കനേഡിയന്‍ തീരത്ത് കപ്പലില്‍ തീ; വിഷ വാതകവും പുകയും പരക്കുന്നു; രക്ഷാ പ്രവര്‍ത്തനം മുന്നോട്ട്

കനേഡിയന്‍ തീരത്ത് കപ്പലില്‍ തീ; വിഷ വാതകവും പുകയും പരക്കുന്നു; രക്ഷാ പ്രവര്‍ത്തനം മുന്നോട്ട്

വിക്ടോറിയ : കനേഡിയന്‍ തീരത്ത് രാസവസ്തുക്കളുമായി പോകുന്നതിനിടെ തീ പിടിച്ച് വിഷവാതകവും പുകയും പുറന്തള്ളി അന്തരീക്ഷ മലനീകരണമുണ്ടാക്കിക്കൊണ്ടിരുന്ന കപ്പലില്‍ അഗ്‌നിശമനസേനയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്. തീ നിയന്ത്രണാധീനമായെന്നും കൂടുതല്‍ അഗ്‌നിശമനസേനാംഗങ്ങളെ കപ്പലില്‍ നിയോഗിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയ നഗരത്തിനടുത്താണ് 50 ടണ്ണിലധികം അപകടകരമായ രാസ വസ്തുക്കളുള്ള കണ്ടെയ്നറുകള്‍ കയറ്റിയ 'സിം കിംഗ്സ്റ്റണ്‍' നങ്കൂരമിട്ടിരിക്കുന്നത്; കാനഡയും അമേരിക്കയും തമ്മിലുള്ള സമുദ്ര അതിര്‍ത്തി അടയാളപ്പെടുത്തുന്ന ജുവാന്‍ ഡി ഫ്യൂക്ക കടലിടുക്കില്‍. തീയും വിഷപ്പുകയും പടരുന്ന സാഹചര്യത്തില്‍ ഈ പ്രദേശത്തെ ഒരു നോട്ടിക്കല്‍ മൈല്‍ ചുറ്റളവില്‍ അടിയന്തര മേഖല പ്രഖ്യാപിച്ചു.

യു.എസ് തീരസേനയുമായി സഹകരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുകയാണെന്ന് കനേഡിയന്‍ തീരസേന അറിയിച്ചു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വാതക ചോര്‍ച്ച കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരേയും രക്ഷപ്പെടുത്തിയെന്ന് കനേഡിയന്‍ തീരസേന അറിയിച്ചു.10 കണ്ടയ്‌നറുകള്‍ക്കാണ് തീ പിടിച്ചത്.അതേസമയം കണ്ടെയ്നറുകളിലെ തീ കപ്പലിലേക്ക് പടര്‍ന്നിട്ടില്ല എന്നും കോസ്റ്റ് ഗാര്‍ഡ് പറഞ്ഞു.

ഹാനികാരകമായ മാരക രാസവസ്തുക്കള്‍ അടങ്ങിയ 40 ഓളം കണ്ടൈനറുകള്‍ കടലിലേക്ക് വീണതായാണ് സൂചന. ഇവ വീണ്ടെടുക്കാനുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. നിലവില്‍ തീരദേശനിവാസികള്‍ക്ക് ഭീഷണിയൊന്നുമില്ലെന്നും എന്നാല്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്നും നാവികസേന അധികൃര്‍ അറിയിച്ചു. അതേസമയം, തീ 'വിഷ വാതകം പുറന്തള്ളുന്നുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ നാവിഗേഷണല്‍ വാണിംഗ്സ് വെബ്‌സൈറ്റിലെ അറിയിപ്പില്‍ പറയുന്നു. സിം കിംഗ്സ്റ്റണ്‍ 2008-ലാണ് നിര്‍മ്മിച്ചതെന്നും അത് മാള്‍ട്ടീസ് പതാകയ്ക്ക് കീഴിലാണ് യാത്ര ചെയ്യുന്നതെന്നും തീപിടുത്തമുണ്ടായപ്പോള്‍ വാന്‍കൂവറിലേക്കുള്ള യാത്രയിലായിരുന്നുവെന്നും വെസല്‍ ഫൈന്‍ഡര്‍ വെബ്‌സൈറ്റ് ഡാറ്റ വ്യക്തമാക്കുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.