'ഞാന്‍ വലിയൊരു ഈശ്വര വിശ്വാസി'; ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് സഞ്ജു

'ഞാന്‍ വലിയൊരു ഈശ്വര വിശ്വാസി'; ഗ്രൗണ്ടിലും ഡ്രസിങ് റൂമിലും മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് സഞ്ജു

കൊല്‍ക്കത്ത: മലയാളി താരം സഞ്ജു സാംസന്റെ ബാറ്റിങ് മികവില്‍ ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍ കടന്നപ്പോള്‍ ദൈവത്തിന് നന്ദി പറഞ്ഞ് ഗ്രൗണ്ടില്‍ സഞ്ജു നടത്തിയ പ്രര്‍ത്ഥന സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.

ബാറ്റ് താഴെ വച്ച്, ഗ്രൗണ്ടില്‍ മുട്ടുകുത്തി, ആകാശത്തേക്ക് കണ്ണുകളുയര്‍ത്തി, രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തി. പിന്നീട് കൈകൂപ്പി, കുരിശ് വരച്ച് എഴുന്നേറ്റു.

ഇതോടെ ക്യാമറക്കണ്ണുകള്‍ സഞ്ജുവിനെ വളഞ്ഞു. ആ മുഖത്തെ ഭാവങ്ങള്‍ ഒപ്പിയെടുക്കാന്‍ മത്സരമായിരുന്നു. ഐസിസി പങ്കുവച്ച ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ മാത്രം രണ്ടര കോടിയോളം ആളുകളാണ് ഇതുവരെ കണ്ടത്. ബിസിസിഐ പങ്കുവച്ച ചിത്രങ്ങള്‍ക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇന്‍സ്റ്റഗ്രാം, വാട്സാപ് സ്റ്റാറ്റസുകളായി ഈ ചിത്രം നിറഞ്ഞു.

ഡ്രസിങ് റൂമിലെത്തിയ ശേഷവും ദൈവത്തിനു നന്ദി പറഞ്ഞ്, മുട്ടുകുത്തി പ്രാര്‍ഥിച്ചു. കരിയര്‍ ബെസ്റ്റ് ഇന്നിങ്സ് പുറത്തെടുക്കാന്‍ സഹായിച്ച ബാറ്റിനെ ചുംബിച്ചു. മത്സരശേഷം ഡിജിറ്റല്‍ ബ്രോഡ്കാസ്റ്റര്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെക്കുറിച്ച് സഞ്ജു വിശദീകരിച്ചു.

വളരെ സവിശേഷമായ നിമിഷമായിരുന്നു അത്. ഞാന്‍ വലിയൊരു ഈശ്വര വിശ്വാസിയാണ്. അത് വളരെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതെനിക്ക് വളരെ പ്രത്യേകതയുള്ള നിമിഷമാണ്. മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേലുമായുള്ള അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

മത്സരത്തില്‍ സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കുന്നതായിരുന്നു. മറ്റ് ബാറ്റര്‍മാര്‍ തുടര്‍ച്ചയായി പുറത്തായി നിരാശ സമ്മാനിച്ചപ്പോള്‍ ഒരറ്റത്ത് അചഞ്ചലനായി ബാറ്റുചെയ്ത സഞ്ജു സാംസണ്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു.

196 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയില്‍ അഭിഷേക് ശര്‍മ (10), ഇഷാന്‍ കിഷന്‍ (10), സൂര്യകുമാര്‍ യാദവ് (18) എന്നിവര്‍ തുടരെത്തുടരെ പുറത്തായി. സഞ്ജുവിന്റെ അപരാജിത ഇന്നിങ്സാണ് വിജയത്തിലേയ്ക്കുള്ള വാതില്‍ തുറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.