശ്വാസികളോട് ആവശ്യപ്പെട്ടു.

ആത്മീയമായ കരുത്തോടൊപ്പം തന്നെ പ്രായോഗികമായ മുൻകരുതലുകൾ എടുക്കേണ്ടതിന്റെ ആവശ്യകതയും ബിഷപ്പ് ചൂണ്ടിക്കാട്ടി. അധികാരികൾ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആകുലപ്പെടാതെ ശാന്തമായി തുടരണമെന്നും വിശ്വാസികളെ ഉപദേശിച്ചു.

2022 മെയ് ഒന്നിന് ഫ്രാൻസിസ് പാപ്പയാണ് ബിഷപ്പ് പൗലോ മാർട്ടിനെല്ലിയെ സതേൺ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയായി നിയമിച്ചത്. അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വികാരിയേറ്റ് വഴി മധ്യപൂർവ്വേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നയതന്ത്രപരവും ആത്മീയവുമായ ഇടപെടലുകൾ അദേഹം നിരന്തരം നടത്തിവരികയാണ്.

പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ പത്രോസ്, പൗലോസ്, അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് എന്നിവരുടെയും മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് ബിഷപ്പ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.